ചെന്നൈ: വര്‍ധ ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന് മുന്നോടിയായി ചെന്നൈയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും. ചെന്നൈ വിമാനത്താവളത്തിന്റെ സമീപപ്രദേശമായ മീനമ്പാക്കം ഉള്‍പ്പെടെയുളള മേഖലകളില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മൂന്ന് മണി വരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
തമിഴ്നാടിന്റെ വടക്കന്‍ മേഖലയിലും ആന്ധ്രയുടെ തെക്കന്‍ മേഖലയിലും കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലുമായി പത്തൊന്‍പത് സംഘങ്ങളെ വിന്യസിച്ചതായി ദുരന്ത നിവാരണസേന അറിയിച്ചു. മുങ്ങല്‍ വിദഗ്ധരുള്‍പ്പെട്ട സംഘങ്ങളെ തയ്യാറാക്കി നിര്‍ത്തിയതായി നാവികസേനയും വ്യക്തമാക്കി.
ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ അനുഭവപ്പെടുന്നത്. തമിഴ്നാട്ടില്‍ പലയിടത്തും ശക്തമായ കാറ്റില്‍ വ്യാപക നാശമാണ് ഉണ്ടായത്. മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെടുകയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു.
7357 പേരെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഒഴിപ്പിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. ഇവരെ അന്‍പത്തിനാല് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്.