ബെയ്ജിംഗ്: ഇന്ത്യക്കാരെ മോശമായി ചിത്രീകരിക്കുന്ന പരാമര്‍ശം അടങ്ങിയ വിവാദ മാഗസിന് എയര്‍ ചൈന പിന്‍വലിച്ചു. വിങ്സ് ഓഫ് ചൈന മാഗസിന്റെ സെപ്തംബര്‍ ലക്കമാണ് പിന്‍വലിച്ചത്. മാഗസിനിലെ പരാമര്‍ശങ്ങള്‍ ആര്‍ക്കെങ്കിലും അപമാനമായി തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായും മാഗസിന് പുറത്തിറക്കുന്ന എയര്‍ ചൈനയുടെ പ്രസിദ്ധീകരണ വിഭാഗം പറഞ്ഞു.
എയര്‍ ചൈനയുടെ വിമാനങ്ങളില്‍ വിതരണം ചെയ്യുന്ന മാഗസിനാണ് വിങ്സ് ഓഫ് ചൈന. ലണ്ടനിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് നല്കിയ മുന്നറിയിപ്പിലാണ് ഇന്ത്യക്കാരെ അപമാനിക്കുന്ന പരാമര്‍ശം കടന്നുകൂടിയത്. ലണ്ടന്‍ സുരക്ഷിതമായ സ്ഥലമാണെന്നും എന്നാല്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും കറുത്ത വര്‍ഗക്കാരും താമസിക്കുന്ന മേഖലകളിലേക്ക് പോകുമ്പോള്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കണമെന്നുമായിരുന്നു മാഗസിനിലെ വാചകങ്ങള്‍.
ബ്രിട്ടന് സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാചകങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കിയ എയര്‍ ചൈന അധികൃതര്‍ മാഗസിന് തയ്യാറാക്കിയ എഡിറ്റര്‍മാര്‍ക്ക് വന്ന പിഴവാണ് തെറ്റിനിടയാക്കിയതെന്നും കൂട്ടിച്ചേര്‍ത്തു. മാഗസിന്റെ കോപ്പികള്‍ ഉടന്‍ തന്നെ തിരിച്ചുവിളിക്കാനും നടപടി സ്വീകരിച്ചു.
സംഭവത്തില്‍ ചൈന മാപ്പ് പറയണമെന്ന് ലണ്ടന്‍ എംപി വിരേന്ദ്ര ശര്‍മ ബ്രിട്ടനിലെ ചൈനീസ് അംബാസഡറോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയില്‍ നിന്നുളള എംപിമാരും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു.















