റിയോ : റിയോ ഒളിമ്പിക്‍സിന്‍റെ മൂന്നാംദിനം ഇന്ത്യക്ക് നിർഭാഗ്യത്തിന്‍റേതായി.ഒപ്പം നിരാശയുടെയും. അഭിനവ് ബിന്ദ്രയ്‌ക്ക് നേരിയ വ്യത്യാസത്തിൽ മെഡൽ നഷ്ടമായപ്പോൾ, അവസാന നിമിഷം വീണ ഗോളിൽ ഹോക്കിയിൽ ഇന്ത്യ പരാജയപ്പെട്ടു.നീന്തൽ, അമ്പെയ്‍ത്ത് തുടങ്ങിയ മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ നിരീശപ്പെടുത്തി.
ബീജിംഗിൽ സ്വർണം നേടിയ 10 മീറ്‍റർ എയർ റൈഫിൾസിൽ അഭിനവ് ബിന്ദ്ര ഫൈനലിലെത്തിയപ്പോൾ ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയായിരുന്നു.എന്നാൽ ബിന്ദ്രയുടെ തോക്കിൻ മുനയിൽ നിർഭാഗ്യം കൂടുകൂട്ടിയപ്പോൾ മെഡൽ നഷ്‍ടമായത് തലനാരിഴയ്‌ക്ക്. മൂന്നാം സ്ഥാനത്തിനായി നടന്ന ഷൂട്ട് ഓഫിൽ അര പോയിന്‍റ് വ്യത്യാസത്തിലാണ് ബിന്ദ്ര പിന്തള്ളപ്പെട്ടത്.
കഴിഞ്ഞ ഒളിമ്പിക്‍സിലെ വെങ്കലമെഡൽ ജേതാവ് ഗഗൻ നാരംഗും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഫൈനലിലെത്താനായില്ല. പ്രാഥമിക റൗണ്ടിൽ 23 ആം സ്ഥാനത്തെത്താനെ നാരംഗിന് കഴിഞ്ഞുള്ളൂ. പുരുഷന്‍മാരുടെ ട്രാപ്പ് ഇനത്തിൽ മാനവ് ജിത് സന്ധുവും ക്യാനന്‍ ചെനായ് യും ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.പുരുഷ ഹോക്കിയിൽ രണ്ടാം മത്സരത്തിനിറങ്ങിയ ഇന്ത്യ ജർമ്മനിയോട് തോറ്‍റു.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു തോൽവി. കളി അവസാനിക്കാൻ മൂന്നു സെക്കന്‍റ് മാത്രം അവശേഷിക്കുമ്പോഴായിരുന്നു ജർമ്മനിയുടെ വിജയഗോൾ.
വനിതാ ഹോക്കിയിൽ ബ്രിട്ടനോട് കനത്ത തോൽവിയാണ് ഇന്ത്യ ഏറ്‍റുവാങ്ങിയത്. ഏകപക്ഷീയമായ മൂന്നുഗോളുകൾക്കായിരുന്നു ബ്രിട്ടന്‍റെ വിജയം.നീന്തലിലും നിരാശ തന്നെയായിരുന്നു ഇന്ത്യക്ക്.200 മീറ്‍റർ ബട്ടർഫ്ലൈസിൽ ഇറങ്ങിയ മലയാളി താരം സജൻ പ്രകാശിന് 28 ആം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.വനിതകളുടെ 200 മീറ്‍ററിൽ ഇന്ത്യയുടെ ശിവാനിക്കും സെമിയിലേക്ക് യോഗ്യത നേടാനായില്ല. അമ്പെയ്‍ത്തിൽ വ്യക്തിഗത ഇനത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ലക്ഷ്‍മി റാണി മാജിയും പുറത്തായി.















