കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ വീട് മാത്രം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് ബിജെപി. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മനുഷ്യത്വം നഷ്ടപ്പെട്ടുവെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇന്നലത്തെ പ്രവര്‍ത്തിയിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വിളിച്ചുപറയുന്നതെന്നും അതില്‍ ബിജെപിക്ക് മാത്രമല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ദു:ഖമുണ്ടെന്നും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരില്‍ മാര്‍ക്സിസ്റ്റുകാര്‍ കൊലപ്പെടുത്തിയ ബിജെപി പ്രവര്ത്തകന് രമിത്തിന്റെ വീടിന്റെ മുന്‍വശത്ത് കൂടിയാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. എന്നിട്ടും മുഖ്യമന്ത്രിയെന്ന നിലയില്‍ അവിടെ സന്ദര്‍ശിക്കാനുളള മര്യാദ പിണറായി വിജയന് കാണിച്ചില്ലെന്ന് പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വീടിന്റെ മുക്കാല്‍ കിലോമീറ്റര്‍ മാത്രം അകലെയാണ് രമിത്തിന്റെ വീടെന്നും പി.കെ കൃഷ്ണദാസ് ഓര്‍മ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ മൗനം അക്രമികള്‍ക്കുള്ള പിന്തുണയാണെന്ന് വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കണ്ണൂരില്‍ എത്തിയ പിണറായി വിജയന് കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനന്റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിപദം രാഷ്ട്രീയത്തിന് അതീതമാണെന്ന സങ്കല്പം തന്നെ അട്ടിമറിക്കുന്നതായിരുന്നു പിണറായിയുടെ പ്രവര്‍ത്തിയെന്ന് ഇന്നലെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരു വിഭാഗം ആളുകളുടെ വീടുകള്‍ മാത്രം സന്ദര്‍ശിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.
കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചാല്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയ പി.കെ കൃഷ്ണദാസ് പക്ഷെ അക്രമത്തിലൂടെ കണ്ണൂരിനെ പാര്‍ട്ടിയുടെ സ്വകാര്യ സ്വത്തക്കാന് അനുവദിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.