Columns

പെരുമാൾ മുരുഗനെ നിങ്ങളറിയും : ജോ ഡിക്രൂസിനെ അറിയുമോ ?

അഡ്വ. ശങ്കു ടി ദാസ്


ജോ ഡിക്രൂസ് ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു.

തൂത്തുക്കുടി ജില്ലയിലെ കോർക്കൈ ഗ്രാമത്തിലെ പ്രബല വിഭാഗമായ ‘പരതവർ’ എന്ന അരയ സമുദായക്കാരുടെ ചരിത്രവും ജീവിതവും മതപരിവർത്തനവുമൊക്കെ പശ്ചാത്തലാക്കി എഴുതിയിരുന്ന ജോയുടെ ആദ്യ നോവലായ “ആഴി സൂഴ് ഉലകം” 2005ൽ പുറത്തിറങ്ങുകയും, തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന സാഹിത്യ പുരസ്‌കാരത്തിന് അർഹമാവുകയും ചെയ്തിരുന്നു. 2009ൽ ജോയുടെ രണ്ടാമത്തെ നോവലായ “കോർക്കൈ” പ്രസിദ്ധീകരിക്കപ്പെടുകയും, അത് പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തന്നെ നേടുകയും ചെയ്തു.

JOE_D_CRUZ_11_1860478f

എന്നാൽ 2014ൽ ജോ ഡിക്രൂസ് അക്ഷന്തവ്യമായ ഒരപരാധം പ്രവർത്തിക്കുകയുണ്ടായി.

രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയായിരുന്ന സാഹചര്യത്തിൽ, ഒരു ഫേസ്ബുക് പോസ്റ്റിലൂടെ, ശ്രീ നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രി ആവുന്നതിനെ അദ്ദേഹം പരസ്യമായി പിന്തുണച്ചു.ജോയുടെ എല്ലാ സ്വർഗ്ഗങ്ങളും ഒന്നിച്ച് നിലം പതിച്ചത് അന്നാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവൽ ഭടന്മാരായ ഇടതു ലിബറലുകളത്രയും ജോക്കെതിരെ ഉറഞ്ഞുതുള്ളി.

ഭീഷണി സന്ദേശങ്ങളും, തെറി വിളികളും, പരിഹാസ ശരങ്ങളും അയാൾക്ക്‌ ചുറ്റും കുമിഞ്ഞു കൂടി.ആഴി സൂഴ് ഉലകം എന്ന ജോയുടെ നോവൽ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം ചെയ്യുന്നതിൽ നിന്നും വിവർത്തകയായ ഗീതയും, പ്രസാധകരായ നവയാനാ ബുക്‌സും പിന്മാറുന്നതായി പ്രഖ്യാപിച്ചു.2009ൽ പുറത്തിറങ്ങിയ ജോയുടെ കോർക്കൈ എന്ന നോവലിൽ ക്രിസ്തു മതത്തെയും, പാതിരിമാരെയും, കന്യാസ്ത്രീകളേയും ഒക്കെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ട് എന്നാരോപിച്ച് 2015ൽ അദ്ദേഹത്തിനെതിരെ സിവിലായും ക്രിമിനലായും കേസുകൾ റെജിസ്റ്റർ ചെയ്യപ്പെട്ടു.

തന്റെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്തിയതിന്റെ പേരിൽ മാത്രം ഒരെഴുത്തുകാരൻ ഇത്തരത്തിൽ വേട്ടയാടപ്പെട്ടിട്ടും ആവിഷ്കാര സ്വാതന്ത്ര്യവാദികളാരും പ്രതികരിച്ചില്ല.പുരോഗമന ലിബറലുകളൊന്നും അസഹിഷ്ണുതയെ പഴിച്ചില്ല.ഒരെഴുത്തുകാരൻ പോലും അവാർഡ് മടക്കി കൊടുത്ത് പ്രതിഷേധിച്ചില്ല.
ഒടുവിൽ, അതിനോടകം എഴുതി പൂർത്തിയാക്കിയിരുന്ന “അസ്തിനപുരം” എന്ന തന്റെ മൂന്നാമത്തെ നോവലിന്റെ പ്രകാശന വേദിയിൽ വെച്ച്, നോവലെഴുത്ത് എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.

‘ജോ ഡിക്രൂസ് ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു’ എന്നു പറഞ്ഞാണ് നമ്മൾ തുടങ്ങിയത്, അല്ലേ?

അതെ, ജോ ഡിക്രൂസ് ഇന്നൊരു നോവലിസ്റ്റേ അല്ല.

ജോയെ പോലെ തന്നെ, പെരുമാൾ മുരുഗനും ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു.

