കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷ് കൂടി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെ കൊല്ലം വേദിയാകുന്നത് താര പോരാട്ടത്തിന്. പത്തനാപുരത്ത് സിറ്റിംഗ് എംഎല്‍എ ഗണേഷ്‌കുമാറും, എതിരാളിയായി ജഗദീഷുമുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. മറ്റ് ജില്ലകളില്‍ സിദ്ധിക്കും കെപിഎസി ലളിതയും കൂടിയെത്തുന്നതോടെ ജനാധിപത്യ പോരാട്ടത്തില്‍ തമിഴ്‌നാട് മോഡല്‍ പരീക്ഷണത്തിന് വേദിയാകും കേരളവും.
പരസ്പരം പാരവച്ചും, തമ്മില്‍ത്തല്ലിയും, ജോണ്‍ഹോനായിയെ തറപറ്റിച്ചും ഹരിഹര്‍ നഗറില്‍ വായ്‌നോക്കി നടന്ന മഹാദേവനും അപ്പുക്കുട്ടനും ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് കൊല്ലത്തേക്ക്. ഗോസ്റ്റ്ഹൗസിലേക്ക് പോയത് പോലെ ചില ലക്ഷ്യങ്ങളുമായാണ് ഇവിടേക്കുള്ള വരവും. ഇക്കുറി പക്ഷേ തോമസ്‌കുട്ടിക്ക് വേണ്ടിയല്ല പകരം കൊല്ലത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയാണ് എത്തുന്നത്. രണ്ടും രണ്ട് തട്ടിലായാണ് അങ്കം കുറിക്കാന്‍ ഇറങ്ങുന്നതെന്നതിനാല്‍ പാര പതിവിലും കൂടും. മുഖാമുഖമല്ല പോരെന്നതിനാല്‍ വോട്ടര്‍മാര്‍ക്ക് ആശ്വസിക്കാം. ഒരാള്‍ കൊല്ലത്തും മറ്റേയാള്‍ പത്തനാപുരത്തുമാണ് കച്ചമുറുക്കിയിരിക്കുന്നത്. പതിവ് മണ്ടത്തരം മാറ്റി അല്‍പം ഗൗരവത്തിലാണ് അപ്പുക്കുട്ടന്‍. വലിയ വലിയ കാര്യങ്ങളൊക്കയാണ് ഇപ്പോള്‍ വിളിച്ച് പറയുന്നത്.
സിപിഎമ്മിനായി മുകേഷും കോണ്‍ഗ്രസ്സിനു വേണ്ടി ജഗദീഷും മത്സരത്തിനിറങ്ങുന്ന ജില്ലയില്‍ പത്തനാപുരമാണ് ശ്രദ്ധേയം. ഇവിടെ ജഗദീഷ് എത്തുന്ന പക്ഷം സിറ്റിംഗ് എംഎല്‍എയും സുഹൃത്തും സിനിമാതാരവുമായ ഗണേഷ്‌കുമാറിനെയാണ് ജഗദീഷിന് എതിരിടേണ്ടത്. സുഹൃത്തുക്കള്‍ കൂടിയായ ഇവരുടെ പോരാട്ടം വീറും വാശിയും നിറഞ്ഞതാകുമെന്നുറപ്പ്. മഹാദേവനും അപ്പുക്കുട്ടനും മത്സരിക്കുമ്പോള്‍ ഗോവിന്ദന്‍കുട്ടി മാത്രം മാറി നില്‍ക്കുന്നത് ശരിയല്ലല്ലോ. തൊട്ടടുത്ത ജില്ലയില്‍ പയറ്റാന്‍ ഗോവിന്ദന്‍കുട്ടിയും റെഡിയായിക്കഴിഞ്ഞു. പാവം തോമസ്‌കുട്ടിയുടെ കാര്യമാണ് കഷ്ടം. ഇതിലാര്‍ക്കൊക്കെ വേണ്ടി പ്രചാരണത്തിനിറങ്ങണം പാവം.