ബാംഗളൂര്‍: ബാംഗളൂരില്‍ ബീഫ് കഴിച്ചതിന് മൂന്ന് മലയാളി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തെളിയുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളും പൊലീസുമാണ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത ഏതാനും മലയാള പത്രങ്ങളും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യെലഹങ്കയിലെ വൃന്ദാവന്‍ കോളജിലെ അവസാന വര്‍ഷ ബിബിഎം വിദ്യാര്‍ഥികളായ മെര്‍വിന്‍ മൈക്കിള്‍ ജോയിയെയും സുഹൃത്തുക്കളെയും ബീഫ് കഴിച്ചുവെന്ന പേരില്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇവരുടെ ബൈക്കിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നും ബീഫ് എന്ന വാക്ക് അക്രമികളില്‍ ആരും പറഞ്ഞിട്ടില്ലെന്നും മെര്‍വിന്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് മെര്‍വിന്‍ പറയുന്നത് ഇങ്ങനെയാണ്. സഞ്ജയ് നഗറിലെ ഭൂപസാന്ദ്രയിലെ ഒരു കടയില്‍ നിന്ന് രാത്രി 12.30 ഓടെ സുഹൃത്തുക്കളായ ജെബിന്‍, കാമേശ്വര്‍ എന്നിവരോടൊപ്പം തന്റെ പള്‍സര്‍ ബൈക്കില്‍ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു തങ്ങള്‍. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് മൂന്നുപേര്‍ ബൈക്കിന്റെ കാറ്റഴിച്ചുവിടുന്നത് കണ്ടത്. താനും സുഹൃത്തുക്കളും അത് ചോദ്യം ചെയ്തു. പൊലീസ് പറഞ്ഞിട്ടാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഇവരുടെ മറുപടി. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴേക്കും മൂന്നംഗസംഘം തങ്ങളെ പിടിച്ചുതള്ളി. ഇവര്‍ മദ്യലഹരിയിലാണെന്ന് മനസിലായതോടെ താനും സുഹൃത്തുക്കളും ബൈക്കില്‍ അവിടെ നിന്നും വീട്ടിലേക്ക് പോയി.
എന്നാല്‍ തങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന അക്രമികള്‍ ഒരു കിലോമീറ്റര്‍ അകലെയുളള താമസസ്ഥലത്തിന് സമീപം വെച്ച് വീണ്ടും മര്‍ദ്ദിച്ചു. തടിക്കഷ്ണം കൊണ്ടുള്ള അടിയേറ്റ് തന്റെ തലയില്‍ നിന്നും ചോര വാര്‍ന്നത് കണ്ടതോടെ അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു. ഇതിനിടെ മലയാളിയാണോ എന്ന് ചോദിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. ഓവര്‍സ്മാര്‍ട്ട് ആയാല്‍ ഇനിയും തല്ലുകൊളളുമെന്ന ഭീഷണിയും മുഴക്കി. ബഹളം കേട്ട് കോളജിലെ മെര്‍വിന്റെ സീനിയറും അടുത്ത് താമസിക്കുന്നതുമായ മൊഹമ്മദ് ഹാഷിറും മെര്‍വിനെ രക്ഷിക്കാന്‍ എത്തിയിരുന്നു. അക്രമികള്‍ ആരും ബീഫ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മൊഹമ്മദ് ഹാഷിറും പറയുന്നു.
മാദ്ധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത കണ്ട് അതിശയിച്ചുപോയെന്നാണ് മെര്‍വിന്‍ പറയുന്നത്. ഇവരുടെ വീട് ക്ഷേത്രത്തിന് സമീപമാണെന്നും സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നും വാര്‍ത്തകളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും മെര്‍വിന്‍ പറയുന്നു. സംഘര്‍ഷത്തിന് ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മെര്‍വിന്‍ തലയില്‍ കൂടുതല്‍ മുറിവുണ്ടോ എന്നറിയാന്‍ സ്‌കാനിങ്ങിനും വിധേയനായിരുന്നു. ശേഷം ശനിയാഴ്ച രാവിലെ പൊലീസില്‍ പരാതിയും നല്‍കി.
ബൈക്ക് ടയറിലെ കാറ്റ് അഴിച്ചുവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്ന് നോര്‍ത്ത് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ടി.ആര്‍ സുരേഷും വ്യക്തമാക്കി.