ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ചോദ്യം ചെയ്തു വരുന്ന പഞ്ചാബ് പഞ്ചാബ് എസ്.പി സല്‍വീന്ദര്‍ സിംഗിന് പാക്-അഫ്ഗാന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളതായി സ്ഥിരീകരണം. ഇയാളെ അടുത്ത ആഴ്ച ഡല്‍ഹിയില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കും.
നാല് ദിവസമായി തുടര്‍ച്ചയായി ചോദ്യം ചെയ്തതില്‍ നിന്നും വൈരുദ്ധ്യമുള്ള മറുപടികളാണ് ലഭിച്ചിരിക്കുന്നതെന്ന് എന്‍.ഐ.എ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. സല്‍വീന്ദറിന് കൂടാതെ ഇയാളുടെ സുഹൃത്തായ സ്വര്‍ണ്ണക്കടയുടമ രാജേഷ് വര്‍മ്മ, പാചകക്കാരന് മദന്‍ ഗോപാല്‍ എന്നിവരെയും എന്‍ഐഎ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്.
അതിര്‍ത്തി ഗ്രാമത്തിലുള്ള ഗര്‍ഗയിലെ ക്ഷേത്രത്തില്‍ പോയി മടങ്ങും വഴിയാണ് സല്‍വീന്ദര്‍ സിംഗിന്റെ വാഹനം ഭീകരര്‍ തട്ടിയെടുത്ത് സല്വീന്ദറിനേയും മറ്റുള്ളവരേയും വഴിയില്‍ ഉപേക്ഷിച്ചത്. ഈ വാഹനത്തിലാണ് ഭീകരര്‍ വ്യോമസേന താവളത്തില്‍ എത്തിയത്. അതേസമയം, അമ്പലത്തില്‍ പോയതാണെന്ന സല്‍വീന്ദറിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.