കൊച്ചി: സരിത നായര്‍ കമ്മീഷന് മുന്‍പാകെ ഹാജരാകാന്‍ വൈകിയാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഉള്‍പ്പെടെയുളള നടപടികളിലേക്ക് കടക്കുമെന്ന് സോളാര്‍ കമ്മീഷന്റെ മുന്നറിയിപ്പ്. ഹാജരാകാന്‍ രണ്ട് ദിവസത്തെ സാവകാശം കൂടി ആവശ്യപ്പെട്ട് സരിതയുടെ അഭിഭാഷകന് സമീപിച്ചപ്പോഴായിരുന്നു കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്. 24 ന് കമ്മീഷന് മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തെളിവുകള്‍ കൃത്രിമമായി നിര്‍മിക്കാനാണ് സരിതയുടെ ശ്രമമെന്നും അതുകൊണ്ടാണ് കമ്മീഷന് മുന്‍പാകെ ഹാജരാകാന്‍ വൈകുന്നതെന്നും മന്ത്രി ആര്യാടന് മുഹമ്മദിന്റെ അഭിഭാഷകന് കമ്മീഷന് മുന്‍പാകെ പറഞ്ഞു. സരിതയെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്ന് മന്ത്രി ഷിബു ബേബി ജോണിന്റെ അഭിഭാഷകനും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കമ്മീഷന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
അടുത്തിടെ കമ്മീഷന് സരിത നല്കിയ മൊഴികളും തെളിവുകളും സംസ്ഥാന രാ്ഷ്ട്രീയത്തില് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അണിയറ നാടകങ്ങളുടെ ഭാഗമായിട്ടാണ് സരിത കമ്മീഷനില്‍ ഹാജരാകുന്നത് നീട്ടിവെയ്ക്കുന്നതെന്ന് ആക്ഷേപം ഉണ്ടായിരുന്നു. ശബ്ദവിശ്രമം വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും മറ്റും ഹാജരാക്കിയാണ് കമ്മീഷനില്‍ ഹാജരാകുന്നതില്‍ നിന്നും നേരത്തെ സരിത അവധി വാങ്ങിയത്. നടപടികള്‍ വൈകിപ്പിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി അന്ന് തന്നെ കമ്മീഷന് ഇതിനെ വിമര്‍ശിച്ചിരുന്നു.