കണ്ണൂര്‍: കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ പി. ജയരാജനെ ചോദ്യം ചെയ്യുന്നത് അട്ടിമറിക്കാനുളള അണിയറ നീക്കങ്ങള്‍ സജീവം. സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമ്പോള്‍ ജയരാജനൊപ്പം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പയുടെ സാന്നിദ്ധ്യമാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്.
ജയില്‍ചട്ടപ്രകാരം ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ മാത്രമേ റിമാന്‍ഡ് പ്രതിയെ ചോദ്യം ചെയ്യാനാവൂ എന്ന ന്യായം ചൂണ്ടിക്കാട്ടിയാണ് ജയില്‍ സൂപ്രണ്ട് സിബിഐയുടെ ചോദ്യം ചെയ്യല്‍ വേളയില്‍ ജയരാജന് കാവല്‍ നില്‍ക്കുന്നത്. ചോദ്യം ചെയ്യുമ്പോള്‍ മുറിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും മുറിയില്‍ നിന്ന് പുറത്തുപോകാന്‍ ജയില്‍ സൂപ്രണ്ട് തയ്യാറായില്ല.
കേസില്‍ കോടതിയില്‍ കീഴടങ്ങിയ ജയരാജനെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചിട്ടും ഒരു മണിക്കൂറിനുള്ളില്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ഒത്താശ ചെയ്തതിന് പിന്നില്‍ അശോകന്‍ അരിപ്പയ്‌ക്കും പങ്കുണ്ടെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ആ ഉദ്യോഗസ്ഥന്‍ തന്നെ നിര്‍ണായകമായ ചോദ്യം ചെയ്യലില്‍ ജയരാജനൊപ്പം നില്‍ക്കുന്നത് കൂടുതല്‍ സംശയങ്ങള്‍ക്കിട നല്‍കുകയാണ്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎമ്മിന്റെ രാഷ്‌ട്രീയ സ്വാധീനം അങ്ങാടിപ്പാട്ടാണ്. ഈ സ്വാധീനം ഉപയോഗിച്ച് ചോദ്യം ചെയ്യലും അട്ടിമറിക്കാനുളള ആസൂത്രിത ശ്രമമാണ് ജയില്‍ സൂപ്രണ്ടിന്റെ സാന്നിദ്ധ്യമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പി.ജയരാജന് വഴിവിട്ടരീതിയില്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനെതിരേ കോടതിയെ സമീപിക്കുമെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കി.
സി.ബി.ഐ എസ്.പി ജോസ് മോഹന്‍, ഡിവൈ.എസ്.പി ഹരി ഓംപ്രകാശ്, സി.ഐ സലീം എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയരാജനെ ചോദ്യം ചെയ്യുന്നത്. പി. ജയരാജനെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ച സമയം നാളെ അവസാനിക്കും. എന്നാല്‍ ജയരാജന്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ പരാതി.