ഇടുക്കി : ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ബിജെപി ജില്ല കമ്മിറ്റിയുടെ സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കം. കയ്യേറ്റത്തിന് ഒത്താശ ചെയ്ത വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മൂന്നാര്‍ ഓഫീസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിക്കും . നാളെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടക്കാമ്പൂരിലെ കയ്യേറ്റ ഭൂമിയില്‍ സന്ദര്‍ശനം നടത്തു.
ഇടുക്കി ജില്ലയില്‍ കുറിഞ്ഞി ഉദ്യാനത്തില്‍ ഉള്‍പ്പെടുന്ന കൊട്ടക്കാമ്പൂരടക്കം ജോയിസ് ജോര്‍ജ് എം.പിക്കും സി പി എം, കോണ്‍ഗ്രസ് നേതാക്കള്‍ക്കും കയ്യേറ്റത്തിന് ഒത്താശ ചെയ്യുന്നതിനായാണ് ഗുരുതര സാമ്പത്തിക ആരോപണ വിധേയയായ ആര്.ലക്ഷമിയെ വൈല്‍ഡ് ലൈഫ് വാര്‍ഡനായി മൂന്നാറില്‍ നിയമിച്ചതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
സബ് കളക്ടറെ പോലും മറികടന്ന് കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ഓഫീസ് ഉപരോധിക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച കൊട്ടക്കാമ്പൂരില്‍ ജോയിസ് ജോര്‍ജ് എം.പിയുടെ കയ്യേറ്റ ഭൂമിയില്‍ ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശനം നടത്തും.
പാര്‍ട്ടി മധ്യമേഖല അധ്യക്ഷന്‍ അഡ്വ. നാരായണന് നമ്പൂതിരി , സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ ജില്ലാ പ്രസി.ഡന്റ് ബിനു കൈമള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 20 പേരുടെ സംഘമാണ് സ്ഥലം സന്ദര്‍ശിക്കുന്നത്. വരും ദിവസങ്ങളിലും ജില്ലയിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ തീരുമാനം