Columns

മറന്നുവോ നമ്മൾ അതിർത്തി ഗാന്ധിയെ …

കാളിയമ്പി


ഭാഷയും മതവും പോലും ദേശീയതകളായി ചുരുക്കിയെഴുതി തങ്ങൾക്കാവശ്യമുള്ള ആസാദികൾ മൊത്തമായും ചില്ലറയായും നടപ്പിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ സകലരും ഒളിഞ്ഞും തെളിഞ്ഞും ഇല്ലാതെയാക്കാൻ അകത്തുനിന്നും പുറത്തുനിന്നും പ്രയത്നിയ്ക്കുന്നതിന്റെയിടയിൽ ഭാരതം, ആസേതുഹിമാചലം പടർന്നുകയറിയ ആയിരത്താണ്ടുകൾ പഴക്കമുള്ള മനസ്സായ ഈ രാഷ്ട്രം, ആധുനികകാലത്തെ വൈദേശികാധിനിവേശത്തിൽ നിന്നുള്ള അതിന്റെ എഴുപതാം സ്വാതന്ത്യദിനം ആഘോഷിയ്ക്കുന്നു.

ഖാൻ അബ്ദുൾ ഗാഫർഖാൻ എന്ന ബാദ്ഷാ ഖാൻ, ഭാരതവും പാകിസ്ഥാനും വേർപിരിയാൻ തീരുമാനമെടുത്ത സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോട് പറഞ്ഞു. “ഞങ്ങൾ പഷ്തൂണികൾ നിങ്ങളുടെ കൂടെ സ്വാതന്ത്ര്യത്തിനായി ഇന്ന് വരെ നിന്നു. ഈ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗങ്ങൾ സഹിച്ചു. പക്ഷേ നിങ്ങൾ ഞങ്ങളെ ചെന്നായ്ക്കൾക്കിട്ടു കൊടുത്തു കളഞ്ഞു.”

പാകിസ്ഥാൻ എന്നത് നാലു പ്രൊവിൻസുകളാണ്. പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വാ. ഇതിൽ ഖൈബർ പഖ്തൂൺഖ്വായിലെ ജനങ്ങളെയാണ് കോൺഗ്രസ്സുകാർ ‘ചെന്നായ്ക്കൾക്കിട്ടു കൊടുത്തു‘ എന്ന് അവിടത്തെ നേതാവായ ഖാൻ അബ്ദുൾ ഗാഫർഖാൻ പറഞ്ഞത്.

മതാടിസ്ഥാനത്തിലൊരു രാഷ്ട്രം വിഭജിച്ച് യാതൊരു തത്വദീക്ഷയുമില്ലാത്തവരുടെ കയ്യിലേൽപ്പിയ്ക്കുന്നത് ലോകസമാധാനത്തിനു തന്നെയൊരു ഭീഷണിയായി വരുമെന്ന് അതിർത്തിഗാന്ധി എന്ന് അറിയപ്പെട്ടിരുന്ന ബാദ്ഷാ ഖാൻ ഭയന്നു കാണണം. ആ ഭയം സത്യമെന്ന് തന്നെ കാലം തെളിയിച്ചു.

ഇന്നത്തെ പാകിസ്ഥാന്റെ അഫ്ഗാനിസ്ഥാനിനോട് ചേർന്ന് കിടക്കുന്ന ഭാഗമാണ് ഖൈബർ പഖ്തൂൺഖ്വാ. അവിടെ പഷ്തൂൺ താഴ്വരയിലെ ഒരു കുടുംബത്തിലാണ് 1890 ഫെബ്രുവരി ആറാം തീയതി ഖാൻ അബ്ദുൾ ഗാഫർഖാൻ ജനിച്ചത്. ഇരുപത് വയസ്സാകുമ്പോഴേ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അദ്ദേഹം പങ്കാളിയായി. സ്വന്തം ഗ്രാമത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി ഒരു പള്ളിക്കൂടം തുടങ്ങിയായിരുന്നു തുടക്കം.

അഞ്ചു കൊല്ലത്തിനകം ബ്രിട്ടീഷ് സർക്കാർ ആ പള്ളിക്കൂടം പൂട്ടാൻ ഉത്തരവിട്ടു. അഫ്ഗാൻ റിഫോം സൊസൈറ്റി, പഷ്തൂൺ അസംബ്ളി എന്നൊക്കെയുള്ള സംഘടനകൾ തുടങ്ങിയെങ്കിലും 1929 നവംബർ മാസത്തിൽ ഖുദായി ഖിദ്മദ്ഗാർ എന്ന അഹിംസാവ്രതത്തിലൂന്നിയ സന്നദ്ധസംഘടന തുടങ്ങിയതാണ് ഒരു മുന്നേറ്റമായി ഭാരതമൊട്ടാകെ പടർന്ന് പന്തലിച്ചത്.

ഖൈബർ പഖ്തൂൺഖ്വായുടെ സാസ്കാരികജീവിതത്തിലും സാമൂഹ്യനവോത്ഥാനത്തിലും അത്രയേറെ സംഭാവനകൾ നൽകിയ അദ്ദേഹത്തെ അവിടത്തെ ജനങ്ങൾ സ്നേത്തോടെ ബാദ്ഷാ ഖാൻ എന്ന് വിളിച്ചു. പഷ്തൂൺ ഭാഷയിൽ ബാച്ചാ ഖാൻ എന്നും. ഗാന്ധിജിയുമായി പരിചയപ്പെട്ട അദ്ദേഹം ഗാന്ധിജിയുടെ സത്യാഗ്രഹസമരത്തിന്റെ ഏറ്റവും വലിയ പ്രയോക്താവായി മാറി. .

