രാജ്യം കണ്ട എക്കാലത്തേയും മികച്ച കായിക താരങ്ങളിൽ ഒരാളാണ് ലിയാൻഡർ പേസ്. ഏഴാം ഒളിംപിക്സിൽ മത്സരിക്കുന്ന പേസ്, റിയോയിൽ രോഹൻ ബൊപ്പണ്ണയുമൊത്ത് തന്‍റെ രണ്ടാം ഒളിംപിക്സ് മെഡലാണ് സ്വപ്നം കാണുന്നത്.
ഇന്ത്യയ്‌ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഒളിംപിക്സുകളിൽ മത്സരിക്കാനിറങ്ങിയ താരം, ഏഴ് ഒളിംപിക്സുകളിൽ മത്സരിക്കുന്ന ലോകത്തിലെതന്നെ ആദ്യ ടെന്നീസ് താരം, രാജ്യം കണ്ട എക്കാലത്തേയും മികച്ച കായിക താരങ്ങളിൽ ഒരാൾ. അങ്ങനെ ലിയാൻഡർ അഡ്രിയാൻ പേസിന് വിശേഷണങ്ങൾ നിരവധി.
1996ൽ തന്‍റെ രണ്ടാമത്തെ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയപ്പോൾ, ആ മെഡലിന് സ്വർണത്തേക്കാൾ തിളക്കമുണ്ടായിരുന്നു. വെങ്കല മെഡലിന് വേണ്ടിയുള്ള മത്സരത്തിൽ ബ്രസീലിന്‍റെ ഫെർണാണ്ടോ മെലിഗിനിക്കെതിരെ ആദ്യ സെറ്റ് 3-6 ന് പരാജയപ്പെട്ടതിന് ശേഷമായിരുന്നു ലിയാണ്ടറിന്‍റെ തിരിച്ചുവരവ്.
1952 ന് ശേഷം ഇന്ത്യയുടെ ആദ്യവ്യക്തിഗത മെഡൽ. 44 വർഷത്തെ ആ മെഡൽ വരൾച്ചക്ക് വിരാമമിട്ടത് ലിയാൻഡർ പേസിന്‍റെ നേട്ടമായിരുന്നു. പീന്നീടിങ്ങോട്ട് എല്ലാ ഒളിംപിക്സുകളിലും ഇന്ത്യ മെഡൽപ്പട്ടികയിൽ ഇടം നേടി.
ഇക്കുറി നേരിട്ടായിരുന്നില്ല ലിയാൻഡർ പേസ് ഒളിംപിക്സിന് യോഗ്യത നേടുന്നത്. റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയ രോഹൻ ബൊപ്പണ്ണ തന്‍റെ പങ്കാളിയായി പെയ്സിനെ പരിഗണിക്കാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ മെഡൽ സാധ്യത പരിഗണിച്ച് പേസിനെ രോഹന്‍റെ പങ്കാളിയാക്കി റിയോ ടീം പ്രഖ്യാപിക്കുകയായിരുന്നു.
ഒന്നുറപ്പ്, അഭിപ്രായ വ്യത്യാസങ്ങളും അനിഷ്ടങ്ങളുമൊക്കെ മറന്ന് കോർട്ടിലിറങ്ങിയാൽ പേസ്-ബൊപ്പണ്ണ സഖ്യത്തിന് റിയോയിൽ മെഡൽ സാധ്യം.















