പൂതാംപള്ളി ബാലകൃഷ്ണമേനോൻ കുട്ടിക്കാലത്ത് മഹാ കുസൃതിയായിരുന്നു . കുടുംബാംഗങ്ങളൊത്ത് നാമജപത്തിനിരിക്കുമ്പോൾ മംഗള ശ്ലോകം എപ്പോൾ ചൊല്ലുമെന്ന ചിന്തയിലായിരുന്നു സദാസമയവും ആ ബാലൻ . തരം കിട്ടിയാൽ ആരെയും തമാശക്കഥകളിലെ കഥാപാത്രങ്ങളാക്കി ചെണ്ട കൊട്ടിക്കാൻ ബഹു കേമൻ .
പച്ചപ്പരിഷ്കാരത്തിന്റെ മേലങ്കികൾ അണിഞ്ഞ് ഭൗതിക ജീവിതത്തെ ആവോളം ആസ്വദിച്ചു കൊണ്ടിരുന്ന കാലത്ത് തന്നെ ബാലൻ എന്ന ബാലകൃഷ്ണ മേനോൻ അരുണാചലശിവന്റെ നാട്ടിലെത്തി സാക്ഷാൽ രമണമഹർഷിയെ കണ്ടു . നരേന്ദ്രനാഥൻ ഗദാധർ ചാറ്റർജിയെ കണ്ടപ്പോൾ സംഭവിച്ചതൊന്നും ഇവിടെ സംഭവിച്ചില്ലെങ്കിലും ബാലനിൽ അന്തർലീനമായിരുന്ന ആദ്ധ്യാത്മികതയുടെ കനലിനെ ഒന്നൂതിത്തെളിക്കാൻ രമണ മഹർഷിയുടെ ദർശനം തുണയായി.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലഖ്നൗ സർവകലാശാലയിൽ ഉപരിപഠനത്തിനെത്തിയ ബാലൻ ദേശാഭിമാനമുള്ള ഏത് ഭാരതീയനും അക്കാലത്ത് എത്തിപ്പെടുമായിരുന്ന സ്വാതന്ത്ര്യ സമര പഥത്തിലെത്തി . തീഷ്ണമായ ചിന്തകൾ അക്ഷരങ്ങളായി ലഘുലേഖകളിലൂടെ കയ്യോട് കയ്യ് മറിഞ്ഞപ്പോൾ അധികാരികളുടെ നോട്ടപ്പുള്ളിയുമായി .കുറെക്കാലം ഒളിവിൽ കഴിഞ്ഞെങ്കിലും പിന്നീട് പിടിക്കപ്പെട്ട് ജയിലിലായി .
ജയിലിൽ ടൈഫസ് രോഗം ബാധിച്ച് മരണത്തോട് മല്ലിട്ടപ്പോൾ ജയിൽ വാർഡൻ അവശനായ ബാലനെ പാതയോരത്ത് ഉപേക്ഷിക്കാൻ കൽപ്പിച്ചു . മകൻ മരിച്ചു പോയ ഒരമ്മ വീണുകിടക്കുന്ന ബാലനെ കണ്ട് വീട്ടിലെത്തിച്ച് ശുശ്രൂഷിച്ചു . ആരോഗ്യം വീണ്ടെടുത്തപ്പോൾ പത്രപ്രവർത്തന രംഗത്തേക്ക് തിരിഞ്ഞ ബാലൻ നാഷണൽ ഹെറാൾഡിൽ ചലപതി റാവുവിന്റെ ശിക്ഷണത്തിൽ സബ് എഡിറ്ററായി ചേർന്നു .
സാധാരണക്കാരന്റെ ജീവിതത്തോട് എപ്പോഴും അടുത്ത് നിൽക്കാൻ പരിശ്രമിച്ച അയാൾ നാഷണൽ ഹെറാൾഡിൽ കോമൺ വീൽ എന്ന പംക്തിയെഴുതി . ആർ കെ ലക്ഷ്മണിന്റെ കാർട്ടൂൺ കഥാപാത്രമായ കോമൺ മാൻ വരുന്നതിനും വളരെ മുൻപ് . ആത്മീയ ജീവിതത്തെ വിമർശന ബുദ്ധിയോടെ നോക്കിക്കണ്ട അദ്ദേഹം ഒരു നാൾ നാഷണൽ ഹെറാൾഡിൽ നിന്ന് കെട്ടും മുറുക്കി ഹിമാലയത്തിലേക്ക് യാത്രയായി .
ഹിമാലയൻ സന്യാസിമാരുടെ ജീവിതത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ദുരൂഹതകൾ അവസാനിപ്പിക്കണമെന്ന് ചിന്തിച്ച് ഋഷീകേശിലെ ശിവാനന്ദാശ്രമത്തിലെത്തിയ ബാലനിൽ രമണ മഹർഷിയാൽ ഊതിത്തെളിക്കപ്പെട്ട ആത്മീയതയുടെ കനൽ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല .മറ്റുള്ളവരിലേക്ക് നോക്കി നടന്ന അയാൾ പതിയെ തന്നിലേക്ക് നോക്കിത്തുടങ്ങുകയായിരുന്നു .ആത്മാന്വേഷണം ഭാരതത്തിന്റെ ഡി എൻ എയിൽ തന്നെയുള്ളതാണല്ലോ ..
