NewsIcons

സത്യത്തെ ഉപാസിച്ച പണ്ഡിതൻ

സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ 155 -ആം ജന്മവാർഷിക ദിനമാണിന്ന്. സ്വാതന്ത്ര്യ പൂർവ ഭാരതത്തിലെ അറിയപ്പെടുന്ന നിയമജ്ഞനും, സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനും, പത്രപ്രവർത്തകനും, അദ്ധ്യാപകനുമൊക്കെയായിരുന്ന സത്യത്തെ ഉപാസിച്ച ആ പണ്ഡിതാഗ്രേസരനുള്ള ഗുരുദക്ഷിണയായാണ് കേന്ദ്ര സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത രത്ന നൽകിയത്.

1861 ൽ പ്രയാഗയിൽ ജനനം. സംസ്കൃത പണ്ഡിതനായ അച്ഛന്റെ പാത പിന്തുടരാനായിരുന്നു ആഗ്രഹമെങ്കിലും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകൾ അദ്ദേഹത്തെ അദ്ധ്യാപക ജോലി ചെയ്യാൻ നിർബന്ധിതനാക്കുകയായിരുന്നു . 1891 ൽ നിയമ ബിരുദം നേടിയ അദ്ദേഹം പിന്നീട് അറിയപ്പെടുന്ന അഭിഭാഷകനായി പേരെടുത്തു. അന്ന് ആയിരങ്ങൾ വരുമാനമുള്ള അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സ്വാതന്ത്ര്യ സമരരംഗത്തേക്ക് കടന്നു വരുന്നത്. 1886 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിച്ച മാളവ്യ നാലു പ്രാവശ്യം അതിന്റെ പ്രസിഡന്റായി. മിതവാദികളുടെയും തീവ്രവാദികളുടെയും ഇടയിലെ മധ്യവാദിയായാണ് മാളവ്യ അറിയപ്പെട്ടിരുന്നത്

ഏഷ്യയിലെത്തന്നെ അറിയപ്പെടുന്ന സർവകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും മാളവ്യയായിരുന്നു. പ്രായോഗികമതിയും സ്ഥിരോത്സാഹിയുമായിരുന്ന അദ്ദേഹം പൊതുജനങ്ങളിൽ നിന്നും പണം സ്വരൂപിച്ചാണ് സർവകലാശാല യാഥാർത്ഥ്യമാക്കിയത്. ധന സമ്പാദനത്തിനായുള്ള ഈ ഭഗീരഥ യത്നമാണ് മണി മേക്കിംഗ് മെഷീൻ എന്ന പ്രസിദ്ധമായ പേര് മാളവ്യക്ക് സമ്മാനിച്ചത്.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ആദ്യ കാലങ്ങളിൽ സാാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചപ്പോൾ ഒറ്റദിവസം മതി താൻ സഹായിക്കാം എന്ന് മാളവ്യ പറഞ്ഞതും സംഘത്തിന്റെ സ്ഥാപകനായ ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ ആദരപൂർവം അത് നിരസിച്ചതും ആർ.എസ്.എസിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ സ്കൗട്ടിന്റെ പ്രാഗ് രൂപം ആവിഷ്കരിച്ചതും അദ്ദേഹമാണ്. അഖില ഭാരതീയ സേവാ സമിതി എന്ന പേരിൽ ആരംഭിച്ച സേവാ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഭാരതീയ സ്കൗട്ട് ആരംഭിച്ചത്. വന്ദേമാതരമായിരുന്നു പ്രധാന മുദ്രാവാക്യം. പ്ലേഗ് പടർന്ന് പിടിച്ച സമയത്ത് ആശ്വാസം പകരുന്ന പ്രവർത്തനമായിരുന്നു ഈ സംഘടനകൾ നടത്തിയത്.

മഹാത്മാ ഗാന്ധി അയിത്തോച്ചാടന പ്രസ്ഥാനം ആരംഭിക്കുന്നതിന് വളരെ മുൻപ് തന്നെ തൊട്ടുകൂടായ്മക്കെതിരെ പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം. എല്ലാവർക്കും ക്ഷേത്ര പ്രവേശനം എന്ന ലക്ഷ്യത്തിനു വേണ്ടി അദ്ദേഹം നിരവധി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. മുണ്ഡകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വാക്യം പ്രചരിപ്പിച്ചതിനു പിന്നിൽ മാളവ്യയായിരുന്നു. ഭാരതത്തിന്റെ ആപ്തവാക്യമായി സത്യമേവ ജയതേ പിന്നീട് മാറുകയും ചെയ്തു. സ്ഫടിക സമാനമായ പുണ്യ നദി എന്നായിരുന്നു ഗാന്ധിജി അദ്ദേഹത്തിനു നൽകിയ വിശേഷണം. ശിശുതുല്യനായ തത്വ ചിന്തകൻ എന്നും അദ്ദേഹം വിശേഷിക്കപ്പെട്ടു.

കാശിയുടെ പവിത്രതയ്ക്ക് പിന്നിൽ നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അവയിൽ ഒട്ടും അപ്രധാനമല്ലാത്ത രണ്ട് നാമങ്ങളാണ് മദൻ മോഹൻ മാളവ്യയും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും

342 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close