NewsIcons

എൻ.വി. കൃഷ്ണവാര്യർ, ഭാഷാകൈരളിയുടെ വരപ്രസാദം

മലയാളസാഹിത്യശാഖയിൽ എക്കാലത്തെയും സുവർണ്ണനാമധേയങ്ങളിലൊന്നാണ് എൻ.വി. കൃഷ്ണവാര്യർ. കവിത, നിരൂപണം, സാഹിത്യഗവേഷണം, വിജ്ഞാനസാഹിത്യം, മലയാളപത്രപ്രവർത്തനം തുടങ്ങി ബഹുമുഖങ്ങളായ ഭാഷാതലങ്ങളിൽ തന്റെ സർഗ്ഗവൈഭവത്തിന്റെ കയ്യൊപ്പു ചാർത്തിയ മഹാ പ്രതിഭയായിരുന്നു അദ്ദേഹം.

ബഹുഭാഷാപണ്ഡിതനും, കവിയും, സാഹിത്യചിന്തകനുമായിരുന്ന എൻ.വി 1916 മെയ് 13നാണ് ജനിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ, ചേർപ്പിൽ ഞെരുക്കാവിൽ വാര്യത്ത് അച്യുത വാര്യരുടെയും, മാധവി വാരസ്യാരുടെയും മകനായി ജനിച്ച എൻ.വി, വല്ലച്ചിറ പ്രൈമറി സ്കൂൾ, പെരുവനം സംസ്കൃത സ്കൂൾ, തൃപ്പൂണിത്തുറ സംസ്കൃത കോളേജ് തുടങ്ങിയയിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസ് സർവ്വകലാശാലയിൽ ഗവേഷണവും, വ്യാകരണഭൂഷണം, സാഹിത്യശിരോമണി, ബി.ഒ.എൽ, എം.ലിറ്റ്, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങളും, ജർമ്മൻ ഭാഷയിൽ ഡിപ്ലോമയും നേടി.

1942 വരെ അദ്ധ്യാപകജീവിതം നയിച്ച എൻ.വി, തുടർന്ന് ജോലി രാജി വച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. സ്വതന്ത്രഭാരതം എന്ന നിരോധിക്കപ്പെട്ട പത്രം നടത്തിയിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. തുടർന്ന്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് തുടങ്ങിയയിടങ്ങളിൽ ലക്ചറായും സേവനമനുഷ്ഠിച്ചു.

കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്ന അദ്ദേഹം, മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപർ, കുങ്കുമം വാരികയുടെ പത്രാധിപർ, വിജ്ഞാന കൈരളി പത്രാധിപർ, മധുരയിലെ ദ്രാവിഡഭാഷാസമിതിയുടെ സീനിയർ ഫെലോ എന്നീ സ്ഥാനങ്ങളും അലങ്കരിച്ചു.

ആദ്യകവിതാസമാഹാരം നീണ്ടകവിതകൾ എന്ന പേരിൽ 1948ലാണ് പ്രസിദ്ധീകരിക്കുന്നത്. ഗാന്ധിയും ഗോഡ്സേയും (കവിതാസമാഹാരം), വളളത്തോളിന്റെ കാവ്യശില്പം (നിരൂപണം), വെല്ലുവിളികൾ പ്രതികരണങ്ങൾ (വൈജ്ഞാനികസാഹിത്യം) തുടങ്ങിയ രചനകൾക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി.

കവിതകൾ, യാത്രാവിവരണങ്ങൾ, നാടകങ്ങൾ, ബാലസാഹിത്യം, വിവർത്തനങ്ങൾ, ലേഖനങ്ങൾ, പഠനങ്ങൾ, പ്രബന്ധങ്ങൾ തുടങ്ങി സാഹിത്യതിന്റെയും, ഭാഷയുടെയും ഭാവനാപരവും, സാങ്കേതികവുമായ ഏതാണ്ടെല്ലാ മേഖലകളിലും എൻ.വി കൃഷ്ണവാര്യർ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

മാതൃഭൂമി പ്രസിദ്ധീകരണങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിൽ എൻ.വി വഹിച്ച പങ്ക് വളരെ വലുതാണ്. ഋജുവും, ഗംഭീരവുമായ ഭാഷയും, അതിന്റെ പ്രയോഗവും സമകാലീന എഴുത്തുകാരിൽ നിന്നെല്ലാം എൻ.വിയെ അത്യുന്നതമായ മാനങ്ങളിൽ വേറിട്ടു നിർത്തി.

1989 ഒക്ടോബർ 12ന് മലയാളസാഹിത്യരംഗത്തെ ആ അതികായൻ കൈരളിയോടു വിട പറഞ്ഞു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close