തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരം വീണ് വിദ്യാര്‍ഥിനി മരിച്ചു. ഒന്നാം വര്‍ഷ ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനി തൃശൂര്‍ ചിറ്റിലപ്പിള്ളി ശങ്കരന് തടത്തില്‍ അനുഷ (18) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ മരം കടപുഴകി വീഴുകയായിരുന്നു.
അഞ്ച് പെണ്‍കുട്ടികള്‍ അടക്കം ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കാറ്റില്‍ വീണ മരത്തിനടിയില്‍ കുട്ടികള്‍ അകപ്പെടുകയായിരുന്നു. കോളജ് ഗ്രൗണ്ടിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണ് മരം വീണത്. മൂന്ന് കാറുകള്‍ തകര്‍ന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി സോണ്‍ കലോത്സവം കോളജില്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് മരം മുറിച്ചുനീക്കിയത്.