Icons

പ്രവാസിയായ് പ്രണീതരായ് …

കറുകച്ചാലിലെ വി എസ് പ്രതിപക്ഷ നേതാവല്ല . എം എൽ എ യുമല്ല . എന്തിന് ഒരു വാർഡ് മെംബർ പോലുമല്ല . എങ്കിലും കേരളത്തിലെ ഉൾ നാടൻ ഗ്രാമങ്ങളിൽ പോലും ഈ വിഎസിന്റെ ഗീതങ്ങൾ സുപരിചിതങ്ങളാണ് .  രാഷ്ട്ര ഭക്തി തുളുമ്പുന്ന കവിതകളിലൂടെ സംഘശാഖകളെ ദീപ്തമാക്കിയ വി എസ് ഭാസ്കരപ്പണിക്കരാണ് കറുകച്ചാലിലെ വി എസ് .
സ്വന്തം നാടും വീടും ഉപേക്ഷിച്ച് സംഘടനാ പ്രവർത്തനത്തിനായി അവധൂത സഞ്ചാരം നടത്തുന്നവർക്ക് എന്നും പ്രിയപ്പെട്ട ഒരു ഗീതമുണ്ട് . “പ്രവാസിയായ് പ്രണീതരായ്” എന്നു തുടങ്ങുന്ന ആ ഗീതമെഴുതിയത് കോട്ടയം കടയിനിക്കാട് തയ്യില്‍ ഭവനത്തിലെ വി എസ് ഭാസ്കരപ്പണിക്കരാണെന്ന് പക്ഷേ അവരിൽ പലർക്കുമറിയില്ല..
രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തിൽ പ്രവർത്തിച്ച് തുടങ്ങിയ നാൽപ്പതുകളിൽ തന്നെ സംഘശാഖയിലെത്തിയ ആളാണ് ഭാസ്കരപ്പണിക്കർ.  ആർ എസ് എസിന്റെ ആദ്യ നിരോധനത്തെ എതിർത്ത് സമരം നടത്തിയവരിൽ പണിക്കരുമുണ്ടായിരുന്നു . ഗുരുജി ഗോൾവൽക്കർ , മാധവ് ജി , ഭാസ്കർ റാവുജി തുടങ്ങിയ മഹാരഥന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന് ..
കേരളത്തിൽ സംഘപ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കൊപ്പം ഉയർന്നു കേട്ട
“ഉണര്‍ന്നു പോയ് ഉണര്‍ന്നുപോയ്
പ്രചണ്ഡ ഹിന്ദു പൗരുഷം
തകര്‍ന്നുപോയ് തകര്‍ന്നുപോയ്
കനത്ത കാല്‍വിലങ്ങുകള്‍.” എന്ന് തുടങ്ങുന്ന ഗീതവും അദ്ദേഹം എഴുതിയതാണ് .
കാവ്യോപാസനയെ രാഷ്ട്രോപാസനയാക്കി മാറ്റിയതിനാൽ മലയാളത്തിന് നല്ലൊരു കവിയെ നഷ്ടപ്പെട്ടപ്പോൾ രാഷ്ട്രഭക്തർക്ക് ലഭിച്ചത് ഒരുപിടി ഉണർത്തുപാട്ടുകളായിരുന്നു .  പ്രവാസിയായ് എന്നു തുടങ്ങുന്ന ഗീതത്തിലെ വരികളിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ കാവ്യഹൃദയം നമുക്ക് മനസ്സിലാക്കാൻ കഴിയും
“കടന്നുചെല്‍കയെങ്ങുമേ നഗരഗ്രാമഭാവമായ്
നിറഞ്ഞിടുന്ന ജീവിതത്തുടിപ്പുകള്‍ തിരഞ്ഞു നാം
അതില്‍ പകര്‍ന്നൊഴിക്ക ദേശസ്നേഹഭാവധാരകള്‍
കൊളുത്തിവയ്ക്ക ശുദ്ധധ്യേയബോധമാം വിളക്കുകള്‍. “
എന്ന വരികൾ ആ ഉദാത്തഭാവനയുടെ തെളിവാണ് ..
തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ പ്രസിഡന്റ് , ആർ എസ് എസ് കറുകച്ചാൽ താലൂക്ക് സംഘചാലക് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് . ശ്രീഗുരുജി ശതകം എന്ന കാവ്യവും മേഘസന്ദേശത്തിന്റെ വിവർത്തനവും അദ്ദേഹത്തിന്റെ സംഭാവനകളാണ് . മൃണാളിനി സാരാഭായിയുടെ അണ്ടര്‍ സ്റ്റാന്‍ഡിങ് ഭരതനാട്യ എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭരതനാട്യം അറിയേണ്ടതെല്ലാം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.  . കോട്ടയം ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടായി ഔദ്യോഗിക പദവി വഹിച്ചിരുന്നു..
2015 മെയ് 11 ന് വി എസ് ഭാസ്കരപ്പണിക്കർ നമ്മെ വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ഗീതങ്ങൾ കേരളമെങ്ങുമുള്ള സംഘശാഖകളെ ഇനിയും ദീപ്തമാക്കുക തന്നെ ചെയ്യും ..

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close