ഒടുവിൽ ആർജെ സൂരജിന് മനസ്സിലായി അസഹിഷ്ണുത എന്താണെന്ന്

തിരുവനന്തപുരം: ഒടുവിൽ ആർജെ സൂരജിന് മനസ്സിലായി അസഹിഷ്ണുത എന്താണെന്ന്. ദോഹയിൽ മലയാളം റേഡിയോ  98.6 എന്ന എഫ് എമ്മിലെ ആർജെ യാണ് സൂരജ്. ലോക എയ്ഡ്സ് ദിനബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് തട്ടമിട്ട് ഡാൻസ് ചെയ്ത മുസ്ലീം പെൺകുട്ടികളെ പിന്തുണച്ചതിന്റെ പേരിലായിരുന്നു സൂരജിനെതിരെയുള്ള സൈബർ ആക്രമണം.

ഫ്ലാഷ് മോബിന്റെ വീഡിയോ വൈറലായതോടെ ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്നും, ഡാൻസ് കളിക്കുന്നവർ നരകത്തിലെ തീക്കൊള്ളികളാണെന്നും, ഓഖിക്ക് കാരണം ഇവരാണെന്നും, അനക്ക് മരിക്കണ്ടെ പെണ്ണേയെന്നും തുടങ്ങി നിരവധി കമന്റുകളും, അശ്ലീലങ്ങളും,ഭീഷണികളും ഇവർക്കെതിരെ ഉയർന്നിരുന്നു.

എന്നാൽ ഈ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ഡാൻസ് ചെയ്ത പെൺകുട്ടികളെ തന്റേടമുള്ള, മിടുമിടുക്കി കുട്ടികളെന്ന് വിശേഷിപ്പിച്ച് സൂരജ് തന്റെ ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടികളെ വിമർശിച്ചവരെ എതിർക്കുന്ന വീഡിയോയിൽ അഖിലക്ക് വ്യക്തി സ്വതന്ത്ര്യം നൽകണമെന്ന് വാദിച്ചവർ തന്നെ ഈ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ചൂണ്ടിക്കാട്ടിയിരുന്നു. മതപരിവർത്തനം നടത്തിയെത്തുന്നവർക്ക് മാത്രം നൽകേണ്ട ഒന്നാണോ വ്യക്തി സ്വാതന്ത്ര്യമെന്നും സൂരജ് വീഡിയോയിൽ ചോദിച്ചു. ഇത്തരം പ്രവണത പിന്തുടരുന്നത് ഇസ്ലാം മതത്തിന്റെ തകർച്ചക്കിടയാക്കുമെന്നും സൂരജ് പറഞ്ഞു.

എന്നാൽ സൂരജ് വീഡിയോ പോസ്റ്റ് നിമിഷങ്ങൾക്കകം തന്നെ അത് വൈറലാകുകയും, സൂരജിനെതിരെ ഭീഷണികൾ ഉയർത്തി നിരവധിയാളുകൾ രംഗത്തെത്തുകയും ചെയ്തു.

മതപണ്ഡിതന്മാരെ പരിഹസിക്കാൻ മാത്രം വളർന്നിട്ടില്ലെന്നും, മതപുരോഹിതന്മാരെ പരിഹസിച്ചതിന് മാപ്പ് പറയിക്കുമെന്നും, എത്ര നാൾ ആ ഇസ്ലാമിക രാജ്യത്തു കാണുമെന്നുമുള്ള കമന്റുകളിൽ സൂക്ഷിച്ച് ജീവിച്ചോളൂവെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു.

സംഭവം വിവാദമായതോടെ സൂരജ് തന്നെ പുതിയ വീഡിയോയുമായി രംഗത്തെത്തി. തന്റെ തെറ്റ് മനസ്സിലായെന്നും താൻ മാപ്പുപറയുന്നുവെന്നും ഇനി വീഡിയോയുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടില്ലെന്നും എഫ്എമ്മിൽ നിന്നും വിട്ടുനിൽക്കുന്നുവെന്നും  സൂരജ് വീഡിയോയിൽ പറയുന്നു.

മുൻപ് കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും പരിഹസിച്ച് നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തയാളാണ് സൂരജ്. അസഹിഷ്ണുതയെപ്പറ്റി വാതോരാതെ സംസാരിച്ച സൂരജിന് ഒടുവിൽ അസഹിഷ്ണുത എന്താണെന്ന് ശരിക്കും മനസ്സിലായി എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്ന പരിഹാസം.

Shares 20K
Close