NewsMovie

2016 ലെ മലയാള സിനിമയുടെ നഷ്ടങ്ങൾ

നഷ്ടങ്ങളുടെയും വേർപാടുകളുടെയും കാലം കൂടിയായിരുന്നു 2016.

ജനുവരിയിലെ ആദ്യ നഷ്ടം നടൻ സുധീഷിന്‍റെ പിതാവും ചലച്ചിത്ര പ്രവർത്തകനുമായ സുധാകരൻ. മലയാളത്തെ കണ്ണീരണിയിച്ച് പിന്നീട് വിട്ടൊഴിഞ്ഞത് കൽപ്പന. നിർമ്മാതാവ് മഞ്ഞിലാസ് ജോസഫ്, തിരക്കഥാകൃത്തും സംവിധായകനുമായ വി ആർ ഗോപാലകൃഷ്ണൻ എന്നിവരും ജനുവരിയിൽ കൂടൊഴിഞ്ഞവർ. മാദ്ധ്യമ പ്രവർത്തകൻ ടി എൻ ഗോപകുമാർ ഓർമ്മയായത് ജനുവരി മുപ്പതിന്. പിറകെ കൊല്ലം ജി കെ പിള്ളയും.

നഷ്ടങ്ങളുടെ നിര തീർത്തു, ഫെബ്രുവരി. തിരക്കഥാകൃത്ത് മണി ഷൊർണ്ണൂർ ആദ്യം.
മലയാളത്തിന്‍റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ജോൺസൺ മാഷിന്‍റെ മകളും ഗായികയുമായ
ഷാൻ ജോൺസൺ രണ്ടാമത്.

പിന്നെ, 24 മണിക്കൂറിനിടയിൽ നമ്മെയെല്ലാം ഞെട്ടിച്ച് മൂന്ന് വേർപാടുകൾ. കവിയും ഗാനരചയിതാവുമായ ഒഎൻവി, ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ, സംഗീത സംവിധായകൻ രാജാമണി.

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകൃത്ത് അക്ബർ കക്കട്ടിൽ ജീവിതം എഴുതി തീർത്ത് യാത്രയായതും ഫെബ്‍രുവരിയിൽ. വേട്ട എന്ന ചിത്രം പുറത്തിറങ്ങിയതിന് പിറകെ മരണത്തിന്‍റെ വേട്ടക്ക് കീഴടങ്ങി സംവിധായകൻ രാജേഷ് പിള്ള.

 

മാർച്ചിലെ ആദ്യ നഷ്ടം സംവിധായകൻ മോഹൻരൂപ്, പിന്നെ , കഥാപ്രസംഗത്തിന്‍റെ കുലപതി വി ഡി രാജപ്പൻ, ജനകൻ എന്ന ചിത്രത്തിന്‍റെ സംവിധായകൻ സജി പരവൂർ.

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന യുവതാരം ജിഷ്ണു രാഘവന്‍റെ വേർപാട് വേദനയായി.

വിവാദങ്ങൾ ബാക്കി വെച്ച് കലാഭവൻ മണി പാടിയൊഴിഞ്ഞത് മാർച്ച് 6ന്. മറ്റൊരു നടനും മരിച്ചപ്പോൾ മലയാളം ഇത്ര പൊട്ടിക്കരഞ്ഞിട്ടില്ല എന്ന മട്ടിൽ പാടിയും കരഞ്ഞും ആ വേർപാടിൽ കേരളം വീർപ്പുമുട്ടി. തീരാത്ത ദുരൂഹതകളുടെ നിത്യ സ്മാരകമായി ഇപ്പോഴും കാണാം ചാലക്കുടി പുഴയരികിൽ ആ പാഡി.

ഗായകൻ മനോജ് കൃഷ്ണൻ, സിനിമ, സീരിയൽ താരം കൊച്ചനിയൻ എന്നിവരാണ് മെയിൽ വിട്ടുപിരിഞ്ഞവർ.

പാട്ടൊഴിഞ്ഞ പാടം പോലെ മലയാളം ശൂന്യമായത് ജൂണിൽ കാവാലത്തിന്‍റെ വേർപിരിയലിൽ. തേക്കുപാട്ടിന്‍റെ തേങ്ങലോടെ കേരളം വിട ചൊല്ലി കാവാലം എന്ന മഹാപ്രതിഭക്ക്.

ജൂലൈ നഷ്ടപ്പെടുത്തിയത് മലയാളത്തിന് കൂടി പ്രിയപ്പെട്ടവളായ ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവിയെ.

തിരക്കഥാകൃത്ത് ടി എ റസാഖ്, സംവിധായകരായ രാജൻ ശങ്കരാടി, ശശി ശങ്കർ
മിമിക്രി കലാകാരനും നടനുമായ സാഗർ ഷിയാസ് എന്നിവർ ആഗസ്റ്റിലെ വേർപാടുകൾ.

ഇനിയും നിലയ്ക്കാത്ത രാഗവിസ്താരമായി മനസ്സിലുണ്ട് നവംബറിന്‍റെ നഷ്ടമായി ബാലമുരളീകൃഷ്ണ. നടി രേഖാ മോഹന്‍റെ വേർപാടും നവംബറിൽ തന്നെ.
ഡിസംബറിൽ ജഗന്നാഥവർമ്മയും.

കാത്തിരിപ്പുണ്ട് പുതിയ വർഷം. നഷ്ടങ്ങൾ കുറയട്ടെ, നേട്ടങ്ങൾ ഏറെയുണ്ടാകട്ടെ എന്നാശിക്കാം. നല്ല വർഷം നേരുന്നു, മലയാളമേ, തൊങ്ങൽ ചാർത്തട്ടെ, നന്മകൾ നിൻ വഴി നീളെ.

50 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close