Gandhi_and_Abdul_Ghaffar_Khan_during_prayer_Cropped_Brighter

അന്ന് പഖ്തൂൺഖ്വായുടെ കാര്യം പരമകഷ്ടമായിരുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകിയാൽ നരകത്തിൽ വീണുപോവും എന്ന് ഭീഷണിപ്പെടുത്തിയിരുന്ന മൊല്ലാക്കമാരുടെയും പരസ്പരമുള്ള കുടിപ്പകകൾ കാരണം പോരടിച്ച് നശിച്ചുകൊണ്ടിരിയ്ക്കുന്ന ഗോത്രങ്ങളുടേയും ഇടയിലേയ്ക്ക് അഹിംസയുടെയും സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും മന്ത്രവുമായി ഖുദായി ഖിദ്‌മദ്ഗാർ ഉയർന്ന് വന്നു. ദൈവത്തിന്റെ സേവകർ എന്നാണ് ഖുദായി ഖിദ്മദ്ഗാർ എന്ന വാക്കിന്റെ അർത്ഥം. ചുവന്ന ഗണവേഷം ധരിച്ചിരുന്നത് കൊണ്ട് ചുവപ്പുകുപ്പായക്കാർ എന്ന് ആൾക്കാർ വിളിച്ചുവന്നു.

വിദ്യാഭ്യാസത്തിനും സാ‍മൂഹ്യപുരോഗതിയ്ക്കുമായി നിരന്തരം പ്രയത്നിച്ച ഖുദായി ഖിദ്മദ്ഗാർ പഖ്തൂൺഖ്വായിൽ വലിയ മാറ്റങ്ങളുണ്ടാക്കി. വിദ്യാഭ്യാസം നരകത്തിലേയ്ക്കുള്ള വഴിയാണെന്ന അന്ധവിശ്വാസം കുറഞ്ഞു വന്നു. പരസ്പരമുള്ള വൈരങ്ങളും കുടിപ്പകയും അഹിംസയുടെ മാർഗ്ഗത്തിനു വഴിമാറി. ഭാരതമൊട്ടാകെ അലയടിച്ച വൈദേശികാധിനിവേശത്തിനെതിരേയുള്ള കൊടുങ്കാറ്റ്, സ്വാതന്ത്ര്യദാഹം പഖ്തൂൺ ഖ്വായിലും അനുരണനങ്ങളുയർത്തി. ഭാരതം ഒന്നാണെന്നും ഹിന്ദുസ്ഥാൻ ആരുടേയും അടിമയല്ലെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഖുദായി ഖിദ്മദ്ഗാറുകൾ ബ്രിട്ടീഷുകാർക്കെതിരേ നിരന്തരം സമരങ്ങൾ നടത്തി.

ബ്രിട്ടീഷുകാർ വെറുതേയിരുന്നില്ല, ക്രൂരമായിത്തന്നെ അവർ ഈ അഹിംസാവ്രതക്കാരെ നേരിട്ടു. തണുത്തു വിറങ്ങലിച്ച ശീതകാലത്ത് തടാകങ്ങളിൽ തള്ളിയിട്ടും, ജയിലിലടച്ചു പട്ടിണിയ്ക്കിട്ടും, കുതിരകളെ ജനങ്ങൾക്ക് നേരേ പായിച്ച് ചവിട്ടിപ്പിച്ചും വാഹനങ്ങൾ ഓടിച്ചുകയറ്റിയും പിടിച്ചുകൊണ്ടുപോയി മുണ്ഡനം ചെയ്തുമൊക്കെ കഴിയുന്ന രീതിയിലെല്ലാം അവർ ഈ പ്രസ്ഥാനത്തെ അടിച്ചമർത്താൻ നോക്കി.

അഹിംസ ജീവിതവ്രതമാക്കണമെന്ന് പക്ഷേ ബാദ്ഷാ ഖാൻ നിരന്തരം ഓർമ്മിപ്പിച്ചു. “ഹിംസയെ കൂടുതൽ ഹിംസ കാണിച്ചാൽ തൽക്കാലം കീഴ്പ്പെടുത്താം. പക്ഷേ അഹിംസയെ തോൽപ്പിയ്ക്കാൻ ഒന്നിനും ഒരിയ്ക്കലും സാധ്യമല്ല.” അദ്ദേഹം പറഞ്ഞു.

“അഹിംസയെ നിങ്ങൾക്ക് കൊല്ലാനാവില്ല. അത് വീണ്ടും ഉയർന്ന് വരും. “അക്രമം എല്ലായ്പ്പോഴും വെറുപ്പിനെയുണ്ടാക്കും. അഹിംസ സ്നേഹവുമുണ്ടാക്കും അതാണ് അക്രമസമരവും അഹിംസയും തമ്മിലുള്ള വ്യത്യാസം. അഹിംസാവ്രതക്കാരനായിരിയ്ക്കാൻ കൂടുതൽ ധൈര്യശാലികൾക്കേ കഴിയൂ.” അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗാന്ധിജിയും ബാദ്ഷാ ഖാനും സഹോദരരേക്കാൾ അടുപ്പമുള്ളവരായിത്തീർന്നു. ഖുറാനോടൊപ്പം ഭഗവത് ഗീതയ്ക്കും ഗുരു ഗ്രന്ഥ സാഹിബിനും ബാദ്ഷാ ഖാൻ ജീവിതത്തിൽ പ്രാമുഖ്യം നൽകിയിരുന്നു. ഖുദായി ഖിദ്മദ്ഗാറുകൾ എല്ലാ മതങ്ങളേയും ഒരുപോലെ കണ്ടു. സാഹോദര്യം അവനും ഇവനുമെന്ന വേർതിരിവിന്റെ അതിരിൽ ഒളിച്ചുവച്ചവരായിരുന്നില്ല നന്മയുടെ ആ പടയാളികൾ.

168734_192645180765173_100000590777786_644486_1970069_n

ഉപ്പു സത്യാഗ്രഹത്തിന്റെ കൊടുങ്കാറ്റ് രാഷ്ട്രമൊട്ടാകെ ആഞ്ഞടിച്ച കാലം. 1930 ഏപ്രിൽ മാസം 23ആം തീയതി ബാദ്ഷാ ഖാനെ ബ്രിട്ടീഷുകാർ ജയിലിലടച്ചു. പെഷാവാറിലെ കിസാ കവാനീ ബാസാറിൽ അതിനെതിരേ പ്രതിഷേധിയ്ക്കാൻ നൂറുകണക്കിനു ജനങ്ങൾ തടിച്ചുകുടി. ബ്രിട്ടീഷുകാർ ആ ജനങ്ങൾക്ക് നേരേ വാഹനങ്ങൾ ഓടിച്ച് കയറ്റി ആളുകൾ മരണപ്പെട്ടു.

