ന്യൂഡൽഹി: പാകിസ്താനിൽ നിന്നുള്ള സിനിമകളും വെബ് സീരീസുകളും ഇന്ത്യയിൽ ലഭ്യമാക്കരുതെന്ന് നെറ്റ്ഫ്ലിക്സിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കർശന നിർദേശം. പാകിസ്താന്റെ ആദ്യ നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസായ ‘ജോ ബച്ചേ ഹേൻ സങ് സമേത് ലോ’യുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഡിസംബർ നാലിനാണ് സീരീസ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.
സീരീസിന്റെ ഇന്ത്യയിലെ റിലീസ് സംബന്ധിച്ച് നിരവധി പരാതികളും നിവേദനങ്ങളും മന്ത്രാലയത്തിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് 2025 മേയ് എട്ടിന് പുറപ്പെടുവിച്ച നിർദേശം കർശനമായി പാലിക്കണമെന്ന് നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളും മീഡിയ സ്ട്രീമിങ് സേവനങ്ങളും ഡിജിറ്റൽ ഇടനിലക്കാരും പാകിസ്താനിൽ നിന്നുള്ള ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിർത്തണമെന്നായിരുന്നു അന്നത്തെ നിർദേശം.
ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, വിദേശരാജ്യങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിച്ചേക്കാവുന്ന ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന ഐടി ചട്ടം 2021-ലെ ധാർമിക പെരുമാറ്റച്ചട്ടവും മന്ത്രാലയം ചൂണ്ടിക്കാട്ടി. 2025 ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ദേശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയായിരുന്നു കേന്ദ്രം ഈ നിർദേശം പുറപ്പെടുവിച്ചത്.
ഇന്ത്യയിലെ വരിക്കാർക്ക് പാകിസ്താനിൽ നിന്നുള്ള സിനിമകളോ സീരീസുകളോ ലഭ്യമാക്കുന്നില്ലെന്ന് കഴിഞ്ഞ വർഷം ജൂണിൽ നെറ്റ്ഫ്ലിക്സ് മന്ത്രാലയത്തെ അറിയിച്ചിരുന്നു. അന്ന് നൽകിയ ഉറപ്പ് പാലിക്കണമെന്നും നിലപാടിൽ മാറ്റം വരുത്തരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പാകിസ്താൻ എഴുത്തുകാരി ഫർഹത്ത് ഇഷ്തിയാഖിന്റെ ഉറുദു നോവലിനെ ആസ്പദമാക്കിയുള്ള പ്രണയ-വിരഹ കഥയാണ് ‘ജോ ബച്ചേ ഹേൻ സങ് സമേത് ലോ’. ‘ഓൾ ദ ലവ് ഔർ ഹാർട്സ് കാരി’ എന്ന പേരിലും സീരീസ് പ്രചരിപ്പിക്കുന്നുണ്ട്. ഫവാദ് ഖാൻ, മഹിറ ഖാൻ, സനം സയീദ്, അഹദ് റാസ മിർ, ഹാനിയ ആമിർ, ഹംസ അലി അബ്ബാസി, ഇഖ്റ അസീസ്, മായ അലി, ബിലാൽ അഷ്റഫ് തുടങ്ങി പ്രമുഖ പാക് താരങ്ങളാണ് ഇതിൽ അഭിനയിക്കുന്നത്.
നെറ്റ്ഫ്ലിക്സിന്റെ മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക വിഭാഗമാണ് സീരീസ് നിർമിക്കാൻ തീരുമാനിച്ചത്. പാകിസ്താൻ, ഇറ്റലി, യുകെ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഡിസംബർ നാലിന് ആഗോളതലത്തിൽ പ്രദർശനത്തിനെത്താനിരിക്കെയാണ് കേന്ദ്രസർക്കാർ നിലപാട് കർശനമാക്കിയത്.
അതേസമയം, സീരീസ് ഇന്ത്യയിലെ നെറ്റ്ഫ്ലിക്സ് കാറ്റലോഗിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും രംഗത്തെത്തി. റിലീസിന് മുമ്പ് സീരീസ് നീക്കം ചെയ്തില്ലെങ്കിൽ നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ ഓഫീസിന് മുന്നിൽ ഉപരോധം സംഘടിപ്പിക്കുമെന്നും രാജ്യവ്യാപക ബഹിഷ്കരണ പ്രചാരണം ആരംഭിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
പാക് നടൻ ഹംസ അലി അബ്ബാസിക്ക് നെറ്റ്ഫ്ലിക്സ് വേദിയും പ്രതിഫലത്തോടെയുള്ള ജോലിയും നൽകുന്നതിനെതിരെയും സംഘടന വിമർശനം ഉന്നയിച്ചു. ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയ്ബയുടെ സ്ഥാപകനും യുഎൻ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ ഹാഫിസ് സയീദിനെ പിന്തുണച്ച് ഹംസ അലി അബ്ബാസി മുൻപ് നടത്തിയ പരാമർശങ്ങളും സംഘടന ചൂണ്ടിക്കാട്ടി.
പാകിസ്താൻ ഒരു ഭീകരരാജ്യമാണെന്നും അവിടെ നിന്നുള്ള സീരീസുകൾക്കും സിനിമകൾക്കും ഗാനങ്ങൾക്കും പോഡ്കാസ്റ്റുകൾക്കും മറ്റ് ഉള്ളടക്കങ്ങൾക്കും ഇന്ത്യൻ സ്‌ക്രീനുകളിൽ ഇടമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, നെറ്റ്ഫ്ലിക്സ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവർക്ക് അയച്ച കത്തിൽ സംഘടന വ്യക്തമാക്കി.















