ബംഗളുരു: സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ ജേതാക്കൾ. വിരാട് കോഹ് ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ എട്ട് റൺസിനാണ് ഹൈദരാബാദ് തോൽപ്പിച്ചത്. ആദ്യമായാണ് സൺറൈസേഴ്സ് കിരീടത്തിൽ മുത്തമിടുന്നത്.
ഒൻപതാം സീസണിൽ മാന്ത്രികനെപ്പോലെ ബാറ്റ് വീശിയ വിരാട് കോഹ് ലിക്കും ഹൈദരാബാദിന്‍റെ സൂര്യോദയം തടുക്കാനായില്ല. ജയത്തിലേക്ക് നീങ്ങിയ ബാംഗ്ലൂരിനെ ഹൈദരാബാദ് ബൗളർമാർ എട്ട് റൺസ് അകലെവെച്ച് എറിഞ്ഞൊതുക്കി.
209 റൺസ് വിജയലക്ഷ്യമായി ക്രീസിലിറങ്ങിയ റോയൽ ചലഞ്ചേഴ്സിനായി ഓപ്പണർമാരായ വിരാട് കോഹ് ലിയും ക്രിസ് ഗെയിലും നൽകിയത് തകർപ്പൻ തുടക്കം. ഭുവനേശ്വർ കുമാറിനെയും സംഘത്തേയും തകർത്ത് സഖ്യം നേടിയത് 114 റൺസ്.
പിന്നീട് കൃത്യതയോടെ പന്തെറിഞ്ഞ സൺറൈസേഴ്സ് ബൗളർമാർ എ.ബി ഡിവില്ലിയേഴ്സ്, ഷെയിൻ വാട്സൺ എന്നിവരെ മടക്കിയതോടെ ബാംഗ്ലൂർ പത്തിമടക്കി.
ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസെടുത്തത്.69 റൺസെടുത്ത നായകൻ ഡേവിഡ് വാർണറാണ് ടോപ് സ്കോറർ.അവസാന ഓവറുകളിൽ ആഞ്ഞ് വീശിയ ഓൾ റൗണ്ടർ ബെൻ കട്ടിങിന്‍റെ ബാറ്റിംഗ് മികവാണ് ഹൈദരാബാദ് സ്കോർ 200 കടത്തിയത്. കട്ടിങ്ങാണ് കളിയിലെ താരം.















