കോഴിക്കോട്: ഇത്തവണത്തെ റയില്‍വേ ബജറ്റില്‍ പാത ഇരട്ടിപ്പിക്കലിന് അടക്കം കൂടുതല്‍ പണം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. തീരദേശ പാതയടക്കം ഇരട്ടിപ്പിച്ചാല്‍ മാത്രമെ കൂടുതല്‍ ട്രെയിനുകളും സംസ്ഥാനത്ത് ഓടിക്കാന്‍ സാധിക്കൂ. വ്യാഴാഴ്ചയാണ് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു റയില്‍വേ ബജറ്റ് അവതരിപ്പിക്കുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള റെയില്‍വേ പാതകളുടെ ശേഷിയിലും അധികം ട്രെയിനുകളാണ് ഇപ്പോള്‍ തീരദേശപാതയിലൂടെയടക്കം സര്‍വീസ് നടത്തുന്നത്. അതിനാല്‍ റയില്‍വേ ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, ഗേജുമാറ്റം, വൈദ്യുതീകരണം എന്നീ പ്രവൃത്തികള്‍ക്ക് മുഖ്യ പരിഗണന നല്‍കേണ്ടതുണ്ട്. ഇതിനായി റയില്‍വേയോട് 602 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എറണാകുളം – കോട്ടയം- കായംകുളം, എറണാകുളം- ആലപ്പുഴ- കായംകുളം പാതകള്‍ പൂര്‍ണമായും ഇരട്ടിപ്പാക്കാതെ റയില്‍വേ വികസനം പൂര്‍ത്തിയാകില്ല. അതിനാല്‍ പാത ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രഥമ പരിഗണന നല്‍കണം. കൂടാതെ ചെറിയ റൂട്ടുകളില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിച്ച് ഗതാഗത ബുദ്ധിമുട്ടുകള്‍ പരിഹരിക്കുക, കണ്ണൂരില്‍ പിറ്റ് ലൈന്‍ സ്ഥാപിക്കുക, പാലക്കാട് – ഷൊര്‍ണൂര്‍ – കോഴിക്കോട് പാതയില്‍ മെമു സര്‍വീസ് ആരംഭിക്കുക എന്നിവ ഇത്തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
ഷൊര്‍ണൂര്‍ – കോഴിക്കോട് പാതയില്‍ വൈദ്യുതീകരണം പൂര്‍ത്തിയായെങ്കിലും സബ് സ്റ്റേഷന്‍ നിര്‍മാണം വൈകുന്നതിനാല്‍ ഇപ്പോഴും ഈ റൂട്ടില്‍ ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത്തവണ കൂടുതല്‍ തുക അനുവദിച്ചാല്‍ ഈ പ്രശ്നവും പരിഹരിക്കാനാകും. കഞ്ചിക്കോട്ട് കോച്ച്ഫാക്ടറി നിര്‍മാണത്തിനായി തറക്കല്ലിട്ടുവെങ്കിലും തുടര്‍ നടപടികള്‍ മുന്നോട്ട് പോകാത്തിനാല്‍ അതിനും പരിഹാരം വേണം. തിരുവനന്തപുരം, എറണാകുളം, പാലക്കാട് സ്റ്റേഷനുകളുടെ നവീകരണത്തിനും നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ബജറ്റില്‍ പണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലേക്ക് എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടി വരുന്നതോടെ പാലക്കാട് വഴിയുള്ള ഗോഹട്ടി പാതയില്‍ പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വെക്കുന്നു.