കെജരിവാളിനെ പ്രതിസന്ധിയിലാക്കി കപിൽ മിശ്ര മൊഴി നൽകി

ന്യൂഡൽഹി: ആംആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കി വീണ്ടും കപിൽ മിശ്ര. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരായ വാട്ടർ ടാങ്ക് അഴിമതിയിൽ മുൻ മന്ത്രി കപിൽ മിശ്ര ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് മൊഴി നൽകി.

വാട്ടർ ടാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കപിൽ മിശ്ര വെളിപ്പെടുത്തിയതായാണ് സൂചന. അതിനിടെ തന്നെയും കെജരിവാളിനെയും സത്യേന്ദ്ര ജെയിനിനെയും സിബിഐ നുണ പരിശോധന നടത്തണമെന്നും കപിൽ മിശ്ര ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൽഹി ആരോഗ്യ പൊതു മരാമത്ത് മന്ത്രി സത്യേന്ദ്ര ജയിൻ മുഖ്യമന്ത്രി കെജരിവാളിന് രണ്ട് കോടി രൂപ കൈമാറുന്നത് കണ്ടുവെന്നാണ് മുൻ ജല വിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയുടെ ആരോപണം.

ഇത് സംബന്ധിച്ച രേഖകൾ കഴിഞ്ഞ ദിവസം ലെഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലിന് കപിൽ മിശ്ര കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് അഴിമതി വിരുദ്ധ വിഭാഗത്തിന് മുന്നിൽ മൊഴി നൽകിയത്.

അതേസമയം ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അഴിമതി വിരുദ്ധ വിഭാഗം കെജരിവാളിനെതിരെ കേസ് എടുക്കാൻ സാധ്യതയുണ്ട്.

Close