കൊച്ചി : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ രഞ്ജിത്ത് കുറ്റക്കാരനാണെന്നും ഇയാൾക്കെതിരെ തെളിവുകൾ ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.
എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയിൽ പ്രധാനപ്പെട്ട വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.
സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഉൾപ്പെടെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
നിലവിൽ രഞ്ജിത്ത് ജാമ്യത്തിലാണ്. കേസിൽ ഇരുപക്ഷത്തിന്റെയും വാദങ്ങൾ മുൻപും കോടതിയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.















