ലോക കായിക മാമാങ്കത്തിന് റിയോയിൽ തിരിതെളിഞ്ഞു. ലാറ്റിനമേരിക്കയുടെ തനത് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. ബീജിംഗ് ഒളിംപിക്സിലെ സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
ലോകം കാത്തിരുന്ന ലാറ്റിനമേരിക്കൻ സാംസ്കാരിക തനിമയുടെ നിറഭേദങ്ങൾ. പാരമ്പര്യ തനിമയാർന്ന നൃത്ത രൂപങ്ങളുടെ നിറചാർത്തിൽ മാരക്കാന സ്റ്റേഡിയം. ലണ്ടൻ ഒളിമ്പിക്സിന് ശേഷം പ്രതിഭ തേച്ചുമിനുക്കിയവർ പോർച്ചുഗീസ് അക്ഷരമാല ക്രമത്തിൽ അണിനിരന്നപ്പോൾ മാരക്കാന ആവേശഭരിതം.
മാർച്ച് പാസ്റ്റിൽ 96മത്തെ ടീമായി അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘമെത്തിയപ്പോൾ അഭിമാനം വാനോളം. അമേരിക്കയുടേയും ജമൈക്കയുടേയും പതാകയേന്തിയത് സൂപ്പർ താരങ്ങളായ മൈക്കൽ ഫെൽപ്സും ഷെല്ലി ആൻ ഫ്രേസറും.
സാങ്കേതിക വിദ്യയുടെ ഉപയോഗം കുറച്ച് നാദ-പ്രകാശങ്ങളുടെ ശബളിമയിൽ മൂന്നര മണിക്കൂർ നീണ്ടു ഉദ്ഘാട ചടങ്ങ്.
ഇനിയുള്ള 15 ദിവസങ്ങൾ റിയോയിൽ നിന്നുള്ള മിന്നും പ്രകടനത്തിനായുള്ള കാത്തിരിപ്പിലാണ് കായിക പ്രേമികൾ.