ജനങ്ങൾ തിരികെ ആക്രമിച്ചതിൽ ഒരു ബ്രിട്ടീഷ് പോലീസുകാരനും മരണപ്പെട്ടു. ആ സ്ഥലത്തേക്ക് സമാധാനം സ്ഥാപിയ്ക്കാനായി ഖുദായി ഖിദ്മദ്ഗാർ സന്നദ്ധസേവകർ ഉടനേയെത്തി. മരിച്ചവരുടെ ശരീരങ്ങളുമായി പൊയ്ക്കൊള്ളാമെന്നും ബ്രിട്ടീഷ് ഭടന്മാർ ബാസാർ വിട്ടു പോകണമെന്നും അവർ ആവശ്യപ്പെട്ടു. ഇനിയും മരണങ്ങളൊഴിവാക്കാൻ ജനങ്ങളെ നിയന്ത്രിയ്ക്കാൻ അവർ ശ്രമിച്ചു. പക്ഷേ ബ്രിട്ടീഷുകാർ വഴങ്ങിയില്ല. അവർ ബാസാർ വിട്ടു പോയില്ലെന്ന് മാത്രമല്ല പട്ടാളക്കാർ യന്ത്രത്തോക്കുകളുമായി വന്ന് സന്നദ്ധസേവകർക്ക് നേരേ വെടിയുതിർക്കാൻ തുടങ്ങി.

ലോകം അന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അത്ഭുതകരമായ കാഴചയാണ് ആ ബാസാറിൽ പിന്നീട് കണ്ടത്. ഖുദായി ഖിദ്മദ്ഗാർ സന്നദ്ധസേവകർ വെടിയുണ്ടകൾക്ക് നേരേ ഒഴിഞ്ഞ കയ്യുമായി നടന്നടുത്തു. ആദ്യത്തെ നിര വെടിയേറ്റ് വീഴുമ്പോൾ അടുത്ത നിര വെടിയേൽക്കാൻ നിരന്നു നിന്നു. വെടിയുണ്ടകൾ പൂമാലകൾ പോലെ നെഞ്ചിലേറ്റി അരിപ്പപോലെയായ ശരീരവുമായി വീഴുമ്പോൾ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ബലിദാനം നൽകിയെന്ന സന്തോഷവുമായി ആ സന്നദ്ധസേവകർ അല്ലാഹു അക്ബർ എന്ന് മന്ത്രിച്ചു ഭാരതാംബയുടെ മാറിൽ തലചായ്ച്ച് വീണു.

ഒരു കല്ലുപോലും തിരികെയെറിയാതെ ഊഴമിട്ട് വെടിയുണ്ടകൾക്ക് നേരേ നെഞ്ചുവിരിച്ചു നിൽക്കുന്ന മനുഷ്യരുടെ ധൈര്യം കണ്ട് അമ്പരന്ന് രണ്ട് പ്ളറ്റൂൺ ബ്രിട്ടീഷ് പട്ടാളക്കാർ വെടിവയ്ക്കുന്നത് നിർത്തി. അവർ മേലുദ്യോഗസ്ഥരുടെ ആജ്ഞയനുസ്സരിയ്ക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് തോക്കുകൾ താഴെ വച്ചു.

ഏകദേശം നാനൂറു ഖുദായി ഖിദ്മദ്ഗാർ സേവകർ വരെ അന്നവിടെ ഭാരതാംബയ്ക്കായി ബലിദാനികളായി എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ആയിരത്തിലേറെപ്പേർക്ക് പരിക്കുപറ്റി. പൊതുവേ യുദ്ധവീരന്മാരായ പഠാണികൾ അഹിംസാവ്രതക്കാരായത് എല്ലാവരേയും അമ്പരപ്പിച്ചു. “ബ്രിട്ടീഷുകാർക്ക് നമ്മൾ അക്രമികളായിരിയ്ക്കുകയാണ് വേണ്ടത്. നമ്മൾ അഹിംസാവൃവ്രതമനുഷ്ഠിയ്ക്കുന്നത് തകർക്കാനും നമ്മെ വീണ്ടും അക്രമത്തിലേക്ക് നയിയ്ക്കാനും വേണ്ടതെല്ലാം അവർ ചെയ്യും.” ബാദ്ഷാ ഖാൻ പിന്നീട് പറഞ്ഞു.

അവർക്ക് നേരേ വെടിയുതിർക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ ബ്രിട്ടീഷ് പട്ടാളത്തിലെ ഗർഹ്‌വാൾ റൈഫിൾസിലെ ഭടന്മാരെ ബ്രിട്ടീഷുകാർ കോർട്ട്മാർഷ്യൽ ചെയ്തു. ചിലരെ ജീവപര്യന്തം തടവിനു പോലും ശിക്ഷിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഗർഹ്‌വാൾ റൈഫിൾസ് നടത്തിയ പോരാട്ടവീര്യം മറ്റൊരു റജിമെന്റും കാണിച്ചിരുന്നില്ല. അവരുടെയിടയിൽ നിന്ന് തന്നെ ഇത്തരമൊരു പെരുമാറ്റം വന്നത് ബ്രിട്ടീഷുകാരെ നന്നായി ഭയപ്പെടുത്തി. ഭാരതം മുഴുവൻ ഈ സംഭവം സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റ് ആളിക്കത്തിച്ചു.

single-post-image-history1

1932ൽ സ്ത്രീ സ്വാതന്ത്ര്യത്തിനായി പ്രവർത്തിയ്ക്കാൻ ബാദ്ഷാ ഖാൻ തീരുമാനിച്ചു, ഖുദായി ഖിദ്മദ്ഗാറിൽ സ്ത്രീകളേയും സന്നദ്ധസേവകരായി ഉൾപ്പെടുത്തി. ഒരു സമൂഹം സ്ത്രീകളോട് പെരുമാറുന്ന രീതി നോക്കിയാൽ അവരുടെ സംസ്കാരം അറിയാനാകും. ബാദ്ഷാ ഖാൻ പറഞ്ഞു.

