വര്‍ണ്ണങ്ങള്‍ വാരി വിതറി അബുദാബിയില്‍ ദേശീയ ദിനാഘോഷം

ദുബായ് : വര്‍ണ്ണങ്ങള്‍ വാരി വിതറി ദേശീയ ദിനാഘോഷം അവിസ്മരണീയമാക്കുകയാണ് അബുദാബി നഗരം.അബുദാബി കോര്‍ണിഷില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ ദേശീയ പതാകയുടെ നിറങ്ങള്‍ വാരിവിതറിക്കൊണ്ടാണ് അബുദാബിയുടെ ആകാശത്ത് വ്യോമ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്.

മൂന്ന് മണിയോടെ കോര്‍ണിഷില്‍ ആരംഭിച്ച അഭ്യാസ പ്രകടനങ്ങള്‍ കാണാനായി ആയിരങ്ങളാണ് കോര്‍ണിഷില്‍ അണിനിരന്നത്.ദേശിയ പതാകയിലെ ചുവപ്പ് ,പച്ച .കറുപ്പ് ,വെളുപ്പ് എന്നീ നിറങ്ങള്‍ ആകാശത്ത് നിറച്ചായിരുന്നു അഭ്യാസ പ്രകടനങ്ങള്‍.

അബുദാബി കോര്‍ണിഷ് ,യാസ് ഐലന്‍ഡ് തുടങ്ങിയ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് വ്യോമ അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറിയത്.ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ അബുദാബി കോര്‍ണിഷിലും അല്‍ മരിയ ദ്വീപിലും വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗവും നടക്കും .

ദേശീയ പതാകകൊണ്ട് അലങ്കരിച്ച ആഢംബര കാറുകളും ക്ലാസിക് കാറുകളും വാഹനങ്ങളുടെ അണിനിരന്ന പരേഡും നടന്നതോടെ ചതുര്‍വര്‍ണ പ്രഭയിലായി അബുദാബി.

യു.എ.ഇ ദേശീയപതാകയുടെ നിറത്തിലുള്ള പരമ്പരാഗത വേഷമണിഞ്ഞെത്തിയ കുട്ടികളും സ്ത്രീകളും ആഘോഷകാഴ്ച്ചകളായി.

Shares 632
Close