റിയോയിൽ ഒളിംപിക് ആവേശത്തിന് ഇന്ന് തിരിതെളിയും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.30മുതലാണ് 16 നാൾ നീണ്ടുനിൽക്കുന്ന 31-ാം ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറുക.
ബെയ്ജിങ്ങിലും ലണ്ടനിലും കണ്ട പണക്കൊഴുപ്പിന്‍റെ ഉദ്ഘാടനമാകില്ല റിയോയിലേത്. ബ്രസീലിയൻ സംസ്കാരത്തിന്‍റെ വൈവിധ്യക്കാഴ്ചകളും പരിസ്ഥിതി സംരക്ഷണവുമുൾപ്പെടെയുള്ല ആശയങ്ങളും മാരക്കാന സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിക്കും.
വിസ്മയമാകുമെന്ന് ലോകം പ്രതീക്ഷിക്കുന്ന ചടങ്ങുകൾക്കായി 40000ത്തോളം താരങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി പരിശീലനം തുടരുകയാണ്. 35000 പ്രൊഫഷണലുകളും12 സാംബ സ്കൂളുകളും വിഖ്യാത സംവിധായകൻ ഫെർണാണ്ടോ മാരില്ലെസ് ഒരുക്കുന്ന ഉദ്ഘാടന രാവിൽ അണിനിരക്കും. പ്രശസ്ത ബ്രസീലിയൻ സംഗീതജ്ഞൻ പൗലിനോ ഡെ വിയോള ഉദ്ഘാടനച്ചടങ്ങിൽ ദേശീയ ഗാനാലാപനത്തിന് നേതൃത്വം നൽകും. ബ്രസീലുകാർക്ക് പ്രിയങ്കരനായ ഗിൽബർട്ടോ ഗില്ലും ബ്രസീലിയൻ ഇതിഹാസ താരങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
കറുത്ത വർഗക്കാരായ മൂന്ന് ഗായികമാർ വർണവിവേചനത്തിനെതിരെ ലോകം ഒന്നിക്കണമെന്ന സന്ദേശവുമായി റിയോയിൽ ഒത്തുചേരും. ഇതിൽ 79കാരിയായ എൽസ സോറസും 12കാരിയായ എംസി സോഫിയയും ഉൾപ്പെടും. ഫുട്ബോൾ ഇതിഹാസം പെലെയാകും മാരക്കാനയിൽ ഒളിംപിക് ദീപം തെളിയിക്കുക എന്നാണ് കരുതുന്നത്. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ പതാകയേന്തുക.