പ്രൊവിൻസുകൾക്ക് സ്വയംഭരണാവകാശം അനുവദിച്ച് 1936ൽ ബ്രിട്ടീഷുകാർ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഖൈബർ പഖ്തൂൺഖ്വായിൽ ബാദ്ഷാ ഖാന്റെ സഹോദരൻ ഡോക്ടർ ഖാൻ സാഹെബ് അധികാരത്തിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് വളരെയേറെ ഭരണനേട്ടങ്ങൾ നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞു. പ്രത്യാശയുടെയും നന്മയുടേയും നാളുകളാ‍വും തങ്ങളെ കാത്തിരിയ്ക്കുകയെന്ന് അവർ സന്തോഷപൂർവം കരുതി.

അഹിംസാവ്രതമായിരുന്നെങ്കിലും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രവർത്തനങ്ങൾക്കും പഖ്തൂണിലെ ധീരരായ പഠാണികൾ സഹായിച്ചിട്ടുണ്ട്. 1941ൽ കൽക്കട്ടയിലെ വസതിയിൽ നിന്ന് ഒരു പഠാണിയുടെ വേഷത്തിൽ രക്ഷപെട്ട നേതാജി ഡൽഹിയിൽ നിന്ന് പെഷവാറിലെത്തിയ അദ്ദേഹം ഖുദായി ഖിദ്മദ്ഗാറുകളോടും ബാദ്ഷാ ഖാനോടും വളരെ അടുപ്പമുള്ള മിയാൻ അക്ബർ ഷായുടെ സഹായത്തോടെയാണ് സോവിയറ്റ് യൂണിയൻ വഴി ജർമ്മനിയിലേക്ക് കടക്കുന്നത്.

14009947_1030895657030048_936743579_n

മുഹമ്മദലി ജിന്നയുടെ ദ്വിരാഷ്ട്രവാദത്തെ ആദ്യം മുതലേ എതിർത്തിരുന്നയാളാണ് ബാദ്ഷാ ഖാൻ. മതാടിസ്ഥാനത്തിൽ ഭാരതത്തെ വെട്ടിമുറിയ്ക്കുകയെന്നത് മഹാപാതകമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പഖ്തൂൺഖ്വായിലും പൊതുവേ അങ്ങനെയൊരു മനോഭാവമാണ് നിലവിലിരുന്നത്. പക്ഷേ ബ്രിട്ടീഷുകാർ ദ്വിരാഷ്ട്രവാദത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ജിന്ന എന്നും ബ്രിട്ടീഷുകാരുടെ താൽപ്പര്യങ്ങൾ അനുസരിയ്ക്കുമെന്ന് അവർ കരുതിയിരിയ്ക്കണം. പാകിസ്ഥാൻ വാദത്തിനു വേണ്ട വെള്ളവും വളവും ബ്രിട്ടീഷുകാർ നൽകിക്കൊണ്ടിരുന്നു.

വിഭജനത്തിനെതിരായതുകൊണ്ട് തന്നെ മുസ്ലീം വിരുദ്ധനായി ചിത്രീകരിയ്ക്കപ്പെട്ട ബാദ്ഷാ ഖാനെ 1946ൽ ഒരു കൂട്ടമാൾക്കാർ ആക്രമിച്ചു. പരിക്കുകളോടെ അദ്ദേഹം ആശുപത്രിയിലായി. വിഭജനത്തിനനുകൂലമായിത്തന്നെയാണ് കോൺഗ്രസ്സ് പാർട്ടിയും നിലപാടെടുക്കുന്നതെന്ന് കണ്ട ആ രാജ്യസ്നേഹിയ്ക്ക് നിരാശ അടക്കാനായില്ല.

പഖ്തൂൺഖ്വാ ഭാരതവുമായി ഭൂമിശാസ്ത്രപരമായി ഒരിയ്ക്കലും ചേർന്ന് നിൽക്കാനാകില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹവും അദ്ദേഹത്തിന്റെ അനുയായികളും വിഭജനത്തിനായുള്ള ഹിതപരിശോധനയിൽ നിന്ന് വിട്ടുനിന്നു. ഞങ്ങളെ ചെന്നായ്ക്കൾക്കെറിഞ്ഞുകൊടുത്തെന്ന് കോൺഗ്രസ്സുകാരോട് അദ്ദേഹം രോഷാകുലനായത് അപ്പോഴാണ്.

വിഭജനം അനിവാര്യമെന്ന കോ‌ൺഗ്രസ്സ് തീരുമാനത്തിൽ അദ്ദേഹം നിരാശനായി “കുറച്ചു നാൾക്കകം ഞങ്ങൾ ഹിന്ദുസ്ഥാനിൽ ആരുമല്ലാതാവും. ഞങ്ങളുടെ നീണ്ട പോരാട്ടം അവസാനം ഞങ്ങളെ പാകിസ്ഥാന്റെ കീഴിലാണെത്തിച്ചത്, ബാപുവിൽ നിന്ന് ഒരുപാട് ദൂരെ, ഭാരതത്തിൽ നിന്ന് ഒരുപാടകലെ, നിങ്ങളിൽ നിന്നെല്ലാമകലെ ഞങ്ങളിനി കഴിയണം. ഞങ്ങളുടെ ഭാവിയെന്താവും എന്ന് ആർക്കറിയാം? ” അദ്ദേഹം വിലപിച്ചു.

963

പാകിസ്ഥാനിൽ ചേരണമെന്ന ഖൈബർ പഖ്തൂൺഖ്വായിലെ ഹിതപരിശോധനാഫലം പുറത്ത് വന്നപ്പോൾ വിഷമത്തോടെ വിഭജനത്തെ അംഗീകരിയ്ക്കുകയല്ലാതെ അദ്ദേഹത്തിനു വേറേ മാർഗ്ഗമില്ലായിരുന്നു. മതത്തിന്റെ പേരിൽ മാതൃഭൂമിയുടെ മനസ്സിനെ കീറിമുറിയ്ക്കുന്നത് കണ്ട് ഗാന്ധിജിയെപ്പോലെ തന്നെ അദ്ദേഹവും വേദനിച്ചു.

