ഇസ്ലാമാബാദ്:പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ ചുമതലയേറ്റു. സൈനിക ആസ്ഥാനത്തിന് സമീപമുളള ആര്‍മി ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കാലാവധി പൂര്‍ത്തിയാക്കിയ ജനറല്‍ റഹീല്‍ ഷരീഫില്‍ നിന്ന് ബാജ് വ ചുമതലയേറ്റെടുത്തു.
വിടവാങ്ങല്‍ പ്രസംഗത്തില്‍ മേഖലയില്‍ ഇന്ത്യ ആക്രമണ സ്വഭാവമുളള നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജനറല്‍ റഹീല്‍ ഷെരീഫ് പറഞ്ഞു. സംയമനം പാലിക്കുകയെന്ന പാകിസ്ഥാന്റെ നയം ദൗര്‍ബല്യമായി കാണുന്നത് അപകടകരമാണെന്ന് ഇന്ത്യ തിരിച്ചറിയുമെന്നും റഹീല്‍ ഷെരീഫ് പറഞ്ഞു.
രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ പാക് സൈന്യത്തിനാകും. രാജ്യത്തിന് പുറത്തുനിന്നുളള ഭീഷണിക്കെതിരേയും അകത്ത് നിന്നുളള ഭീഷണിക്കെതിരേയും എല്ലാ സംവിധാനങ്ങളും ഒരുമിച്ച് നില്‍ക്കണം. തനിക്കൊപ്പം നിന്നതിന് സൈന്യത്തിനും രാജ്യത്തിനും റഹീല്‍ ഷെരീഫ് നന്ദി പറഞ്ഞു.
അതിര്‍ത്തി മേഖലയിലെ സംഘര്‍ഷം രൂക്ഷമായി നില്ക്കുന്ന അവസരത്തിലാണ് ജനറല്‍ ബാജ്വ പാക് സൈന്യത്തിന്റെ തലപ്പത്തേക്ക് എത്തുന്നത്. സൈനിക മേധാവിയെന്ന നിലയില്‍ ബാജ്വ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാകും.