റിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ ഭാരതത്തിന് പുതുചരിത്രം. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ദീപ കര്‍മാക്കര്‍ ഫൈനല്‍ യോഗ്യത നേടി. ഭാരതത്തിന് വേണ്ടി ജിംനാസ്റ്റിക്‌സില്‍ ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ വനിതാതാരമാണ് ദീപ. വോള്‍ട്ട് ഇനത്തില്‍ എട്ടാമതായിട്ടാണ് ദീപ ഫൈനല്‍ യോഗ്യത നേടിയത്.
ആദ്യ മൂന്ന് ഡിവിഷനുകള്‍ അവസാനിക്കുമ്പോള്‍ ആറാം സ്ഥാനത്തായിരുന്നു ദീപ. നാലാം ഡിവിഷനില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടെങ്കിലും അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനം നിലനിര്‍ത്തിയതോടെ യോഗ്യതാ കടമ്പ മറികടക്കുകയായിരുന്നു.
ത്രിപുരയില്‍ നിന്നുളള ദീപ കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും വെങ്കല മെഡല്‍ ജേതാവായിരുന്നു. വോള്‍ട്ട് കൂടാതെ അണ്‍ ഈവന്‍ ബാര്‍, ബാലന്‍സ് ബീം, ഫ്‌ളോര്‍ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലും ദീപ മത്സരിച്ചിരുന്നു. എന്നാല്‍ വോള്‍ട്ടിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
മൂന്ന് വട്ടം ഓള്‍റൗണ്ട് ചാമ്പ്യനായിരുന്ന അമേരിക്കയുടെ സിമോണ്‍ ബൈല്‍സ് ആണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമത് എത്തിയത്. ഉത്തരകൊറിയയുടെ ജോംഗ് ഉന്‍ ഹോങ് രണ്ടാമതും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗ്യൂലിയ സ്റ്റീങ്‌റൂബര്‍ മൂന്നാമതും ഇടംപിടിച്ചു.
52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരതം ജിംനാസ്റ്റിക് ഇനത്തില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. 1964 ല്‍ പുരുഷ വിഭാഗത്തിലാണ് ഭാരതം ഇതിന് മുന്‍പ് അവസാനമായി ജിംനാസ്റ്റിക്‌സില്‍ യോഗ്യത നേടിയത്.















