NewsSpecial

ത്യാഗത്തിന്റെ, സഹനത്തിന്റെ തിരുപ്പിറവി

-കാവാലം ജയകൃഷ്ണൻ

ആർദ്രമായ സ്നേഹത്തിന്റെ, അഹൈതുകമായ ദയയുടെ, അനുപമമായ ത്യാഗത്തിന്റെ അവാച്യമായ അനുഭൂതിയാണ് കൃസ്തുദേവൻ. ബൈബിളിലൂടെ കടന്നു പോകുമ്പോൾ ആ സ്നേഹസ്വരൂപന്റെ ഉറവ വറ്റാത്ത ആത്മീയ സ്നേഹാനുഭൂതിയിൽ ആർദ്രമാവാത്ത മനസ്സുകളില്ല. ഇടറിപ്പോവാത്ത കണ്ഠങ്ങളില്ല.

അന്ധകാരത്തിലാണ്ട മനസ്സുകളിലാണ് അവൻ പിറവി കൊളേളണ്ടത്. ഒരു ഡിസംബർ ഇരുപത്തിയഞ്ചെന്ന നിശ്ചിത തീയതി ക്രിസ്തുവിന്റെ ഉൽപ്പത്തിയെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല തന്നെ. കാരണം ദൈവപുത്രൻ  ജനിച്ചിട്ടുമില്ല, മരിച്ചിട്ടുമില്ല. ക്രിസ്തു ഇല്ലെന്നതല്ല ഇതിനർത്ഥം. അനാദികാലം മുതലേ ആദ്യന്തഹീനമായ സ്നേഹസ്വരൂപമായി അവൻ മണ്ണിലും മനസ്സുകളിലും നിറഞ്ഞു നിൽക്കുന്നു. അനന്ത സ്നേഹമായി…

ആ ദൈവീകസ്നേഹം എങ്ങനെ പിറവികൊളളും? പിറവികൊളളുന്നതെല്ലാം മരണമെന്ന അനിവാര്യതയെ പുൽകണമെന്നിരിക്കേ അനശ്വരസ്നേഹമായ ക്രിസ്തു പിറവി കൊണ്ടു എന്നു പറയുവതെങ്ങനെ?

അജ്ഞതയുടെ വൈക്കോൽക്കൂനയിൽ അറിവിന്റെ ബാലസ്വരൂപമായി അവൻ ഉദയം ചെയ്തു. സൃഷ്ടി എന്നതിൽ പിതാവിന് അനിഷേദ്ധ്യമായ ഒരു സ്ഥാനമുണ്ടായിരിക്കേ, ദിവ്യഗർഭത്തിൽ ഉത്ഭൂതനായ ക്രിസ്തു തന്റെ ജന്മം എന്ന സങ്കൽപ്പത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത്. പകരം ‘സംഭവാമി യുഗേ യുഗേ’ എന്ന ഗീതാവചനത്തെ അന്വർത്ഥമാക്കും വിധം ആ അഭൗമതേജസ്സ് ഭൂമിയിൽ മനുഷ്യരൂപമാർജ്ജിക്കുക മാത്രമാണ് ചെയ്തത്. ഇനിവരും കാലത്തിന്റെ ഭീകരതയെ സഹനമെന്ന ആയുധം കൊണ്ട് നേരിടാൻ, സ്വയം സഹനസ്വരൂപനായി അവൻ ലോകത്തിന് മാതൃക കാട്ടി.

എന്തൊരു സഹനമാണത്! എന്തൊരു ദയയാണത്! അതിന്റെ ഉണ്മയെ, നിഷ്കളങ്കതയെ, ആ നന്മയെ എങ്ങനെ വരച്ചു കാട്ടും? വാക്കുകൾ പിൻവാങ്ങുന്ന വിവരണം ആ മഹത്വത്തിനു മുൻപിൽ തല കുനിക്കട്ടെ.

യേശു ഉദയം ചെയ്യേണ്ടത് കേവലം പ്രതീകം മാത്രമായ പുൽക്കൂടുകളിലല്ല. ആ ദിവ്യസ്നേഹസാമീപ്യം കുഞ്ഞിക്കൈകാലുകളിളക്കി പുഞ്ചിരി തൂവേണ്ടത് മനസ്സുകളിലാണ്. പരസ്പരവൈരത്തിന്റേയും, കാമാന്ധതയുടേയും, സ്വജനദ്വേഷത്തിന്റേയും പുൽക്കൂനകൾ നിറഞ്ഞ മനസ്സെന്ന കാലിത്തൊഴുത്തിൽ അവൻ പിറവി കൊളളട്ടെ… വഞ്ചനയും, അസത്യവും, ചതിയും നടമാടുന്ന മനസ്സിന്റെ കോട്ടവാതിലുകൾ തകർത്തെറിഞ്ഞ് അനുഭവം, സഹനം, പ്രത്യാശ എന്നീ മൂന്നു നാളുകൾക്കപ്പുറം അവൻ തന്റെ വിജയമുദ്രയുമുയർത്തിക്കാട്ടി പൂർണ്ണപ്രഭയോടെ ഉയിർത്തെഴുന്നേൽക്കട്ടെ…

എല്ലാ മനസ്സുകളിലും നക്ഷത്രങ്ങൾ വർണ്ണപ്രഭ തൂകട്ടെ…

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close