തിരുച്ചെങ്ങോട് ഗ്രാമത്തിലെ അർദ്ധ നാരീശ്വര ക്ഷേത്രത്തിന്റെയും, അവിടുത്തെ വൈകാശി-വിശാഖം ഉത്സവത്തിന്റെയും പശ്ചാത്തലത്തിൽ, കൊങ്ങ് വെള്ളാള ഗൗണ്ടർ എന്ന സമുദായക്കാരുടെ ജീവിതം പറഞ്ഞ “മധോരുഭാഗൻ” എന്ന മുരുഗന്റെ നോവലിനെതിരെ തമിഴ്നാട്ടിലെ ചില ജാതി-മത സംഘടനകൾ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് അദ്ദേഹം ചർച്ചയിലിടം പിടിക്കുന്നത്.

DSC_0125_2277729f

“കുട്ടികളില്ലാത്ത വിവാഹിതരായ സ്ത്രീകൾക്ക് ക്ഷേത്രോത്സവത്തിന്റെ അവസാന ദിനം ഏതു പുരുഷനുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്നാണ് ആചാരം” എന്നും, “അന്നാട്ടിലെ മുപ്പതുകാരികളും മുതിർന്നവരും ആ ദിവസത്തിനായി കാത്തിരുന്നിരുന്നു..” എന്നും, “നഗരത്തിലെ മുഴുവൻ സ്ത്രീകളും അന്ന് വേശ്യകളായി മാറും” എന്നുമൊക്കെയുള്ള മുരുഗന്റെ നോവലിലെ അസത്യ പരാമർശങ്ങൾ അർദ്ധനാരീശ്വര ക്ഷേത്രത്തെയും, വൈകാശി വിശാഖം ഉത്സവത്തെയും, തിരുച്ചെങ്ങോട് ഗ്രാമത്തിലെ മുഴുവൻ കൊങ്ങ് വെള്ളാള ഗൗണ്ടർമാരെയും അപകീർത്തിപ്പെടുത്തുന്നതാണ് എന്നതായിരുന്നു പ്രതിഷേധക്കാരുടെ പക്ഷം.

മുരുഗനെ ആരും കയ്യേറ്റം ചെയ്തില്ല.തല്ലുമെന്നോ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയില്ല.മുരുഗന്റെ വീടിന് നേരെയോ, പുസ്തകം പ്രസിദ്ധീകരിച്ച സ്ഥാപനത്തിന് നേരെയോ ഒരാക്രമണവും ഉണ്ടായില്ല.നോവലിലെ അപകീർത്തിപ്പെടുന്നതായ ഭാഗങ്ങൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള നിയമപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങളാണ് മധോരുഭാഗനെതിരെ നടന്നതത്രയും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ പെരുമാൾ മുരുഗൻ എഴുത്തവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
മുരുഗന്റെ എല്ലാ സ്വർഗ്ഗങ്ങളും ഒന്നിച്ചു വാതിൽ തുറന്നത് അന്നാണ്.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാവൽ മാലാഖകളത്രയും മുരുഗന് പിന്തുണയുമായി രംഗത്തവതരിച്ചു.മുരുഗൻ ഹിന്ദുത്വ ഫാസിസത്തിന്റെ ഇരയായി ചിത്രീകരിക്കപ്പെട്ടു.

പാരീസിലെ ചാർളി ഹെബ്ദോ ഐക്യദാർഢ്യ പ്രതിഷേധത്തിന്റെ മാതൃകയിൽ മുരുഗന് വേണ്ടി ജെ_സ്യൂസ്_മുരുഗൻ ഹാഷ്ടാഗ് ക്യാമ്പയിൻ ആരംഭിച്ചു.
മുരുഗന്റെ മധോരുഭാഗൻ ഉൾപ്പടെയുള്ള കൃതികൾ എല്ലാ ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെടുകയും ധാരാളമായി വായിക്കപ്പെടുകയും ചെയ്തു.
ഒടുവിൽ വിവാദവും ചർച്ചകളുമെല്ലാം തണുത്താറിയപ്പോൾ, “പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവമോ പുനർജന്മ വിശ്വാസിയോ അല്ലാത്തതിനാൽ അയാളിനി ഉയർത്തെഴുന്നേൽക്കില്ല” എന്ന് പറഞ്ഞ അതേ മുരുഗൻ തന്നെ, എഴുത്ത് നിർത്താനുള്ള തന്റെ ‘തീരുമാനം’ പിൻവലിക്കുന്നതായും പുതിയ നോവൽ എഴുതി തുടങ്ങുന്നതായും പ്രഖ്യാപിച്ചു.

