ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പില്‍ എസ്എഫ്ഐയ്ക്കെതിരേ പരാമര്‍ശം. രോഹിത് പ്രവര്‍ത്തിച്ചിരുന്ന അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനെ വിമര്ശിക്കുന്നതിനൊപ്പമാണ് എസ്എഫ്ഐയെയും പേരെടുത്ത് കത്തില്‍ പരാമര്‍ശിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും നിലപാട് മാറ്റങ്ങളിലും രോഹിത് നിരാശനായിരുന്നുവെന്ന്് വ്യക്തമാക്കുന്ന വരികളാണ് കത്തില്‍ അധികവും.
അംബേദ്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷനും, എസ്എഫ്ഐയുമെല്ലാം സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ വിമര്‍ശിക്കുന്നു. കത്തിലെ ഒരു ഖണ്ഡിക പൂര്‍ണമായി വെട്ടിക്കളഞ്ഞിട്ടുമുണ്ട്. സംഘടനകള്‍ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ അടങ്ങിയ ഖണ്ഡികയാണ് പേന കൊണ്ട് വായിച്ചെടുക്കാന്‍ കഴിയാത്ത രീതിയില്‍ വെട്ടിയതെന്നാണ് നിഗമനം. കത്തിന്റെ ബാക്കി ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. രോഹിത് ജീവനൊടുക്കിയ ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്.
കത്ത് വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. രോഹിതിന്റെ കൈയ്യക്ഷരങ്ങളുമായി കത്തിലെ കൈപ്പടയ്ക്ക് സാദൃശ്യമുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാകും പരിശോധിക്കുക. രോഹിത്തിന്റെ ആത്മഹത്യ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ശ്രമം തുടരുന്നതിനിടെയാണ് ആത്മഹത്യാകുറിപ്പിലെ പുതിയ പരാമര്‍ശങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
രോഹിതിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രോഹിത് അടക്കമുള്ള വിദ്യാര്ഥികള്ക്കെതിരേ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിന്‍വലിച്ചിരുന്നു.