ഖുദായി ഖിദ്മദ്ഗാറുകൾ തങ്ങൾക്ക് തലവേദനയായിത്തീരുമെന്ന് ആരു മനസ്സിലാക്കിയില്ലെങ്കിലും മുസ്ലീം ലീഗ് മനസ്സിലാക്കിയിരുന്നു.1948 ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ബബ്ര എന്ന സ്ഥലത്ത് വച്ച് ആയിരക്കണക്കിനു ഖുദായി ഖിദ്മദ്ഗാർ പ്രവർത്തകരെ പാകിസ്ഥാൻ ഗവണ്മെന്റ് വെടിവച്ച് കൊന്നു. ബബ്ര കൂട്ടക്കൊല എന്നറിയപ്പെടുന്ന ആ സംഭവത്തോടെ പാകിസ്ഥാൻ ഗവണ്മെന്റിന്റെ പോക്ക് എങ്ങോട്ടേയ്ക്കാണെന്ന് ബാദ്ഷാ ഖാൻ തീർച്ചയായും മനസ്സിലാക്കിയിരുന്നിരിയ്ക്കണം.

എന്നാലും പാകിസ്ഥാനുമായി ചേരുന്ന പഖ്തൂൺഖ്വായുടെ തീരുമാനത്തെ ബാദ്ഷാ ഖാൻ വൈമനസ്യത്തോടെയെങ്കിലും അംഗീകരിച്ചു. 1948 മേയ് എട്ടാം തീയതി പാകിസ്ഥാനിലെ ആദ്യ പ്രതിപക്ഷപാർട്ടിയായി ബാദ്ഷാ ഖാൻ പാകിസ്ഥാൻ ആസാദ് പാർട്ടി രൂപീകരിച്ചു. മതേതരമായി പ്രവർത്തിയ്ക്കുന്ന ക്രീയാത്മക പ്രതിപക്ഷമായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഖുദായി ഖിദ്മദ്ഗാർ ഖൈബർ പഖ്തൂൺഖ്വായിൽ മാത്രമല്ല പാകിസ്ഥാനിലാകെ വ്യാപിപ്പിയ്ക്കാനും ശരിയായ വിദ്യാഭ്യാസത്തിനും ജനാധിപത്യത്തിനും വേണ്ടി പ്രവർത്തിയ്ക്കുന്ന രാഷ്ട്രപുനർനിർമ്മാണത്തിന്റെ പുതിയൊരു രാഷ്ട്രീയം പാകിസ്ഥാനിലാകെ വ്യാപിപ്പിയ്ക്കാനും അദ്ദേഹം ആഗ്രഹിച്ചു.

പക്ഷേ ജനാധിപത്യരീതിയിൽ രൂപമെടുത്ത ഭാരതത്തെപ്പോലെയായിരുന്നില്ല മധ്യകാല മതനിയമങ്ങളാൽ നിയന്ത്രിയ്ക്കപ്പെട്ട പാക്കിസ്ഥാൻ. ജിന്നയ്ക്ക് പെട്ടെന്ന് തന്നെ ബാദ്ഷാ ഖാൻ എന്ന മനുഷ്യൻ മറ്റാരേക്കാളും അപകടകാരിയാണെന്ന് മനസ്സിലായി. 1948ൽ യാതൊരു കാരണങ്ങളുമില്ലാതെ ബാദ്ഷാ ഖാനെ ജിന്ന വീട്ടുതടങ്കലിലാക്കി. 1954വരെ അദ്ദേഹത്തിനു തടവിൽ കഴിയേണ്ടിവന്നു.

jinnah-2

1948 ഒക്രോബർ 30നു അദ്ദേഹത്തിന്റെ എല്ലാമെല്ലാമായ ബാപ്പു നാഥുറാം ഗോഡ്സേയുടെ വെടിയുണ്ടയ്ക്കിരയായി. ബാദ്ഷാ ഖാനു സഹിയ്ക്കാവുന്നതിലപ്പുറമായിരുന്നു മഹാത്മജിയുടെ കൊലപാതകം. മാനസികമായി അദ്ദേഹം തളർന്നു. എന്നാലും തടവിൽക്കിടക്കുന്ന സമയത്തും കഴിയുന്ന രീതിയിൽ രാഷ്ട്രീയപ്രവർത്തനം തുടർന്നു.

തടവിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം പറഞ്ഞു. “ബ്രിട്ടീഷുകാരുടെ സമയത്ത് പലപ്പോഴും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. പക്ഷേ മിക്കപ്പോഴും അവർ മര്യാദക്കാരായിരുന്നു. സഹിഷ്ണുതയുള്ളവരായിരുന്നു. എന്നാൽ നമ്മുടെ ഇസ്ലാമിക ഭരണകൂടത്തിന്റെ കീഴിൽ ഞാനനുഭവിയ്ക്കേണ്ടിവന്നത് നിങ്ങളോട് പറയാൻ പോലും എനിയ്ക്കാവതില്ല.”

വീണ്ടും പല പ്രാവശ്യം പാകിസ്ഥാൻ ഭരണകൂടം വിവിധ കുറ്റങ്ങൾ ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1955 സെപ്റ്റംബർ 14നു ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രീയനേതാവുമായിരുന്ന അബ്ദുസ് സമദ്ഖാൻ അചക്സായിയുടെ നേതൃത്വത്തിൽ നടക്കുന്ന പഖ്തൂൺ സഹോദരസഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായതിന് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.

അവിഭക്ത മതേതര ഭാരതത്തിനായി പ്രയത്നിച്ച മറ്റൊരു സ്വാതന്ത്ര്യസമരനായകനായിരുന്നു അബ്ദുസ് സമദ്ഖാൻ അചക്സായി. ഇരുവരേയും പാകിസ്ഥാൻ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തു. കോടതിയിൽ പിഴയായി വിധിച്ച 14000 രൂപ കെട്ടിവയ്ക്കില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വത്തുവകകൾ സർക്കാർ കണ്ടുകെട്ടി.

