Special

ഹിന്ദു ഐക്യത്തിനു വേണ്ടി നിലകൊണ്ട മന്നം

തിരുവനന്തപുരത്ത് മഹാത്മാ ഗാന്ധി കോളെജിന്റെ തറക്കല്ലിടാൻ എത്തിയത് ഗവർണർ ജനറൽ സി രാജഗോപാലാചാരി ആയിരുന്നു നിർമ്മിക്കാൻ പോകുന്ന കെട്ടിട സമുച്ചയത്തെപ്പറ്റി രാജഗോപാലാചാരിയോട് വിശദീകരിച്ചത് സാക്ഷാൽ മന്നത്ത് പദ്മനാഭനാഭനും

കോളെജിന്റെ വിപുലമായ മാസ്റ്റർ പ്ളാൻ കണ്ട് അത്ഭുതപ്പെട്ട സി രാജഗോപാലാചാരി ഇത്രയും വലിയ കോളേജിന് പണമെവിടെയെന്ന് മന്നത്തിനോട് ചോദിച്ചു . കാര്യം നിസാരം എന്ന മട്ടിൽ മന്നത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു .

“ പണം ആളുകളുടെ പോക്കറ്റിലുണ്ട് ; പോയി എടുത്തുകൊണ്ട് വന്നാൽ മതി “

മന്നത്തിനെ ശരിക്കറിയുന്നവർക്ക് ഇതൊരു അത്ഭുതമല്ല . ശൂന്യതയിൽ നിന്നാണ് അദ്ദേഹം നായർ സർവീസ് സൊസൈറ്റിയും അനുബന്ധ സ്ഥാപനങ്ങളും പടുത്തുയർത്തിയത് . അതിന്റെയെല്ലാം പിന്നിൽ നിന്നത് അചഞ്ചലമായ ഈ ആത്മവിശ്വാസമായിരുന്നു .

ഉത്പന്ന പിരിവും പിടിയരി പിരിവും കൊണ്ടാണ് ഒരു കാലത്ത് എൻ എസ് എസിന്റെ സ്ഥാപനങ്ങൾ നിർമ്മിച്ചത് . അക്കാലത്ത് രണ്ട് തെങ്ങിൽ നിന്ന് ഒരു തേങ്ങയെന്ന കണക്കിൽ ശേഖരിച്ച് സ്കൂളുകൾ നിർമ്മിച്ചതിനെപ്പറ്റി എൻ എസ് എസ് ജനറൽ സെക്രട്ടറിയായിരുന്ന എം പി മന്മഥൻ സ്മൃതിദർപ്പണത്തിൽ പറയുന്നുണ്ട് .

ഉത്പന്ന പിരിവിനു വേണ്ടി പന്തളം കെ പി രാമൻ പിള്ളയെഴുതിയ അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി എന്ന പ്രാർത്ഥനാ ഗാനം പിൽക്കാത്ത് പ്രസിദ്ധമാവുകയും ചെയ്തു.

ഹിന്ദു മഹാമണ്ഡല രൂപീകരണത്തിനായി കൂടിയ യോഗത്തിൽ വച്ച് ജാതിവാൽ എടുത്തു കളയാൻ പലരും തയ്യാറായി വന്നിരുന്നു . സമ്മേളനത്തിലെ പ്രമുഖനായ മന്നത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ചിലരെങ്കിലും ആശങ്കപ്പെട്ടു. ഒടുവിൽ പ്രസംഗിക്കാനെണീറ്റ മന്നത്ത് പദ്മനാഭൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു . താനിനി മുതൽ മന്നത്ത് പദ്മനാഭൻ നായരല്ല . വെറും മന്നത്ത് പദ്മനാഭൻ മാത്രമായിരിക്കുമെന്ന്.

പിന്നീട് കോൺഗ്രസിന്റെ രാഷ്ട്രീയ കുത്തിത്തിരിപ്പുകൾ മൂലം ഹിന്ദു മഹാമണ്ഡലം തകർന്നെങ്കിലും ജാതിവിവേചനം അവസാനിപ്പിച്ച് ഹിന്ദു സമൂഹം ഒരുമിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു മന്നം. എല്ലാവർക്കും ക്ഷേത്ര പ്രവേശനമെന്ന ലക്ഷ്യത്തെ അനുകൂലിച്ച് കൊണ്ട് അദ്ദേഹം നടത്തിയ സവർണ യാത്ര പ്രസിദ്ധമാണല്ലോ.

