തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പിന്നാലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ഓണാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. പ്രവൃത്തിദിനം മുഴുവന്‍ ആഘോഷങ്ങള്‍ക്കായി മാറ്റിവെയ്ക്കാന്‍ പാടില്ലെന്നും ആഘോഷത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ യൂണിഫോം നിര്‍ബന്ധമായും ധരിക്കണമെന്നും ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
യൂണിഫോം ധരിക്കണമെന്ന നിര്‍ദ്ദേശത്തിന് അപ്പുറം മഹാബലി ഉള്‍പ്പെടെയുളള വേഷങ്ങള്‍ കെട്ടുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷകളെയും മറ്റ് പഠനേതര പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത തരത്തിലാകണം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ട് പണപ്പിരിവുകള്‍ പാടില്ലെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. സ്കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിന് കോട്ടം തട്ടുന്ന സംഭവങ്ങള്‍ ഇത്തരം പരിപാടികള്‍ക്കിടെ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ എന്നുമാണ് വിശദീകരണം.
സര്‍ക്കാര്‍ നിര്‍ദ്ദേശം സ്കൂളുകളിലെ ഓണാഘോഷങ്ങളുടെ പൊലിമ കുറയ്ക്കുമെന്ന നിരാശയിലാണ് വിദ്യാര്‍ഥികള്‍. ഓണം പോലെ ഒരുമയുടെ സന്ദേശം പകരുന്ന ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് കുട്ടികളില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. ജോലി സമയത്ത് പൂക്കളമിടുന്നതില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ വിലക്കിയ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളുകളിലും ആഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.