1958ൽ വീണ്ടും ജയിലിലാക്കപ്പെട്ട അദ്ദേഹം 1964ലാണ് വീണ്ടും വിട്ടയയ്ക്കപ്പെട്ടത്. ഇത്രയും സമാധാനപ്രീയനും അഹിംസാവാദിയുമായ ഒരു മഹാത്മാവിനെ ഒരു ഭരണകൂടം ഈ വിധം പീഡിപ്പിയ്ക്കുന്നത് കണ്ട് ലോകം മുഴുവൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. 1964ൽ രോഗചികിത്സയ്ക്കായി അദ്ദേഹത്തെ ബ്രിട്ടണിലേയ്ക്ക് പോകാൻ അനുവദിച്ച് ജയിലിൽ നിന്ന് വിട്ടയച്ചു. ബ്രിട്ടണിൽ നിന്ന് അമേരിയ്ക്കയിലെത്തിയ അദ്ദേഹം തിരികെ അഫ്ഗാനിസ്ഥാനിൽ അഭയം തേടി. അഫ്ഗാൻ ഗവണ്മെന്റ് തങ്ങളുടെ പഠാൻ വീരനായകനെ അദ്ദേഹത്തിനു ചേർന്ന രീതിയിൽത്തന്നെ അഭയം നൽകി സംരക്ഷിച്ചു.

B_Id_420292_kalinga

1965ൽ വിനോബാജീ അദ്ദേഹത്തിനെഴുതി. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ നമ്മുടെ സുഹൃത്തുക്കൾ തന്നെ വലിയൊരു അനീതി അങ്ങയോട് കാണിച്ചെന്ന് പറയുമ്പോൾ വാക്കുകൾക്കതീതമായി എനിയ്ക്ക് വേദനയുണ്ട്. പക്ഷേ അങ്ങെല്ലാത്തിനേയും വലിയ ക്ഷമയോടെയും ആത്മധീരതയോടെയും നേരിടുന്നു. അങ്ങയുടെ മാതൃക ഞങ്ങൾക്കെല്ലാം വലിയ പ്രചോദനത്തിന്റെ സ്രോതസ്സാണ്.

1964 മുതൽ 1972 വരെ അദ്ദേഹം അഫ്ഗാനിസ്ഥാനിൽ കഴിഞ്ഞു. 1967ൽ ഭാരതസർക്കാർ അദ്ദേഹത്തിനു നെഹ്രു സമാധാന അവാർഡ് നൽകി ആദരിച്ചു. ഭാരതപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ അഫ്ഗാനിസ്ഥാനിൽ ചെന്ന് സന്ദർശിയ്ക്കുകയും ചെയ്തു. തനിയ്ക്ക് പ്രീയപ്പെട്ട ഖാദിവസ്ത്രങ്ങളും വിശുദ്ധ ഖുറാനും അദ്ദേഹത്തിനു ഭാരതസർക്കാറിന്റെ സമ്മാനമായി നൽകി. അതിലുപരിയായി പാകിസ്ഥാനിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രയത്നിയ്ക്കുന്നവരുടെ കൂടെ ഭാരതമുണ്ടാവും എന്ന സന്ദേശമായിരുന്നു ആ സന്ദർശനം.

മറ്റുള്ള രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടേണ്ടതില്ലെങ്കിലും ഗാന്ധിജിയ്ക്കൊപ്പം ഭാരതത്തിനായി വിളിച്ച മുദ്രാവാക്യങ്ങളും സഹിച്ച പീഡനങ്ങളും മറന്നുകൊണ്ട് ഒരിയ്ക്കലും നമുക്ക് മുന്നോട്ട് പോക്ക് സാധ്യമല്ലായിരുന്നു.

1969ൽ ഗാന്ധിജിയുടെ നൂറാം ജന്മവാർഷികം ആഘോഷിയ്ക്കുന്ന വേളയിൽ ബാദ്ഷാ ഖാൻ ബാബയേക്കാളും വലിയൊരാളെ നമുക്ക് പ്രതീക്ഷിയ്ക്കാനില്ലായിരുന്നു. അദ്ദേഹം സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഭാരതത്തിലെത്തി. ഞാൻ സ്വതന്ത്രമായ ഭാരതം കാണുവാനാണ് വന്നത്. അദ്ദേഹം പറഞ്ഞു. വളരെ നാളുകൾക്ക് ശേഷം അദ്ദേഹം ഗാന്ധിജിയുടെയും അദ്ദേഹത്തിന്റേയും കൂടെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച വിനോബാഭാവയെ നേരിട്ട് കണ്ടു.

ഹിന്ദു മുസ്ലിം ലഹള നടക്കുകയായിരുന്ന അഹമ്മദാബാദിൽ നേരിട്ട് ചെന്ന് അവിടെ ശാന്തിയും സമാധാനവും പരത്തി. ഭാരതീയർ നന്മനിറഞ്ഞവരാണ്. അവർക്ക് വഴികാട്ടാൻ ഇന്നൊരാളില്ല എന്നത് മാത്രമാണ് പ്രശ്നം. ബാദ്ഷാ ഖാൻ ബാബ പറഞ്ഞു.
അദ്ദേഹം രൂപം കൊടുത്ത അവാമി നാഷണൽ പാർട്ടി ഖൈബർ പഖ്തൂൺഖ്വായിലും ബലൂചിസ്ഥാനിലും അധികാരത്തിലെത്തിയപ്പോൾ ജനങ്ങൾ അദ്ദേഹം പാകിസ്ഥാനിൽ തിരികെവരണമെന്ന് നിരന്തരമായി അഭ്യർത്ഥിയ്ക്കാൻ തുടങ്ങി. എട്ടു വർഷം അഭയാർത്ഥിയായിക്കഴിഞ്ഞ ശേഷം 1972ൽ അദ്ദേഹം പാകിസ്ഥാനിൽ തിരികെയെത്തി.

