കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തിനെതിരെ തെളിവുമായി സൈന്യം. പശ്ചിമ ബംഗാളിലെ ടോള്‍ പ്ലാസകളിലെ സൈനിക സാന്നിധ്യത്തെക്കുറിച്ച് സര്‍ക്കാരിന് മുന്‍കൂട്ടി വിവരം നല്‍കിയതിന്റെ തെളിവുകളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് നാല് കത്തുകള്‍ നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത് മറച്ചുവെച്ചാണ് സൈന്യത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സൈന്യം അറിയിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളെ നവംബര്‍ 24ന് മുന്‍പ് തന്നെ ഔദ്യോഗിക കത്തുകളിലൂടെ വിവരം അറിയിച്ച് വേണ്ട അനുമതി വാങ്ങിയിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ സുനില്‍ യാദവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പാലങ്ങളിലൂടേയും ദേശീയപാതകളിലൂടേയും കടന്നു പോകുന്ന ചരക്കുവാഹനങ്ങളുടെ കണക്കെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അടിയന്തരസാഹചര്യങ്ങളില്‍ ഈ കണക്ക് സൈന്യത്തിനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മമതാ ബാനര്‍ജിയുടെ പ്രതിഷേധം രാഷ്ട്രീയ ഇച്ഛാഭംഗത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. സൈന്യത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും മറുപടി പറയുകയായിരുന്നു പ്രതിരോധമന്ത്രി.
ടോള്‍ പ്ലാസകളിലെ സൈനിക സാന്നിധ്യത്തെ ചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി മമതാ ബാനര്‍ജി രംഗത്തു വന്നിരുന്നു. സൈനികവിന്യാസത്തെക്കുറിച്ച് പ്രതിരോധമന്ത്രാലയം തന്നെ അറിയിച്ചിട്ടില്ലെന്നും സൈനിക അട്ടിമറിയ്ക്കുള്ള ശ്രമമാണോ ഇവിടെ നടക്കുന്നതെന്നും ചോദിച്ച മമത, നോട്ട് നിരോധനത്തില്‍ താന്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശങ്ങളെ തുടര്‍ന്നുള്ള പ്രതികാര നടപടികളാണിതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്ന കത്തുകളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്.