IconsColumns

സ്ഥിതിസമത്വ സമൂഹസൃഷ്ടി ലക്ഷ്യമാക്കിയ സന്യാസി ശ്രേഷ്ഠൻ

സ്വാമി ശങ്കരാനന്ദ തീർത്ഥപാദർ


.

ശ്രീശങ്കരാചാര്യ ഭഗവത്പാദർക്ക് ശേഷം കേരളം കണ്ട ആദ്ധ്യാത്മിക തേജസ്സാണ് ശ്രീമദ് വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പി സ്വാമികൾ.

വേദവ്യാസനും ശങ്കരനും കൂടിച്ചേർന്നാൽ നമ്മുടെ സ്വാമിയായി എന്ന് ശ്രീനാരായണ ഗുരുദേവൻ വിശേഷിപ്പിച്ച ചട്ടമ്പിസ്വാമികൾ മഹാസമാധി ആയിട്ട് ഇന്ന് 92 വർഷം തികയുകയാണ്.

ജാതിക്കതീതനായി ജീവിച്ച് ഒരു ജാതിരഹിത- വർഗ്ഗരഹിത സമൂഹത്തെ കെട്ടിപ്പടുക്കുക വഴി സ്ഥിതി സമത്വം കേരളത്തിൽ സ്ഥാപിക്കുകയായിരുന്നു സ്വാമികളുടെ ലക്ഷ്യം .

അങ്ങനെ കേരള നവോത്ഥാനത്തിനും സാമൂഹ്യ , സാമ്പത്തിക രാഷ്ട്രീയ പരിഷ്കരണത്തിനും സ്വാമികൾ ഇട്ട അടിത്തറയിൽ നിന്നാണ് ഒപ്പം ഉണ്ടായിരുന്നവരും ശേഷം വന്നവരുമായ മഹാത്മാക്കൾ പിന്നീടുള്ള നിർമ്മാണങ്ങൾ നടത്തിയത്

ജാതിക്കതീതമായ ഒരു വർഗ്ഗ രഹിത ഹിന്ദു സമൂഹം ഉണ്ടാകണമെങ്കിൽ അക്കാലത്ത് നിലനിന്നിരുന്ന അതിക്രൂരമായ ജാതി വ്യവസ്ഥയും അനാചാരങ്ങളും ഇല്ലാതാകണം എന്ന് മനസ്സിലാക്കിയ സ്വാമികൾ അതിനുള്ള സരണികൾ ഉണ്ടാക്കി.

ശൈവാദ്വൈത സിദ്ധാന്തവും അഹിംസയും ജീവിതത്തിൽ പ്രാവർത്തികമാകുമ്പോൾ മനുഷ്യനും മനുഷ്യനും തമ്മിൽ യാതൊരു വിധ അന്തരവും ഉണ്ടാകില്ല. അങ്ങനെ ജാതിക്കോ , മതത്തിനോ ,വർണ്ണത്തിനോ ,വസ്ത്രത്തിനോ, ഭാഷയ്ക്കോ മനുഷ്യനെ വിഭജിക്കാൻ സാദ്ധ്യമാകില്ലാ എന്നതായിരുന്നു സ്വാമികളുടെ ആദർശം.

അപ്പോൾ സ്ഥിതിസമത്വമുള്ള വർഗ്ഗരഹിതസമൂഹത്തെ കെട്ടിപ്പടുക്കുക സാദ്ധ്യമാകുമെന്ന് സ്വാമികൾ വിശ്വസിച്ചു. എല്ലാ വിഷയങ്ങളും യുക്തി , ശാസ്ത്രം , ചരിത്രം , നീതി , ന്യായം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തിയിരുന്ന സ്വാമികൾ വെറും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടമാടിക്കൊണ്ടിരുന്ന , അല്ലെങ്കിൽ നടപ്പാക്കിക്കൊണ്ടിരുന്ന അന്യായങ്ങൾക്കും അനീതിക്കും എതിരെ ശക്തമായി പ്രതികരിച്ചു.

അതിന്റെ ഫലമായി വേദങ്ങൾക്കും സംസ്കൃതഭാഷയ്ക്കും മേലെ ബ്രാഹ്മണ സമൂഹത്തിനുണ്ടായിരുന്ന മേൽക്കോയ്മ സ്വാമികൾ സൈദ്ധാന്തിക വിപ്ളവത്തിലൂടെ പൊട്ടിച്ചെറിഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങളിൽ വിപ്ളവകരമായ മാറ്റം ഉണ്ടാക്കാൻ “വേദാധികാര നിരൂപണം“ എന്ന സ്വാമികളുടെ ഗ്രന്ഥം സഹായകമായി.

അത് ചാതുർവർണ്യ വ്യവസ്ഥ എന്ന ചങ്ങലയിൽ പെട്ട് പീഡനം അനുഭവിച്ചിരുന്ന ബ്രാഹ്മണേതര സമൂഹത്തിൽ അവരുടെ അവകാശ സമരത്തിന് പ്രചോദനമായി . അതോടെ ‘പ്രാചീന മലയാളം‘ എന്ന ഗ്രന്ഥം ജാതി അടിസ്ഥാനത്തിൽ മേൽജാതിയിലുള്ളവർ മാത്രം അനുഭവിച്ചിരുന്ന സാമ്പത്തിക , രാഷ്ട്രീയ അധികാരങ്ങളും മറ്റ് അവകാശങ്ങളും ആനുകൂല്യങ്ങളും തള്ളിക്കളഞ്ഞു.