സുൽഫിക്കർ അലി ഭൂട്ടോ ഭരണത്തിലെത്തിയ സമയമായിരുന്നു പാകിസ്ഥാനിൽ. ആരു ഭരണത്തിലിരുന്നാലും ബാദ്ഷാ ഖാൻ അവരുടെയെല്ലാം കണ്ണിലെ കരടായിരുന്നു. വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം 1978 മാർച്ചിൽ വീണ്ടും അഫ്ഗാനിസ്ഥാനിലേക്ക് അഭയം തേടി. 1982 വരെ പലതവണ ഭാരതത്തിലും കാബൂളിലുമായി കഴിഞ്ഞ അദ്ദേഹം 1982 ൽ തിരികെ പാകിസ്ഥാനിലെ പെഷവാറിലേക്ക് പോയി.

168121_192941680735523_100000590777786_647017_1064651_n

സിന്ധു നദിയിൽ പണിയാനിരിയ്ക്കുന്ന കലബാഗ് ഡാം ഖൈബർ പഖ്തൂൺഖ്വായിലെ പല താഴ്വരകളും വെള്ളത്തിനടിയിലാക്കുമെന്നും ജനജീവിതം ദുസ്സഹമാക്കുമെന്നും ഖൈബർ പഖ്തൂൺഖ്വായെ മുക്കിക്കളയാനും ജനങ്ങളെ ചിതറിയ്ക്കാനുമുള്ള ഗവണ്മെന്റിന്റെ പദ്ധതിയാണെന്നും കണ്ട അദ്ദേഹം തന്റെ തൊണ്ണൂറ്റിനാലാമത്തെ വയസ്സിൽ അതിനെതിരെ നിരന്തരം സമരങ്ങൾ നടത്തി. വീണ്ടും അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്ത അദ്ദേഹം കീഴടങ്ങാൻ അൽപ്പം പോലും തയ്യാറല്ലായിരുന്നു. നൂറുവയസ്സോളമെത്തിയ അദ്ദേഹത്തെ ജയിലിലിട്ടാൽ ജനങ്ങൾ പൊറുക്കുകയില്ലെന്ന് മനസ്സിലാക്കിയിട്ടാവണം പാകിസ്ഥാൻ അദ്ദേഹത്തെ വിട്ടയച്ചു.

1987 ജൂൺ നാലാം തീയതി പക്ഷാഘാതം പിടിപെട്ട അദ്ദേഹത്തെ ആദ്യം പെഷവാറിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരതസർക്കാർ അദ്ദേഹത്തെ പ്രത്യേകം ക്ഷണിച്ച് ഭാരതത്തിലെത്തിച്ചു. ഡൽഹിയിലേക്ക് കൊണ്ട് വന്ന അദ്ദേഹത്തെ ആൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കൽ സയൻസിൽ ചികിത്സിച്ചു. 1987ൽ ഭാരതം ആ വീരനായകനു ഭാരതരത്ന എന്ന സ്വതന്ത്രഭാരതത്തിന്റെ പരമോന്നത ബഹുമതി നൽകി ആദരിച്ചു.

ചികിത്സയ്ക്ക് ശേഷം പെഷവാറിലേയ്ക്ക് തിരികെപ്പോയ അദ്ദേഹത്തിന്റെ രോഗനില അനുദിനം വഷളായി വന്നു. 1988 ജനുവരി ഇരുപതാം തീയതി അഫ്ഗാനിസ്ഥാന്റേയും ഭാരതത്തിന്റേയും ധീരപുത്രൻ, അഖണ്ഡഭാരതത്തിനായി എന്നും തുടിച്ച ഹൃദയം സത്യഗ്രഹത്തിന്റേയും അഹിംസയുടേയും തളരാത്ത പോരാട്ടവീര്യത്തിന്റേയും നേർക്കാഴ്ച ഭാരതത്തിന്റെ ശിരസ്സിലെ ഒളിമിന്നും രത്നമായ ഖാൻ അബ്ദുൾ ഗാഫർഖാൻ, ബാദ്ഷാ ഖാൻ ബാബ തൊണ്ണൂറ്റിയെട്ടാം വയസ്സിൽ ഈ ലോകത്തുനിന്ന് വിടവാങ്ങി.

167940_192925094070515_100000590777786_646768_3078124_n

ബ്രിട്ടീഷുകാരേക്കാൾ പാകിസ്ഥാനിലെ മാറിമാറിവന്ന ഭരണകൂടങ്ങൾ അദ്ദേഹത്തെ ദ്രോഹിച്ചു. അദ്ദേഹം ചോദിച്ചു. “എവിടെയാണീ നാട്ടിൽ ജനാധിപത്യം? ഭാരതത്തിലേക്ക് നോക്കുക സ്വതന്ത്രമായ എത്ര തിരഞ്ഞെടുപ്പുകൾ അവിടെ നടന്നു. മൂന്നോ നാലോ തിരഞ്ഞെടുപ്പുകളായി. ഇന്ന് വരെ സ്വതന്ത്രമായി ഒരു തിരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടുണ്ടോ? ജനങ്ങൾക്ക് ഏത് ഭരണമാണ് വേണ്ടതെന്ന് നിങ്ങൾ ചോദിച്ചിട്ടുണ്ടോ?” പാകിസ്ഥാൻ അധികാരികളോട് അദ്ദേഹം ചോദിച്ചു.

ഗാന്ധിജിയെപ്പോലെതന്നെ എന്നും പൊതുധാരാ അധികാരത്തിന്റെ വഴിയിൽ നിന്ന് മാറി ജീവിച്ചു ആ ഭീഷ്മപിതാമഹൻ. വിഭജനത്തിന്റെ മുറിവുകൾ ഒരിയ്ക്കലും പൊറുക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. അഫ്ഗാനിസ്ഥാൻ മുതൽ കന്യാകുമാരിവരെ ഒരു മനസ്സായ ഭാരതമായിരുന്നു അദ്ദേഹത്തിന്റെ സിരകളിലൂടെ ഒഴുകിയിരുന്ന വികാരം. വെട്ടിമുറിയ്ക്കപ്പെട്ടെങ്കിലും സ്വാതന്ത്രവും സമാധാനവും ജനാധിപത്യവും പുലരുന്ന ഇന്നത്തെ ഇന്ത്യയെ, ഭാരതത്തെ അദ്ദേഹം അളവറ്റ് സ്നേഹിച്ചു.

