തീവ്രവാദി ആരോപണം;പോലീസിനെതിരെ സിപിഐ

എറണാകുളം: പുതുവൈപ്പിന്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന പൊലീസ് വാദത്തിനെതിരെ സിപിഐ രംഗത്ത്.

ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് നടപടിയെ ന്യായീകരിക്കാനും പൊലീസിന്റെ വീഴ്ച മറക്കാനുമുളള ശ്രമമാണ് ഇത്തരം വാദത്തിന് പിന്നിലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

പുതുവൈപ്പില്‍ പൊലീസ് നടത്തിയത് നരനായാട്ടാണ്. ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം. ഇതൊക്കെ എല്ലാരും കണ്ടുകൊണ്ടിരിക്കുകയല്ലേ. അത്തരം ആളുകളെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി എടുക്കണം. ഐഒസിയെ എതിര്‍ക്കുന്നത് കൊണ്ട് വികസനത്തിന് എതിരാണെന്ന് കരുതരുത്. തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് പിന്നില്‍ യുഎപിഎ ചുമത്താനുളള ശ്രമമാണോ എന്ന് സംശയിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

അതേ സമയം സമരവുമായി തീവ്രസംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന വിവരം തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പുതുവൈപ്പിലെ പൊലീസ് നടപടിയെ ന്യായീകരിക്കാനാവില്ല. വിശദമായ അന്വേഷണം നടത്തണം. പുതുവൈപ്പില്‍ നടക്കുന്നത് ജനകീയ സമരമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ആ സമരവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ആരോപണം ഉന്നയിച്ച് സമരം പൊളിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതിയും വ്യക്തമാക്കി.

പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് തീവ്രസംഘടനകളുമായി ബന്ധമുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്നും ഇതിനെക്കുറിച്ചുളള അന്വേഷണം സമാന്തരമായി നടക്കുകയാണെന്നും റൂറല്‍ എസ്പി ജോര്‍ജ് വ്യക്തമാക്കി.

 

Close