ധാക്ക : ബംഗ്ളാദേശിൽ 11 ഭീകരർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു . മൂന്ന് കേന്ദ്രങ്ങളിലായി നടന്ന ഭീകരവിരുദ്ധ നീക്കത്തിലാണ് 11 പേർ കൊല്ലപ്പെട്ടത് . ഘാസിപൂർ , ടാൻഗെയിൽ മേഖലകളിൽ നടത്തിയ തിരച്ചിലിലാണ് ഭീകരരെ സുരക്ഷ സേന വധിച്ചത് .
ഘാസിപൂരിൽ രണ്ടു നിലക്കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരരോട് കീഴടങ്ങാൻ നിർദ്ദേശം നൽകിയെങ്കിലും അനുസരിക്കാത്തതിനെ തുടർന്നാണ് വെടിവെച്ചതെന്ന് ഭീകര വിരുദ്ധ യൂണിറ്റിന്റെ ധാക്ക തലവൻ മോനിറുൾ ഇസ്ളാം വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ നിന്ന് എകെ 47 റൈഫിളുകളും മാഗസിനുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ധാക്കയിലെ ആർട്ടിസാൻസ് കഫേയിൽ നടന്ന ഭീകരാക്രമണത്തിനു ശേഷം ബംഗ്ളാദേശിൽ ഭീകരവിരുദ്ധ നീക്കം ശക്തമായിരുന്നു . രാജ്യമെങ്ങും നടത്തിയ തെരച്ചിലിൽ നിരവധി തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് .