ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം ജനജീവിതം ദുസ്സഹമാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ മൂന്ന് ദിവസം സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. അടുത്ത അഞ്ച് ദിവസം കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും വിലക്കേര്‍പ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ആശുപത്രികളുമായി ബന്ധപ്പെട്ടും അടിയന്തര സാഹചര്യത്തിലും നിര്‍മാണ പ്രവര്‍ത്തികള്‍ക്കും പൊളിക്കലിനും ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ് അനുവദിക്കും. അടുത്ത പത്ത് ദിവസങ്ങളില്‍ ഡീസല്‍ ജനറേറ്ററുകളുടെ ഉപയോഗവും വിലക്കിയിട്ടുണ്ട്. മാലിന്യം കൂട്ടത്തോടെ കത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും യോഗത്തിന് ശേഷം കെജ്രിവാള് വ്യക്തമാക്കി.
അന്തരീക്ഷ മലിനീകരണത്തിന്റെ പ്രത്യാഘാതം കുറയ്ക്കുന്നതിന് കൃത്രിമമായി മഴ പെയ്യിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ഇതിന് കേന്ദ്രസഹായം ആവശ്യമായതിനാല്‍ തല്ക്കാലം പരിഗണിക്കുന്നില്ലെന്നും കെജ്രിവാള് അറിയിച്ചു. പ്രായമുളളവരും ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായ അസുഖമുളളവരോ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്നും വീട്ടില്‍ തന്നെ കഴിയാന്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഓഡ് ഈവന്‍ പദ്ധതി തിരികെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്ന സൂചനയും കെജ്രിവാള് നല്കി. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നതിനാല്‍ ഡല്‍ഹിയുടെ കാലാവസ്ഥയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മാറ്റങ്ങളാണ് അടിയന്തര നടപടിക്ക് കാരണം. അന്തരീക്ഷത്തിലെ പുകമഞ്ഞ് പലര്‍ക്കും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. മാസ്ക് ധരിച്ചാണ് ഭൂരിഭാഗം പേരും പുറത്തിറങ്ങുന്നത്. മാലിന്യ നിര്മാര്ജ്ജനത്തില് ഉള്‍പ്പെടെ വന്ന വീഴ്ചയെ തുടര്‍ന്ന് അന്തരീക്ഷവായുവില്‍ ഉണ്ടായ മലിനീകരണമാണ് സ്ഥിതിക്ക് കാരണമെന്നാണ് വിലയിരുത്തല്‍.