സിപി രാമസ്വാമി അയ്യർക്കെതിരെ തിരിഞ്ഞതിന് ഒരിക്കൽ മന്നം ജയിലിൽ അടക്കപ്പെട്ടു . എൻ എസ് എസിനെതിരെ ശക്തമായ നടപടികളാണ് സിപി തുടർന്ന് നടത്തിയത് . സ്വതന്ത്ര തിരുവിതാംകൂർ വാദത്തെ തുടർന്ന് സിപിക്ക് നേരേ ആക്രമണമുണ്ടായതിനു ശേഷം മാത്രമാണ് മന്നത്തിന് ജയിലിൽ നിന്നിറങ്ങാനായത്.

അനുപമമായ പ്രാസംഗിക ശൈലിയായിരുന്നു അദ്ദേഹത്തിന്റേത് . താൻ കേട്ട പ്രസംഗങ്ങളിൽ നിന്നെല്ലാം ഉയർന്ന് നിൽക്കുന്നത് മന്നത്തിന്റെ പ്രസംഗമാണെന്ന് ഐഎൻഎ സമരഭടനും പ്രശസ്ത നാടകകൃത്തുമായ എൻ എൻ പിള്ള ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട് .

പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് അനുവദിക്കുന്ന കാര്യത്തിൽ ഈ എം എസ് മന്ത്രി സഭ അനുവർത്തിച്ച നയമാണ് പിന്നീട് വിമോചന സമരത്തിനൊപ്പം ചേർന്ന് നിൽക്കാൻ മന്നത്തെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നുണ്ട് . എൻ എസ് എസ് ജാതി സംഘടനയാണെന്ന് പറഞ്ഞാണ് എന്ന് കമ്യൂണിസ്റ്റ് സർക്കാർ കോളേജ് അനുവദിക്കാഞ്ഞതത്രെ .

ഒടുവിൽ വിമോചന സമരത്തിനു ശേഷം പട്ടം താണുപിള്ള മന്ത്രിസഭയാണ് പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാൻ അനുമതി നൽകിയത് .

1924 അയിത്ത ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി വൈക്കത്താരംഭിച്ച സത്യാഗ്രഹത്തിൽ സജീവ പങ്കാളിയായി. അയിത്തോച്ചാടന പ്രസ്ഥാനങ്ങൾക്ക് സവർണ്ണരുടെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മന്നത്ത് പത്മനാഭൻ നടത്തിയ സവർണ്ണ ജാഥ കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിൽ തങ്കലിപികൾ കൊണ്ട് എഴുതിയ ഏടാണ്.

അവർണ്ണരുടെ ക്ഷേത്രപ്രവേശനം ലക്ഷ്യമാക്കി ഗുരുവായൂരിൽ നടന്ന സത്യാഗ്രഹത്തിലും മന്നത്തിന് നിർണായക പങ്കുണ്ടായിരുന്നു. രാഷ്ട്രിയ സ്വയംസേവക സംഘവുമായും മന്നത്ത് പത്മനാഭൻ മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. സംഘത്തിന്‍റെ സർസംഘ ചാലകായിരുന്ന ഗുരുജി ഗോൾവർക്കറുമായി മന്നം അടുപ്പം പുലർത്തുകയും ഇരുവരും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക സമതിയുടെ ആദ്യ അദ്ധ്യക്ഷൻ കൂടിയായിരുന്നു മന്നത്ത് പത്മനാഭന്‍.

തന്റെ പ്രവർത്തന ഹിന്ധു ഐക്യത്തിന് വിഘാതമല്ല അതിനുള്ള ആദ്യപടിയാണ് എന്നായിരുന്നു മന്നത്തിന്റെ പ്രതികരണം . രാഷ്ട്രീയ സ്വയംസേവക സംഘവുമായുള്ള ബന്ധം അദ്ദേഹം മരണം വരെ തുടരുകയും ചെയ്തു .

ഇന്ന് ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ നൂറ്റിമുപ്പത്തൊൻപതാം ജന്മവാർഷികമാണ് . അദ്ദേഹത്തിന്റെ ദീപ്തസ്മരണകൾക്ക് മുൻപിൽ ജനം ടിവിയുടെ പ്രണാമം.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close