ചെന്നൈ: ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രണ്ട് മാസത്തിലധികമായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വീണ്ടും മോശമായി. വൈകിട്ട് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജയലളിതയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദ്രോഗവിദഗ്ധര്‍ അടക്കമുളള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയെന്ന് ആശുപത്രി അധകൃതര്‍ അറിയിച്ചു. അതേസമയം വാര്‍ത്ത അറിഞ്ഞതോടെ എഐഎഡിഎംകെ അനുയായികള്‍ ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി. അനിഷ്ടസംഭവങ്ങള്ക്കുളള സാദ്ധ്യത മുന്‍നിര്‍ത്തി ആശുപത്രി കനത്ത പൊലീസ് വലയത്തിലാണ്. തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ശരീരത്തില്‍ നിര്‍ജ്ജലീകരണവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സെപ്തംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ക്രമേണ മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമാകുകയായിരുന്നു. ജയലളിതയെ ചികിത്സിക്കാന്‍ യുകെയില്് നിന്നുളള വിദഗ്ധ ഡോക്ടറെയും വരുത്തിച്ചിരുന്നു. ആഴ്ചകള്‍ നീണ്ട പരിചരണത്തിനൊടുവില്‍ ആരോഗ്യനില വീണ്ടെടുത്തുകൊണ്ടിരിക്കെയാണ് ഹൃദയാഘാതം ഉണ്ടായിരിക്കുന്നത്.