ന്യൂഡല്‍ഹി: പ്രതിരോധവും വ്യോമയാനവും അടക്കം പതിനഞ്ച് മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. ഈ മേഖലകളിലെ നിക്ഷേപം മെച്ചപ്പെടുത്താനും വളര്‍ച്ചയും ലക്ഷ്യമിട്ടാണ് നീക്കം.
പ്രതിരോധവും വ്യോമയാനവും കൂടാതെ വാര്‍ത്താവിനിമയം, കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് സെക്ടര്‍, ബാങ്കിംഗ് പ്രൈവറ്റ് സെക്ടര്‍, നിര്‍മാണം തുടങ്ങിയ മേഖലകളിലാണ് ഇളവുകള്‍ ബാധകമാകുക. പ്ലാന്റേഷന് മേഖലയിലും പ്രവാസി ഇന്ത്യക്കാരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുളള കമ്പനികളിലും ഇളവുകള്‍ ഉണ്ട്. സര്‍ക്കാരിന്റെ കൈകളിലൂടെ അല്ലാതെ സ്വാഭാവിക രീതിയില്‍ ഈ മേഖലയുടെ വളര്‍ച്ചയ്ക്കായി വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ കൈകളിലൂടെ മാത്രം വിദേശ നിക്ഷേപത്തിന് കളമൊരുങ്ങുമ്പോള്‍ നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.
സാമ്പത്തിക വികസനത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തടയാനാകാത്ത ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലോകബാങ്കിന്റെ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ എളുപ്പമുളള രാജ്യങ്ങളുടെ സാദ്ധ്യതാപട്ടികയില്‍ ഇന്ത്യ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. നേരിട്ടുളള വിദേശ നിക്ഷേപത്തില്‍ 40 ശതമാനം വര്‍ധനയുണ്ടായി. ആഗോള സാമ്പത്തിക രംഗത്തെ ഏറ്റവും ശോഭനമായ സ്ഥലമെന്നാണ് ഇന്ത്യയെ ഐഎംഎഫ് വിശേഷിപ്പിച്ചിട്ടുള്ളതെന്നും തീരുമാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
2015 ആദ്യപകുതിയില്‍ 31 ബില്യന്‍ ഡോളറിന്റെ വിദേശ മൂലധനമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ചൈനയില്‍ 28 ബില്യന്‍ ഡോളറും അമേരിക്കയില്‍ 27 ബില്യന്‍ ഡോളറും മാത്രമായിരുന്നു ഇക്കാലയളവില്‍ ലഭിച്ച വിദേശ മൂലധനം. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള സര്‍ക്കാര്‍ പദ്ധതികളും ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെക്കുറിച്ചുളള ശുഭപ്രതീക്ഷയുമാണ് നിക്ഷേപം വര്‍ധിക്കാന്‍ കാരണം.
വിദേശ നിക്ഷേപങ്ങളില്‍ ഇളവ് നല്‍കുന്നതോടെ കൂടുതല്‍ കമ്പനികളില്‍ ഈ മേഖലകളില്‍ നിക്ഷേപം നടത്താന്‍ തയ്യാറായി രംഗത്തെത്തും. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനും രാജ്യത്തെ സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താനുമുളള സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുളള പ്രയാണം കൂടിയാകും ഇത്.