കുർത്തയും പൈജാമയും മാറ്റിയ ബാലൻ കാഷായമുടുത്തു . ശിവാനന്ദ സ്വാമികളുടെ ശിഷ്യനായി ദീക്ഷ സ്വീകരിച്ചു . ബാലൻ ചിന്മയാനന്ദ സരസ്വതിയായി . അടുത്ത സുഹൃത്തായിരുന്ന കാർട്ടൂണിസ്റ്റ് കുട്ടി പക്ഷേ ഈ വാർത്ത വിശ്വസിച്ചില്ല .” ബാലനെ എനിക്ക് നന്നായറിയാം , അവൻ പല വേഷവും കെട്ടും ” എന്നായിരുന്നു കുട്ടിയുടെ അഭിപ്രായം .
എന്നാൽ പലവട്ടം തിരിച്ചു പോയ ബാലകൃഷ്ണമേനോൻ ഇക്കുറി ഭൗതിക ജീവിതത്തിലേക്ക് തിരിച്ചു പോയില്ല . പൂർവ്വാശ്രമത്തിലെ സമരതീക്ഷ്ണമായ യൗവനം തികച്ചും അപ്രത്യക്ഷമായി . പകരം സമൂഹത്തിന് ആനന്ദം പകർന്ന് നൽകുന്ന ചിന്മയാനന്ദൻ ജന്മമെടുത്തു.
ഋഷീകേശിൽ നിന്ന് ചാർധാമിലേക്ക് , പിന്നീട് കാശിയിലേക്കും വാരണാവതത്തിലേക്കും ഹിമഗിരിനിരകളിലൂടെ ആത്മാന്വേഷണ തൃഷ്ണയുമായി ചിന്മയാനന്ദൻ അലഞ്ഞു . ഇതിനിടയിൽ തപോവന സ്വാമികളുമായി കൂടിക്കാഴ്ച. കുറച്ചു നാൾ സ്വാമികളോടൊപ്പം ഉപനിഷത്തും വേദങ്ങളുമടങ്ങുന്ന ആത്മീയ പ്രപഞ്ചത്തിലേക്ക് ..
തനിക്ക് ലഭിച്ച ആത്മജ്ഞാനം ആത്മവിസ്മൃതിയിലാണ്ട ഭാരതത്തിന് നൽകണമെന്ന് സ്വാമികൾ എപ്പോഴും ആഗ്രഹിച്ചിരുന്നു . ഹിമാലയത്തിലെ ഏകാന്ത ധ്യാനമല്ല തന്റെ ലക്ഷ്യമെന്ന്, ഇടയ്‌ക്കിടെ തിരിച്ചെത്തുന്ന പൂർവ്വാശ്രമത്തിലെ സമരഭടനും ഓർമ്മിപ്പിച്ചു . പിന്നീടൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല . സ്വാമികൾ ഹിമാലയമിറങ്ങി ജനസമുദ്രത്തിലലിഞ്ഞു.
ചിന്മയാനന്ദ സരസ്വതികളുടെ വാഗ്വൈഖരിയിൽ ഉപനിഷത്തും ഭഗവ്ദ് ഗീതയും അദ്വൈതവും ഭാരതം അനുഭവിച്ചറിഞ്ഞു. കാശ്മീരം മുതൽ കുമാരി വരെ , ദയാനന്ദന്റെയും വിവേകാനന്ദന്റെയും ബംഗാളും നാനാക്കിന്റെ പഞ്ചാബും കൽഹണന്റെ കാശ്മീരവും ശങ്കരന്റെയും ശ്രീനാരായണന്റെയും കേരളവുമെല്ലാം പുതിയ അവധൂതനെ അറിഞ്ഞു . ഭാരതം പുതിയൊരു വേദാന്ത ജൈത്രയാത്രയ്‌ക്ക് സാക്ഷ്യം വഹിച്ചു.
നരേന്ദ്രനാദം അദ്ധ്യാത്മ ചിന്തകളുരുക്കഴിച്ച പാശ്ചാത്യ നാടുകളിൽ ചിന്മയാനന്ദ നാദവും വേദാന്ത സത്യങ്ങൾ പകർന്ന് നൽകി . ജനപദങ്ങളിൽ നിന്നും ജനപദങ്ങളിലേക്ക് ചിന്മയനാദം പ്രയാണം ചെയ്തു .
ഒടുവിൽ നാൽപ്പത്തിരണ്ട് വർഷത്തെ ആദ്ധ്യാത്മിക സപര്യയ്‌ക്ക് 1993 ൽ അമേരിക്കയിലെ സാൻഡിയാഗോയിൽ അവസാനമായി . പൂർവ്വാശ്രമത്തിലെ സമരതീഷ്ണതയും സന്യാസജീവിതത്തിലെ ആത്മീയ ചേതനയും പരമശാന്തിയിൽ വിലയം പ്രാപിച്ചു ..
ഹിമാലയത്തിൽ നിന്നാരംഭിച്ച വേദാന്ത യാത്രയ്‌ക്ക് ശിഷ്യർ ഹിമാലയത്തിൽ തന്നെ അന്ത്യവിശ്രമമൊരുക്കി . ആർഷപരമ്പരയിലെ അമൂല്യരത്നങ്ങളിലൊന്നായ സ്വാമി ചിന്മയാനന്ദ സരസ്വതികൾ സിദ്ധബാരിയിൽ മഹാസമാധിയിലാണ്ടു .
ചിന്മയാനന്ദ സ്വാമികളുടെ നൂറാം ജന്മദിനമാണിന്ന് .. സർവ്വചരാചരങ്ങളിലും സച്ചിന്മയമായി വസിക്കുന്ന ആത്മാവിനെ കാട്ടിക്കൊടുത്ത അപൂർവ്വ സന്യാസിക്ക് വേദാന്ത ഭാരതത്തിന്റെ പ്രണാമങ്ങൾ.