Special

ജൈവ വെണ്ടകൃഷി വീട്ടുമുറ്റത്തെ പോഷകകൃഷി

മലയാളിയുടെ ദൈനം‌ദിന ജീവിതത്തിൽ ഏറെക്കുറേ എല്ലാവരും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയിനമാണ് വെണ്ടയ്ക്ക. ഇവിടെയെന്നല്ല, ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വെണ്ട കൃഷി ചെയ്യുന്നുണ്ട്. ആഫ്രിക്കയിൽ ഉത്ഭവിച്ചു എന്നു കരുതപ്പെടുന്ന ഈ സസ്യത്തിന്റെ ഫലമാണ് ഭക്ഷ്യാവശ്യത്തിനുപയോഗിക്കുന്നത്.

വളരെ ചെറിയ പരിമിതിയിലും കൃഷി ചെയ്യാമെന്നതാണ് വെണ്ടയുടെ ഏറ്റവും ആകർഷകമായ മേന്മ. ചെടിച്ചട്ടികളിൽ പോലും കൃഷി ചെയ്യാൻ കഴിയുമെന്നതിനാലും, വെണ്ടയുടെ പൂവും, കായും ആകർഷകമാണെന്നതിനാലും വീട്ടിൽ അലങ്കാരത്തിനും അതോടൊപ്പം ഭക്ഷ്യാവശ്യത്തിനും വെണ്ട നട്ടു പരിപാലിക്കാവുന്നതാണ്. ലേഡീസ് ഫിംഗേഴ്സ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ മനോഹര സസ്യത്തിന്റെ ശാസ്ത്രീയനാമം Abelmoschus esculentus എന്നാണ്.

ജീവകം എ, ജീവകം സി, ജീവകം കെ, ജീവകം ബി6, തയാമിൻ, ഫൈബറുകൾ, ഫോസ്‌ഫറസ്, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ്, സിങ്ക്, ചെമ്പ്, നിയാസിൻ, റൈബോഫ്ലേവിൻ തുടങ്ങി നമ്മുടെ ദൈനംദിന ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായകമായ നിരവധി പോഷകഗുണങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

പശിമയുള്ള വെണ്ടയുടെ കറ നമ്മുടെ ദഹനപ്രവർത്തനങ്ങളെ വളരെയേറെ സഹായിക്കുന്നതാണ്. കാഴ്ചശക്തിയ്ക്കും, ചർമ്മസുരക്ഷയ്ക്കും വെണ്ടയ്ക്ക ആഹാരത്തിലുൾപ്പെടുത്തുന്നത് ഗുണം ചെയ്യും. മുഖക്കുരു ഒഴിവാക്കുന്നതിനും, ചർമ്മത്തിലെ പാടുകൾ മാറ്റി ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിനും വെണ്ടയ്ക്ക ഗുണകരമാണ്. വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം, ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നിയന്ത്രിച്ച് അതുവഴി ജലത്തിന്റെ അളവിനെ ക്രമപ്പെടുത്തുകയും, ഞരമ്പുകൾക്കും, ഹൃദയത്തിനും ആരോഗ്യം പകരുന്നതുമാണ്.

കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വിളയുന്ന വെണ്ടയ്ക്ക, കൃഷി ചെയ്യാൻ വളരെ ലളിതമാണ്. വ്യത്യസ്തമായ വെണ്ടയിനങ്ങൾ ഇന്നു ലഭ്യമാണ്. നാടൻ ഇനങ്ങൾ മുതൽ സങ്കരയിനങ്ങൾ വരെ, സാമ്പാർ വെണ്ട എന്ന രുചികരമായ ചെറിയ ഇനം മുതൽ ആനക്കൊമ്പൻ എന്നറിയപ്പെടുന്ന വമ്പൻ വരെ. ഇങ്ങനെ വിവിധ വെണ്ടയിനങ്ങളിൽ ഇഷ്ടമുള്ളവ തിരഞ്ഞെടുത്തു കൃഷി ചെയ്യാവുന്നതാണ്.

