റിയോയിൽ വിസ്മയം തീർക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാരതം. 15 ഇനങ്ങളിലായി 118 താരങ്ങളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഒൻപത് സ്വർണവും ആറ് വെള്ളിയും പതിനൊന്ന് വെങ്കലവും ഉൾപ്പെടെ 26 മെഡലുകളാണ് ഒളിംപിക്സിൽ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം.
ലണ്ടൻ ഒളിംപിക്സിലേയോ എട്ട് കൊല്ലം മുൻപ് ബീജിംഗിൽ കാണിച്ച പ്രകടനമോ ആകില്ല ഇത്തവണ റിയോയിൽ. കഴിഞ്ഞ തവണത്തെ ആറിന് പകരം 15 ലേറെ മെഡലുകളാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. ലോകകായിക മാമാങ്കത്തിൽ ആവേശപ്പോരിനിറങ്ങും മുൻപ് ഒരു തിരിഞ്ഞുനോട്ടം.
1990 ലെ പാരിസ് ഒളിമ്പിക്സിൽ ആഗ്ലോ ഇന്ത്യൻ അത്‍ലറ്റ് നോർമൻ പ്രിച്ചാർഡ് ഓടി നേടിയ രണ്ട് വെള്ളിമെഡലുകൾ. അതായിരുന്നു ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽനേട്ടം. അവിടെത്തുടങ്ങിയ മെഡൽനേട്ടം ഇന്നെത്തി നിൽക്കുന്നത് ഒൻപത് സ്വർണവും ആറ് വെള്ളിയും പതിനൊന്ന് വെങ്കലവും ഉൾപ്പെടെ 26 മെഡലുകളെന്ന കണക്കിൽ.
ഹോക്കിയിലായിരുന്നു ഇന്ത്യയുടെ മെഡൽ കൊയ്‌ത്ത്. എട്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമുൾപ്പെടെ പതിനൊന്ന് മെഡലുകളാണ് ഹോക്കിയിൽ നേടിയത്. ഇതിന് പുറമേ ഗുസ്തി, ടെന്നീസ്, ഭാരോദ്വഹനം, ഷൂട്ടിങ്, ബോക്സിങ്, ബാഡ്മിന്‍റൺ എന്നീ ഇനങ്ങളിലാണ് ഇന്ത്യക്ക് മെഡലുകൾ ലഭിച്ചത്. ജിംനാസ്റ്റിക്സ്, ആർച്ചറിഎന്നീ ഇനങ്ങളിലും മെഡൽനേടി ഇന്ത്യൻ താരങ്ങൾ റിയോയിൽ വിസ്മയമാകുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് കായിക പ്രേമികൾ.















