ന്യൂഡല്‍ഹി: രാജ്യത്ത് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിപ്രായമറിയിച്ചത് അഞ്ച് ലക്ഷത്തിലധികം പേര്. നരേന്ദ്രമോദി ആപ്പിലൂടെ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 93 ശതമാനം പേരും സര്‍ക്കാരിന്റെ ധീരമായ നടപടിയെ പിന്തുണച്ചു. 24 മണിക്കൂറിനുളളിലാണ് അഞ്ച് ലക്ഷത്തിലധികം പേര് സര്‍വ്വേയില്‍ പങ്കെടുത്ത് അഭിപ്രായം വ്യക്തമാക്കിയത്.
കളളപ്പണത്തിനെതിരായ സര്‍ക്കാരിന്റെ നീക്കം പ്രയോജനകരമാണെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും കരുതുന്നത്. അഴിമതിക്കെതിരേ സര്‍ക്കാര്‍ പൊതുവായി കൈക്കൊളളുന്ന നടപടികള്‍ക്ക് 92 ശതമാനം പേരും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഓരോ മിനിറ്റിലും നാനൂറിലധികം പ്രതികരണങ്ങളാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രിയുടെ വെബ്സൈറ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലോകത്തെ രണ്ടായിരത്തിലധികം വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുളളവരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. ഇതില്‍ 93 ശതമാനം പേരും ഇന്ത്യയില്‍ നിന്നുളളവരാണ്. രണ്ട് ശതമാനം പേര് മാത്രമാണ് സര്‍ക്കാര്‍ നീക്കം മോശമാണെന്ന് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ കളളപ്പണം ഉണ്ടെന്ന് 98 ശതമാനം പേരും ചൂണ്ടിക്കാട്ടിയപ്പോള്‍ അഴിമതിക്കും കളളപ്പണത്തിനും എതിരെ പോരാടണമെന്നും അത് സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കണമെന്നും അഭിപ്രായപ്പെട്ടത് 99 ശതമാനം പേരാണ്.
കള്ളപ്പണത്തെ നേരിടാനുള്ള ഗവണ്മെന്റിന്റെ നീക്കങ്ങളെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നുവെന്ന് ഉള്‍പ്പെടെ പത്ത് ചോദ്യങ്ങളാണ് സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍വ്വേയിലെ ജനപങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ നന്ദി പറഞ്ഞു. ജനങ്ങളുടെ ദീര്ഘദൃഷ്ടിയോടു കൂടിയ വീക്ഷണങ്ങളും അഭിപ്രായങ്ങളും വായിക്കുന്നത് ഏറെ സംതൃപ്തി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.