ജനുവരി-ഫെബ്രുവരി മാസങ്ങളിലോ, സെപ്റ്റംബർ-ഒക്ടോബർ മാസത്തിലോ വെണ്ട നടുന്നതാണ് ഉത്തമം. കൃഷി ചെയ്യാനുപയോഗിക്കുന്ന മണ്ണ് നന്നായി ഇളക്കി അതിൽ കരിയില കൂട്ടിയിട്ടു കത്തിക്കുക. (ചെടിച്ചട്ടികളിലാണെങ്കിൽ ചാരം ചേർത്തിളക്കുകയുമാകാം) അമ്ലത്വം കുറവുള്ള മണ്ണാണ് കൃഷിയ്ക്കുത്തമം. ചട്ടികളിലല്ലാതെ കൃഷി ചെയ്യുമ്പോൾ, കൃഷിയിടത്തിലെ മണ്ണിൽ ഉണ്ടായേക്കാവുന്ന അനാവശ്യ കീടങ്ങളെയും അണുക്കളെയും നശിപ്പിക്കുന്നതിനും കൃഷിയിടത്തിൽ തന്നെയുള്ള കത്തിക്കൽ പ്രയോജനം ചെയ്യുന്നു. അതിനു ശേഷം ആ ചാരവും മണ്ണുമായി നന്നായി ഇളക്കി യോജിപ്പിക്കുക. ചാരവുമായി നന്നായി ഇളക്കി യോജിപ്പിച്ച മണ്ണിൽ വേപ്പിൻ പിണ്ണാക്കു ചേർക്കുന്നതും കീടബാധയെ നിയന്ത്രിയ്ക്കാൻ നല്ലതാണ്.

ചെറിയ നനവുള്ള മണ്ണിൽ വിത്തു നടാവുന്നതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുള പൊട്ടും. ദിവസം ഒരു നേരം മാത്രം നനച്ചു കൊടുത്താൽ മതിയാകും. വേനൽക്കാലമാണെങ്കിൽ പോലും ഓരോ ദിവസം ഇടവിട്ട് നനച്ചു കൊടുത്താൽ മതിയാകും.

വെണ്ട വളർന്നു വരുമ്പോൾ ആവശ്യത്തിനു മാത്രം വളം നൽകുക. രാസവളങ്ങൾ പാടേ ഉപേക്ഷിയ്ക്കുന്നതാണ് കായ്ഫലത്തിന്റെ രുചിയ്ക്കും, ഗുണത്തിനും, മണ്ണിന്റെ ജൈവസമ്പുഷ്ടി തുടർന്നും നിലനിർത്തുന്നതിനും ഉത്തമം. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കോഴിക്കാഷ്ടം, മണ്ണിര‌കമ്പോസ്റ്റ്, നേർപ്പിച്ച ഗോമൂത്രം, ബയോഗ്യാസ് പ്ലാന്റിൽ നിന്നും ലഭിക്കുന്ന സ്ലറി തുടങ്ങിയ വളങ്ങൾ ആവശ്യാനുസരണം നൽകാവുന്നതാണ്.

ഇലത്തുള്ളൻ, വെള്ളീച്ച, കായ്‌തുരപ്പൻ, തണ്ടുതുരപ്പൻ, നിമ വിരകൾ, ഇലചുരുട്ടിപ്പുഴു തുടങ്ങിയ കീടങ്ങൾ വെണ്ടയ്ക്കു ഭീഷണിയാണ്. മൊസേക്ക് രോഗം, മുഞ്ഞ, കീടങ്ങൾ നീരൂറ്റിക്കുടിയ്ക്കുന്നതിന്റെ ഫലമായി വരണ്ടുണങ്ങിപ്പോവുക തുടങ്ങിയവ കർഷകരെ വലയ്ക്കാറുണ്ട്. ഇതിനെതിരേയും ജൈവരീതികൾ അവലംബിയ്ക്കുന്നതാണ് ഉത്തമം.

അടുക്കളത്തോട്ടമെന്നല്ല, വീടിന്റെ മുൻവശത്തു തന്നെ അഴകു വിടർത്തുന്ന വെണ്ട, അടുക്കളയുടെ കയ്യെത്തും ദൂരത്തു വളർത്താവുന്ന പോഷകങ്ങളുടെ കലവറ കൂടിയാണ്. വില കൊടുത്തു വിഷം വാങ്ങി ഉപയോഗിക്കുന്ന നമുക്ക് അയത്നലളിതമായി വീട്ടുമുറ്റത്ത് കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറി കൂടിയാണ് വെണ്ട.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close