‘ജോയെ പോലെ തന്നെ പെരുമാൾ മുരുഗനും ഒരു തമിഴ് നോവലിസ്റ്റ് ആയിരുന്നു’ എന്നാണ് ഞാൻ ആദ്യം പറഞ്ഞത്, അല്ലേ?
തെറ്റിയതാണ്. ജോ ഡിക്രൂസിനെ പോലെയല്ല പെരുമാൾ മുരുഗൻ.അവരുടെ രാഷ്ട്രീയവും, അവരുടെ എതിരാളികളും, അവരുടെ സുഹൃത്തുക്കളും ഒക്കെ വേറെയാണ്.

അതിനാലാണ് ഒരു ദിവസം കൊണ്ട് ഒരാളുമറിയാതെ ജോ ഒരു നോവലിസ്റ്റേ അല്ലാതായതും, മുരുഗൻ എന്ന നോവലിസ്റ്റിന് സൗകര്യാനുസരണം മരിച്ചു ചർച്ചയാവാനും പിന്നീട് ഒട്ടും ചർച്ചയാവാതെ പുനർജനിക്കാനും ഒക്കെ സാധിച്ചതും.അതു കൊണ്ട് തന്നെയാണ്, എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങളെ കുറിച്ചുള്ള നമ്മുടെ ചർച്ചകളിൽ എവിടെയും ജോ ഡിക്രൂസ് എന്ന പേര് കടന്നു വരാത്തതും, പെരുമാൾ മുരുഗൻ ഒരു ബിംബമായി തന്നെ നിറഞ്ഞു നിൽക്കുന്നതും.

JIMSHAR-2

ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ജിംഷാർ വിഷയം.’പടച്ചവന്റെ ചിത്രപ്രദർശനം’ എന്ന പേരിലൊരു കഥയെഴുതിയതിന്റെ പേരിൽ മത മൗലികവാദികളാൽ ആക്രമിക്കപ്പെട്ട ജിംഷാറിനോട് ഐക്യപ്പെടുമ്പോൾ താരതമ്യത്തിൽ ഓർമിക്കപ്പെടേണ്ടത് യഥാർത്ഥത്തിൽ പെരുമാൾ മുരുഗനായിരുന്നില്ല. പകരം, ഒരു ചോദ്യപേപ്പർ തയ്യാറാക്കിയതിന്റെ പേരിൽ മത തീവ്രവാദികൾ കയ്യറുത്തു മാറ്റിയ, അതിന്റെ പേരിൽ ജോലിയും ജീവിതവും നഷ്ടപ്പെട്ട, തൊടുപുഴ ന്യൂമാൻ കോളേജിലെ ജോസഫ് മാഷായിരുന്നു.

ദുരിതവും ദാരിദ്ര്യവും മനോവേദനയും താങ്ങാനാവാതെ ആത്മഹത്യ ചെയ്ത മാഷിന്റെ ഭാര്യ സലോമിയായിരുന്നു.ഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തെ വിമർശിച്ചതിന്റെ പേരിൽ അധ്യാപക വൃത്തിയിൽ നിന്നും പുറത്താക്കപ്പെട്ട ആസാദ് മാഷായിരുന്നു.പർദ്ദ ധരിക്കുന്നതിനെ പരിഹസിച്ചതിന് പ്രതികാരമായി മതമൗലിക വാദികളാൽ ഉപജീവനമാർഗ്ഗമായ സ്റ്റുഡിയോ തീയിട്ടു നശിപ്പിക്കപ്പെട്ട തളിപ്പറമ്പിലെ റഫീഖ് ആയിരുന്നു.

TJ-Joseph-and-wife-Salomi-L

അസഹിഷ്ണുതയും മതവെറിയും ചേർന്ന് എഴുത്തവസാനിപ്പിക്കാൻ നിർബന്ധിതനാക്കിയ ജോ ഡിക്രൂസ് കൂടി ആയിരുന്നു.

അവരാണല്ലോ ശരിക്കും ബാധിക്കപെട്ടവർ.
അവരാണല്ലോ നഷ്ടങ്ങൾ സഹിച്ചവർ.
അവരാണല്ലോ യഥാർത്ഥ ഇരകൾ.

ജിംഷാറിന്റെ കഥാസമാഹാരം ഈ വരുന്ന ഓഗസ്റ്റ് അഞ്ചിന് പ്രകാശനം ചെയ്യപ്പെടുകയാണെന്ന വാർത്ത സന്തോഷത്തോടെയാണ് വായിച്ചത്.
എന്നാൽ അതിനോടനുബന്ധിച്ചു നടക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റിയുള്ള ചർച്ചകൾ നിരാശപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂവെന്ന് പറയാതെയും വയ്യ.

69 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close