നാം മരിക്കും : രാഷ്ട്രം ഉയിർത്തെഴുന്നേൽക്കും

“ ഇത് മരണത്തെ ഒരു ചങ്ങാതിയാക്കി ആലിംഗനം ചെയ്യാനുള്ള തയ്യാറെടുപ്പിനുള്ള സമയമാണ് . അത്തരമൊരു ഉദാത്ത നിമിഷത്തിൽ നിങ്ങൾക്കായി ഞാനെന്താണ് മാറ്റിവെക്കേണ്ടത് ? ഒരേയൊരു കാര്യം മാത്രം . അതെന്റെ സ്വപ്നമാണ് . ഒരു സുവർണ സ്വപ്നം . സ്വതന്ത്ര ഭാരതമെന്ന സ്വപ്നം . ഞാനത് ആദ്യം കണ്ടത് എത്ര ശുഭോദർക്കമായ നിമിഷത്തിലായിരുന്നു !

എന്റെ ജീവിതത്തിലങ്ങോളമിങ്ങോളം വികാര തീവ്രതയോടെ ഞാനത് മുന്നോട്ട് കൊണ്ട് പോയി. ഒരു ഭ്രാന്തനെപ്പോലെ മുന്നോട്ട് . എന്റെ പോരാളികളേ . ഒരിക്കലും പിന്തിരിയരുത് . അടിമത്തത്തിന്റെ പ്രഭാവം അപ്രത്യക്ഷമാവുകയാണ് . സ്വാതന്ത്ര്യത്തിന്റെ പ്രഭാതം ഉദിച്ചുയരുകയാണ് .

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിന്റെ അൾത്താരയിൽ ജീവൻ ബലിയർപ്പിച്ച എല്ലാ രാജ്യസ്നേഹികളുടേയും പേരുകൾ ഹൃദയത്തിന്റെ ഉള്ളറകളിൽ എഴുതിച്ചേർക്കുക, ജയിലിനു പുറത്തുള്ള എല്ലാവർക്കും എന്റെ അനുഗ്രഹങ്ങൾ , നിങ്ങൾക്കെന്റെ യാത്രാമൊഴി , വിപ്ലവം നീണാൾ വാഴട്ടെ . വന്ദേ മാതരം “

( സൂര്യ സെന്നിന്റെ അവസാന സന്ദേശം )

സ്കൂൾ അദ്ധ്യാപകനായ രാമ നിരഞ്ജൻ സെന്നിന്റെ മകനായി 1894 മാർച്ച് 22 ന് ചിറ്റഗോങ്ങിലാണ് സൂര്യസെൻ ജനിക്കുന്നത് . വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലേക്ക് എടുത്തു ചാടിയ സൂര്യ സെൻ മാസ്റ്റർ ദാ എന്ന പേരിലാണ് വിപ്ലവകാരികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്

1857 ലെ സായുധ സ്വാതന്ത്ര്യ കലാപത്തിനു ശേഷം നടന്ന ആദ്യ സായുധ വിപ്ലവത്തിന്റെ സൂത്രധാരൻ മാസ്റ്റർ ദാ ആയിരുന്നു . 1930 ഏപ്രിൽ 18 ന് ചിറ്റഗോംഗ് കുന്നുകളിലെ ബ്രിട്ടീഷുകാരുടെ പ്രധാന ആയുധ ശാല സൂര്യസെന്നിന്റെ നേതൃത്വത്തിലുള്ള സായുധ വിപ്ലവകാരികൾ പിടിച്ചെടുക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തത് ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളക്കമാർന്ന അദ്ധ്യായമാണ്

ബ്രിട്ടീഷ് ആർമിയുടെ ആക്രമണത്തെ തുടർന്ന് ജലാലാബാദ് കുന്നുകളിലേക്ക് പിൻവാങ്ങിയ വിപ്ലവകാരികൾ ഒരു രാത്രി മുഴുവൻ സുസജ്ജമായ ബ്രിട്ടീഷ് സൈന്യത്തോട് യുദ്ധം ചെയ്തു . എൺപതോളം ബ്രിട്ടീഷുകാർ മരിച്ചപ്പോൾ വിപ്ലവകാരികൾക്ക് നഷ്ടമായത് 12 പേർ മാത്രമായിരുന്നു

കിഴക്കൻ ബംഗാളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച സൂര്യ സെന്നെ മറ്റൊരു വിപ്ലവകാരിയുടെ ഒറ്റിക്കൊടുക്കലിലൂടെ 1933 ഫെബ്രുവരി 16 ന് പോലീസ് പിടികൂടി. ജയിലിൽ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു . മുഴുവൻ പല്ലുകളും തല്ലിക്കൊഴിച്ചു . ശരീരത്തിലെ എല്ലാം അസ്ഥികളും തല്ലിയൊടിച്ചു . ഒടുവിൽ ജീവച്ഛവമായി തീർന്ന ശരീരത്തെ , ആധുനികരെന്ന് മേനി നടിക്കുന്ന ബ്രിട്ടീഷ് കാടന്മാർ 1934 ജനുവരി 12 ന് തൂക്കിലേറ്റി. സൂര്യസെന്നിന്റെ മൃതദേഹത്തെപ്പോലും ഭയന്ന ബ്രിട്ടീഷുകാർ അത് വീപ്പയ്‌ക്കുള്ളിലാക്കി ബംഗാൾ ഉൾക്കടലിൽ തള്ളുകയായിരുന്നു

നാം മരിക്കും . രാഷ്ട്രം ഉയിർത്തെഴുന്നേൽക്കും എന്ന് പ്രഖ്യാപിച്ച് ദേശീയ സ്വാതന്ത്ര്യ സമരാഗ്നിയിൽ ജീവാഹുതി ചെയ്ത മാസ്റ്റർ ദാ യ്‌ക്ക് അദ്ദേഹത്തിന്റെ 123 -)0 ജന്മവാർഷികത്തിൽ  ജനം ടിവിയുടെ പ്രണാമങ്ങൾ

Shares 318
Close