വേദാധികാര നിരൂപണം ജാതിഭേദമെന്യേ വേദപഠനം നടത്തുന്നതിനും വിദ്യാഭ്യാസത്തിനും ഉള്ള അർഹതയും ക്ഷേത്രം നിർമ്മിക്കാനുള്ള വഴിയും തുറന്നു കൊടുത്തു. അക്കാലത്ത് നിലനിന്നിരുന്ന,  സംസ്കൃതത്തെ മഹത്വവത്കരിച്ചു കൊണ്ടുള്ള അർത്ഥശൂന്യമായ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് ‘ആദിഭാഷ‘ എന്ന കൃതി രചിച്ചു.

വാസ്തവത്തിൽ സ്വാമികളുടെ വേദാധികാര നിരൂപണത്തിലെ മുഖ്യാംശങ്ങളെ അടിസ്ഥാനമാക്കിയിരുന്നു 1936 നവംബർ പന്ത്രണ്ടാം തീയതി തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ നടത്തിയ ക്ഷേത്രപ്രവേശന വിളംബരം.ഈ സുപ്രധാന വിളംബരത്തിന് സ്വാമികൾ ചെയ്ത സംഭാവന സുപ്രധാനവും വിലയേറിയതുമാണ് .

അതുപോലെ സാമൂഹ്യസമത്വം ഉറപ്പാക്കണമെങ്കിൽ സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനമുണ്ടാകണം .അവർക്കു മേൽ നിലനിന്നിരുന്ന അപരിഷ്കൃത ആചാരങ്ങൾ നിർത്തലാക്കുന്നതിന് സ്വാഭാവിക നടപടികളെടുത്തു. അതിന്റെ ഭാഗമായി 1930 ൽ ദേവദാസി സമ്പ്രദായം തിരുവിതാംകൂറിൽ നിർത്തലാക്കിയതിന്റെ പിന്നിലെ പ്രേരകശക്തിയും സ്വാമികളായിരുന്നു.

ജാതി സമ്പ്രദായം ഹിന്ദുക്കളുടെ സാമൂഹ്യ, സാംസ്കാരിക , സാമ്പത്തിക , ആദ്ധ്യാത്മിക മേഖലകളിലെ പുരോഗതിക്ക് വിലങ്ങുതടിയാണെന്ന് മനസ്സിലാക്കിയ സ്വാമിജിയും ശ്രീനാരായണ ഗുരുദേവനും 1893 ൽ ഏറ്റുമാനൂർ ഭജനമഠത്തിൽ വച്ച് കണ്ടപ്പോൾ ഈ വിഷയം ചർച്ച ചെയ്തു.

പ്രബല സമുദായങ്ങളായ ഈഴവരും നായന്മാരും ഒന്നിച്ചാൽ മറ്റ് സമുദായക്കാർ അവരോടൊപ്പം വരുമെന്ന് ചട്ടമ്പി സ്വാമികൾ വിശ്വസിച്ചു. തുല്യമായ വ്യവസ്ഥകളോടെ നായർ , ഈഴവ ,നാടാർ , പുലയ , പറയ മുതലായ സമുദായങ്ങളെയെല്ലാം ഏകോപിച്ചുകൊണ്ട് ഒരു ഹിന്ദു സമൂഹത്തെ കെട്ടിപ്പടുക്കുകയായിരുന്നു സ്വാമികളുടെ ലക്ഷ്യം.

സാമൂഹിക സമത്വവും ഹിന്ദു ഐക്യവും യാഥാർത്ഥ്യമാക്കാൻ സ്വാമികളും ഗുരുദേവനും ശ്രമിച്ചിരുന്നു . അവരുടെ സ്വപ്നം സഫലമായിരുന്നെങ്കിൽ ഇന്നും നടമാടുന്ന ജാതിസ്പർദ്ധയ്ക്കും വൃത്തികെട്ട രാഷ്ട്രീയത്തിനും പകരം ഒരു ഐക്യ സമൂഹത്തെ കാണാമായിരുന്നു. അതൊരു ശക്തമായ രാഷ്ട്രീയ പ്രസ്ഥാനമാവുമായിരുന്നു.

സ്വാമികൾ സ്വപ്നം കണ്ട വർഗ്ഗ രഹിത സമൂഹ നിർമ്മാണത്തിന് ശ്രീനാരായണ ഗുരുദേവന്റെയും മറ്റ് ഗുരുക്കന്മാരുടേയും പ്രവർത്തനം നിലമൊരുക്കി. എന്നാൽ ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു .ജാതി അടിസ്ഥാനത്തിലുള്ള ചേരി തിരിവും അനൈക്യവും സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിൽ പുരോഗതിക്ക് തടസ്സമായ ഒരു നിർണായക ഘടകമായി മാറിയിരിക്കുന്നു.

സ്വാമികളുടെ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഇനിയെങ്കിലും പരമഭട്ടാരക ചട്ടമ്പി സ്വാമികളുടെ ആദർശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നാം തയ്യാറായാൽ അത് സമൂഹത്തിന് പ്രയോജനം ചെയ്യും .അങ്ങനെ വർഗ്ഗരഹിത സമൂഹമുണ്ടാകുമ്പോൾ ജാതി രാഷ്ട്രീയവും അരാജകത്വവും ആയുധമാക്കുന്നവർക്ക് അവരുടെ വിള നിലം നഷ്ടമാവുകയും ചെയ്യും.

14 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close