പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വ്യത്യസ്ത ഇടങ്ങളില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പിലും ബോംബ് സ്ഫോടനങ്ങളിലും 150 പേര് കൊല്ലപ്പെട്ടു. ഭീകരാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് ആദ്യ ആക്രമണം നടന്നത്. തിയേറ്ററില്‍ കടന്ന ആയുധധാരികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കലാപരിപാടികള്‍ കാണാനെത്തിയവരില്‍ നൂറോളം പേരെ ബന്ദികളാക്കുകയും തുടര്‍ന്ന് ദാരുണമായി വെടിവെച്ചുകൊല്ലുകയുമായിരുന്നു. അക്രമികള്‍ ജനങ്ങള്‍ക്ക് നേരെ നൂറു റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.
തിയേറ്ററിന് സമീപമുള്ള റസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ബാറുകളിലും അക്രമികള്‍ വെടിവെയ്പ്പ് നടത്തി. ഭീകരരില്‍ അഞ്ചുപേരെ പൊലീസ് സംഭവസ്ഥലത്തു വച്ചുതന്നെ വധിച്ചു. വടക്കന്‍ പാരീസിലെ പ്രശസ്തമായ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിന് സമീപം മൂന്നു തവണ ചാവേര്‍ സ്ഫോടനം ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്. സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം കാണാനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദയെയും വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമറെയും ആക്രമണം ഉണ്ടായ ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മുഹമ്മദ് നബിയെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് പാരീസിലെ ചാര്‍ലി ഹെബ്ദോ മാസികയുടെ ഓഫീസിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ലോക രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട് പാരീസ് തെരുവുകള്‍ വീണ്ടും ഭീകരാക്രമണത്തിനു ഇരയാകുന്നത്. ചാര്‍ലി ഹെബ്ദോ ഓഫീസില്‍ നിന്നും 200 മീറ്റര്‍ അകലെയുള്ള തിരക്കേറിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നിരിക്കുന്നത്. ഇതുവരെ ഭീകര സംഘടനകളൊന്നും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.