കാസര്‍ഗോഡ്: വീട്ടുവേലയ്‌ക്ക് നിന്ന രണ്ടാം ക്ലാസുകാരി കുട്ടിക്ക് വീട്ടുടമയുടെ ക്രൂരമര്‍ദ്ദനം. കാസര്‍ഗോഡ് കുമ്പളയിലാണ് സംഭവം. നിയമം കാറ്റില്‍പറത്തി കുട്ടിയെ വേലയ്‌ക്ക് നിര്‍ത്തിയതിന് പുറമേ ഭക്ഷണത്തില്‍ മുടി വീഴുമെന്ന് പറഞ്ഞ് മുടി മൊട്ടയടിച്ചും ഭക്ഷണം നല്‍കാതെയും വീട്ടുകാര്‍ കുട്ടിയെ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു.
കുമ്പള ആരിക്കാടിയിലെ മുഹമ്മദിന്റെ വീട്ടില്‍ നിന്നാണ് കുട്ടി ഓടി രക്ഷപെട്ടത്. ഭയന്ന് ഓടി രക്ഷപെട്ട കുട്ടിയെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാല് ദിവസം മുന്‍പാണ് കുട്ടിയെ അമ്മ അനിത മുഹമ്മദിന്റെ വീട്ടില്‍ കൊണ്ടുവന്നു വിട്ടത്.
ഭര്‍ത്താവ് ഉപേക്ഷിച്ച തനിക്ക് നാല് കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്തതിനാല്‍ കുട്ടിയെ ജോലിക്ക് വിടുകയായിരുന്നുവെന്ന് അനിത പൊലീസിനോട് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഹമ്മദിനെതിരേ പൊലീസ് കേസെടുത്തു.