ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനങ്ങളും ഉപദേശങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. സ്പെഷല്‍ പൊലീസ് കമ്മീഷണര്‍ ദീപക് മിശ്ര റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസി വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പുറത്തുവന്നിട്ടില്ല.
റേഡിയോ ആക്ടീവ് പദാര്‍ഥം ഉള്ളില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന എയിംസ് ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനത്തിന് ഘടകവിരുദ്ധമായിരുന്നു യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ലബോറട്ടറി പരിശോധനാ ഫലം. ഇത് പുറത്തുവന്നതിന് ശേഷവും എയിംസ് ഫൊറന്‍സിക് മേധാവി സുധീര്‍ ഗുപ്ത പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിന്റ ഉപദേശം ഡല്‍ഹി പൊലീസ് തേടിയത്.
സംഭവത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അടുത്ത ആഴ്ച പൊതുതാല്പര്യ ഹര്‍ജി നല്‍കുമെന്ന് സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കിയിരുന്നു. കേസില്‍ ആദ്യം മുതല്‍ തന്നെ അട്ടിമറി സാദ്ധ്യത നിലനിന്നതായും സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു.
സുനന്ദയുടെ ശരീരത്തില്‍ റേഡിയോ ആക്ടീവ് സ്വഭാവമുള്ള പൊളോണിയത്തിന്റെ അമിതമായ സിന്നിദ്ധ്യമുണ്ടായിരുന്നുവെന്നും ഇതായിരിക്കാം മരണകാരണമെന്നുമായിരുന്നു എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെ ആദ്യ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിശദ പരിശോധനയ്ക്ക് വിദേശ ലാബുകളുടെ സഹായം തേടിയത്.