മതാടിസ്ഥാനത്തിൽ വെറുപ്പിന്റെ അജണ്ടയാൽ തട്ടിക്കൂട്ടിയ പാകിസ്ഥാനെന്ന ഭീകരരാഷ്ട്രത്തിൽ നിൽക്കുവാൻ അദ്ദേഹം അഗ്രഹിച്ചില്ല. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ മതവെറിയന്മാരുടെ കൂടെയല്ലാതെ സാംസ്കാരികമായും വംശീയമായും ചേർന്ന് നിൽക്കാനാവുന്ന അഫ്ഗാനിസ്ഥാന്റെ ഭാഗമാവാൻ പ്രയത്നിയ്ക്കുന്നതിനായി തന്റെ ജന്മസ്ഥലമായ ഖൈബർ പക്തൂൺഖ്വായെ അദ്ദേഹം ആഹ്വാനം ചെയ്തു.

ആ പ്രയത്നങ്ങൾ സമാധാനപരമായും അഹിംസാത്മകമായും വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു താനും. താൻ രൂപം കൊടുത്ത അവാമി നാഷണൽ ലീഗ് തന്റെയാ സ്വപ്നം എന്നെങ്കിലും പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം കരുതി. അതുകൊണ്ട് തന്നെ തന്റെ വിൽപ്പത്രത്തിൽ അഫ്ഗാനിസ്ഥാനിൽ തന്റെ ഭൗതികദേഹം അടക്കം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിനടുത്തു തന്നെ അദ്ദേഹത്തിനൊരു വിശ്രമസ്ഥലമൊരുക്കാം എന്ന് ഭാരതസർക്കാർ അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് അഫ്ഗാനിസ്ഥനിലെ ജലാലാബാദിൽ അദ്ദേഹം വിശ്രമം കൊള്ളുന്നു.

പഖ്തൂൺഖ്വായിലെ ഇന്നത്തെ അവസ്ഥ എന്താണ്? പഴയ മൊല്ലാക്കമാരുടെ രാജ്യം, താലിബാൻ, സ്വതന്ത്രമെന്ന് കരുതിയ അഫ്ഗാനിസ്ഥാൻ വരെ കയ്യിലാക്കി. പഖ്തൂൺ ഖ്വായിൽ ഓരോ പള്ളിയോടും ചേർന്ന് പഞ്ചാബിൽ നിന്ന് മൗദൂദിസത്തിലും വഹാബിസത്തിലും ട്രെയിനിങ്ങ് നൽകിയ മൗലവിമാർ ഉപദേശികളായെത്തി. അവരുടെ തീവ്രവാദസ്കൂളുകളിലേക്ക് കുട്ടികളെ വിട്ടില്ലെങ്കിൽ വീടുകയറി ആക്രമിയ്ക്കും. ആ തീവ്രവാദസ്കൂളുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ ലോകം മുഴുവൻ ഇന്ന് ഭീകരത വിതയ്ക്കുന്നു.

സ്വതന്ത്രചിന്തയോ സ്വതന്ത്ര വിദ്യാഭ്യാസമോ കണ്ടാൽ അവിടെയെല്ലാം ഈ തീവ്രവാദസ്കൂളുകൾ ആക്രമിച്ചില്ലാതെയാക്കും. സ്ത്രീകൾ പൊതുരംഗത്ത് സജീവമായിരുന്ന പഖ്തൂൺഖ്വായിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നത് പോലും ശിർക്ക് ആയി വ്യാഖ്യാനിച്ചു. സ്കൂളിൽപ്പോയ പെൺകുട്ടികളെ തടഞ്ഞ് നിർത്തി ആക്രമിയ്ക്കുന്നു. സ്വതന്ത്ര വിദ്യാഭ്യാസത്തിനായി ഉയർന്ന് വന്ന വെളിച്ചത്തെ, ഖൈബർ പഖ്തൂൺഖ്വായുടെ നിരന്തരമായ പോരാട്ട വീര്യത്തെ നൊബേൽ സമ്മാനം നൽകി ഈയിടെ ആദരിച്ചിരുന്നു.

Malala_Yousafzai

അതേ. മലാല യൂസഫ്സായി ഈ ബാദ്ഷാ ഖാന്റെ താഴ്വരയിൽ നിന്നുള്ളതാണ്.ഈ ബാദ്ഷാ ഖാൻ ബാബയുടെ ആശയങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മലാല തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈ ബാദ്ഷാ ഖാൻ ബാബയുടെ അനുയായികളാണ് മലാലയെ ഇന്നും സംരക്ഷിയ്ക്കുന്നത്. പാകിസ്ഥാനെന്ന ഭീകരരാഷ്ട്രത്തിൽ നിന്ന് കൊട്ടക്കണക്കിനു പണവും ആയുധങ്ങളും വാങ്ങി ഇനിയും ഭാരതത്തെ വെട്ടിമുറിയ്ക്കാൻ ശ്രമിയ്ക്കുന്ന ആസാദീവാദികൾ പേപിടിച്ചലയുന്ന ഇന്നത്തെക്കാലത്ത് അഫ്ഗാനിസ്ഥാനിനപ്പുറം നിന്ന് പോലും അഖണ്ഡഭാരതത്തിനായി തുടിച്ച ഈ ഹൃദയത്തെ അറിഞ്ഞുകൊണ്ടാകട്ടെ ഭാരതാംബയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞതിന്റെ ഈ എഴുപതാം പിറന്നാൾ നമ്മൾ ആഘോഷിയ്ക്കുന്നത്.

987

ഇനിയൊരു തുണ്ടു ഭൂമിയും, ഇനിയൊരു തുണ്ട് മനസ്സും ഈ സ്വതന്ത്രഭാരതത്തിൽ നിന്ന് മതവാദികൾക്ക് വിട്ടുകൊടുക്കുകയില്ല എന്ന് ആ തൊണ്ണൂറ്റിയെട്ട് കൊല്ലം സാർത്ഥകമായ ജീവിതത്തിന്റെ ഓർമ്മയിൽ ഉദിച്ചുയരുന്ന ത്രിവർണ്ണപതാകയെ നോക്കി ഈ എഴുപതാം പിറന്നാളിൽ നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം.

35 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close