ന്യൂഡല്‍ഹി:സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്കുള്ളില്‍ പെട്ട് മരിച്ച മലയാളി ജവാനോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്. കൊല്ലം സ്വദേശി ലാന്‍സ് നായിക് സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികളാരും ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയില്ല.
എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെയാണ് സുധീഷ് ഉള്‍പ്പടെ ഒമ്പത് ജവാന്മാരുടെ മൃതദേഹങ്ങള്‍ ലേയില്‍ നിന്ന് ഡല്‍ഹിയിലെ ആര്‍മി ആസ്ഥാനത്ത് എത്തിച്ചത്. അതാത് സംസ്ഥാനങ്ങളുടെ റസിഡന്റ് കമ്മീഷണര്‍മാരാണ് മൃതദേഹം ഏറ്റുവാങ്ങേണ്ടിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിലെ റസിഡന്റ് കമ്മീഷണര്‍മാര്‍ കൃത്യമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രതിനിധി എത്തിയില്ല. സുധീഷിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കേരളാ ഹൗസില്‍ നിന്നു പോലും ആരും എത്തിയില്ല.
മൃതദേഹങ്ങള്‍ സിയാച്ചിന്‍ മലനിരകളില്‍നിന്ന് ഞായറാഴ്ചയാണു ഹെലികോപ്റ്റര്‍ മാര്‍ഗം സിയാച്ചിന്‍ ബേസ് ക്യാമ്പില്‍ എത്തിച്ചത്.