NewsKerala

മനോജ് വധം: സിബിഐയുടെ വാദം വളച്ചൊടിച്ച് ജയരാജനും സിപിഎമ്മും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐയുടെ വാദം വളച്ചൊടിക്കുകയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും സിപിഎമ്മും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ സിബിഐ വ്യക്തമാക്കിയ നിലപാട് ജയരാജന് അനുകൂലമായി വളച്ചൊടിക്കാനുളള ശ്രമമാണ് നടക്കുന്നത്.

കേസില്‍ ജയരാജനെ നിലവില്‍ പ്രതിയാക്കിയിട്ടില്ലെന്ന് വാദത്തിനിടെ സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന ജയരാജന്റെ അഭിഭാഷകന്റെ വാദത്തിന് മറുപടിയായിട്ടാണ് സിബിഐ ഇക്കാര്യം ബോധിപ്പിച്ചത്. 505 ദിവസം അന്വേഷണം നടത്തിയിട്ടും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും ജയരാജന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ. വിശ്വന്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മനോജ് വധക്കേസല്ല, അതിന് പിന്നിലെ ഗൂഢാലോചനയാണ് തങ്ങള്‍ അന്വേഷിക്കുന്നതെന്നും അതുകൊണ്ടാണ് ജയരാജനെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുന്നതെന്നും സിബിഐ അഭിഭാഷകനായ എസ്. കൃഷ്ണകുമാര്‍ മറുപടി നല്‍കി.

സിബിഐയുടെ ഈ വാദഗതികളാണ് ജയരാജന് അനുകൂലമായി വളച്ചൊടിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. ജയരാജനെതിരേ തെളിവ് കണ്ടെത്താനായിട്ടില്ലെന്നും അതുകൊണ്ടാണ് പ്രതിയാക്കാത്തതെന്നുമാണ് സിപിഎമ്മിന്റെയും ജയരാജന്റെയും വാദം. തെളിവുണ്ടായിരുന്നെങ്കില്‍ അക്കാര്യം എന്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും സിപിഎം നേതാക്കള്‍ ചോദിക്കുന്നു. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിക്ക് ശേഷം വാര്‍ത്താചാനലുകളില്‍ നടത്തിയ പ്രതികരണങ്ങളില്‍ ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ നിരത്തിയത് ഈ ന്യായമായിരുന്നു. കോടതിക്ക് പുറത്തിറങ്ങിയ ജയരാജന്റെ അഭിഭാഷകനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചത് ഇതേ രീതിയിലാണ്.

എന്നാല്‍ അന്വേഷണത്തിലിരിക്കുന്ന കേസില്‍ കോടതി ആവശ്യപ്പെട്ടെങ്കില്‍ അല്ലാതെ തെളിവുകള്‍ ഹാജരാക്കണ്ട കാര്യമില്ലെന്നതാണ് വസ്തുത. ഇത്തരം സന്ദര്‍ഭങ്ങളില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതി വിളിച്ചുവരുത്തുകയാണ് പതിവ്. എന്നാല്‍ ഇവിടെ കോടതി അത്തരം നടപടികളിലേക്ക് കടന്നിട്ടില്ല. ജയരാജനെതിരേ തെളിവില്ലെന്ന് സിബിഐ വാദത്തിനിടെ ഒരിക്കലും പറഞ്ഞിട്ടില്ല. മാത്രമല്ല ജയരാജന്റെ അറസ്റ്റിനുളള സാദ്ധ്യത നിഷേധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

മറിച്ച് കേസില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് ജയരാജന്റെ ജാമ്യാപേക്ഷ അനുവദിക്കാതെ കോടതി വീണ്ടും തള്ളിയത്. യുഎപിഎ (ഭീകര വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം) ചുമത്തിയ കേസില്‍ വകുപ്പ് 43 ഡി നാല് പ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന സിബിഐ അഭിഭാഷകന്റെ വാദവും കോടതി മുഖവിലയ്‌ക്കെടുത്തുവെന്ന് വേണം മനസിലാക്കാന്‍. കേസില്‍ പ്രതികൂലമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ വീണ്ടും അപ്പീലുമായി പോകേണ്ടെന്ന് ജയരാജന്‍ തീരുമാനിച്ചതും. ഇതൊക്കെ മറച്ചുവെച്ച് സിബിഐയുടെ വാദത്തെ വളച്ചൊടിച്ച് ജയരാജന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് സിപിഎം നേതാക്കളുടെ ലക്ഷ്യം.

കേസില്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും സിബിഐ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാന്‍ ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ആദ്യ തവണ വിളിപ്പിച്ചപ്പോഴും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും നടപടികള്‍ വൈകിപ്പിക്കാനായിരുന്നു ജയരാജന്റെ ശ്രമം. തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ജയരാജനെ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും ഇതിന് ശേഷം കൂടുതല്‍ തെളിവുകള്‍ സിബിഐയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇക്കുറിയും ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറിയ ശേഷമാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് പി. ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കേ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നാല് സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ മനോജിന്റെ കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമന്‍ രക്ഷപെട്ടത് ജയരാജന്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിലായിരുന്നു. മനോജ് കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജയരാജന്റെ മകന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതും കൊലപാതകം ജയരാജന്റെ അറിവോടെയാണെന്നതിന്റെ മറ്റൊരു തെളിവാണ്.

ഇത്തരത്തില്‍ ജയരാജനെതിരേ ശക്തമായ തെളിവുകളാണ് കേസുമായി ബന്ധപ്പെട്ട് ഉള്ളത്. അതുകൊണ്ടാണ് സിബിഐയുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാന്‍ ജയരാജന്‍ ഒളിച്ചുകളിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close